NRI
മൂവാറ്റുപുഴ: ഓസ്ട്രിയയിലെ ലിൻസിൽ വാഹനാപകടത്തില്‍ മരിച്ച വൈദികവിദ്യാര്‍ഥി ബ്രദർ മാത്യൂസ് പൊതൂരിന്റെ (33) സംസ്കാരം ഇന്ന്. ഉച്ചകഴിഞ്ഞ് 3.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൂവാറ്റുപുഴ പെരിങ്ങഴ സെന്റ് ജോസഫ് തീർഥാടന ദേവാലയ സെമിത്തേരിയിൽ സംസ്കാരം നടക്കും.
മൂവാറ്റുപുഴ പെരുമ്പല്ലൂർ പൊതൂർ ഷാജൻ മാത്യു - റെജി ദമ്പതികളുടെ ഏക മകനാണ് മാത്യൂസ്. അമ്മ റെജി കാലടി ചേരാനല്ലൂര്‍ ചിറ്റൂപ്പറമ്പില്‍ കുടുംബാംഗമാണ്.
ജര്‍മനിയില്‍ വൈദികപഠനത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു. വൈദിക പരിശീലനത്തിന്റെ ഭാഗമായി ലിന്‍സിലെ പള്ളിയിൽ പിആര്‍ഒ ആയി ശുശ്രൂഷ ചെയ്തുവരുകയായിരുന്നു.
ഈ മാസം ഏഴിന് ലിൻസിൽ രാത്രിയിലുണ്ടായ കാറപകടത്തിലാണ് മാത്യൂസ് മരണപ്പെട്ടത്. അപകടത്തെക്കുറിച്ച് പിറ്റേന്ന് വഴിപോക്കരായ യാത്രക്കാരാണ് പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ തകർന്ന കാറിനുള്ളിൽ കണ്ടെത്തിയ മൃതദേഹം വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
അപകടത്തിന്റെ കാരണം വ്യക്തമല്ല, ഇതിനെക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ലിൻസിനടുത്തുള്ള അഷാഹ് ആൻ ഡെർ ഡൊണാവു, ലാൻഡ്ഷാഗ് എന്നീ പ്രദേശങ്ങളിലെ അടിയന്തര രക്ഷാസേനകളാണ് അഷാഹ് പവർ പ്ലാന്റിന് തൊട്ടുമുമ്പ് ഡാന്യൂബ് നദിയുടെ തെക്കേ തീരത്തുണ്ടായ ഗുരുതരമായ വാഹനാപകടത്തിൽ ഇടപെട്ടത്.
തുടർന്ന് ഓസ്ട്രിയൻ പോലീസിന്റെയും വിയന്നയിലെ ഇന്ത്യൻ എംബസിയുടെയും നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ എത്തിച്ചു. അവിടെനിന്ന് എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി കൊച്ചിയിലെത്തിച്ച മൃതദേഹം കഴിഞ്ഞദിവസം ബന്ധുക്കൾ ഏറ്റുവാങ്ങി.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങളിൽ ജർമനിയിൽ നിന്നുള്ള ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിലും ഇടപെട്ടിരുന്നു.
Kerala
മലപ്പുറം: ഫുട്ബോൾ താരം അരീക്കോട് മൈത്ര കൊറള്ളിയാടൻ മൂസാൻ കുട്ടിയുടെ മകൻ അസീം കൊറളിയാടൻ (44) കോയന്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു.
കോയന്പത്തൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഇൻസ്പെക്ടറാണ്. ബുധനാഴ്ച രാത്രി പത്തോടെ ജോലി സ്ഥലത്തേക്ക് പോകവേ അസീം സഞ്ചരിച്ച ബൈക്കിന് പിന്നിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്.
എംഇഎസ് മന്പാട് കോളജിലൂടെ കാലിക്കട്ട് സർവകലാശാല ടീമിലേക്കും തുടർന്ന് മലപ്പുറം ജില്ലാ ടീമിലേക്കുമുള്ള അസീമിന്റെ ഉയർച്ച സ്വഭാവികമായിരുന്നു. അണ്ടർ-21 കേരള ടീം അംഗമായിരുന്ന അസീം സന്തോഷ് ട്രോഫിയിൽ തമിഴ്നാടിനായും മഹാരാഷ്ട്രയ്ക്കായും ബൂട്ടണിഞ്ഞിട്ടുണ്ട്.
ഐ ലീഗ് ഉൾപ്പെടെയുള്ള ദേശീയ ടൂർണമെന്റുകളിൽ ഈസ്റ്റ് ബംഗാൾ, വാസ്കോ ഗോവ, സാൽഗോക്കർ, മുംബൈ എഫ്സി, മഹീന്ദ്ര യുനൈറ്റഡ് എന്നീ പ്രമുഖ ക്ലബുകൾക്കായും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
ഇരട്ടസഹോദരൻ അനീസിനൊപ്പമുള്ള അസീമിന്റെ ഇലവൻസ്-സെവൻസ് മൈതാനങ്ങളിലെ പ്രകടനങ്ങൾ ഒരു തലമുറയുടെ ഫുട്ബോൾ ഓർമകളുടെ ഭാഗമാണ്. കുടുംബ സമേതം കോയന്പത്തൂരിലായിരുന്നു താമസം.
ഭാര്യ:മുംതാസ്. മക്കൾ: സിയ, ഇൽസ. സഹോദരങ്ങൾ: ഷമീർ, ഷബീർ, അനീസ്, ഷമീന. മാതാവ്: കാഞ്ഞിരാല സൈനബ.
Kerala
കൂത്താട്ടുകുളം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാനായി ആശുപത്രിയിലേക്ക് നടന്നുപോകവെ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു.
കോൺഗ്രസ് മരങ്ങാട്ടുപിള്ളി ബ്ലോക്ക് മുൻ സെക്രട്ടറിയും മുൻ മണ്ഡലം പ്രസിഡന്റുമായ മുളയോലിക്കൽ സണ്ണി ജോൺ (64) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.
ഭാര്യയുടെയും ബന്ധുക്കളുടെയും കൺമുന്നിലാണ് സണ്ണി അപകടത്തിൽപ്പെട്ടത്. വിവാഹത്തിനായി വിദേശത്തുനിന്ന് എത്തുന്ന മൂത്ത മകളെ കൊണ്ടുവരുന്നതിനായി നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പോകുന്നവഴിയാണ് ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാനായി ആശുപത്രിയിലേക്കു പോയത്.
ദേവമാതാകുന്നിൻ മുകളിൽനിന്ന് എത്തിയ കാർ സണ്ണിയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആശുപത്രി കോമ്പൗണ്ടിലേക്ക് തെറിച്ചുവീണ സണ്ണിക്ക് ഉടൻ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിയന്ത്രണംവിട്ട കാർ നിറുത്തിയിട്ടിരുന്ന മറ്റൊരു കാറിന്റെ പിന്നിൽ ഇടിച്ചാണു നിന്നത്. കാർ ഓടിച്ചിരുന്ന പൈക വിളക്കുമാടം പുത്തൻപുരയിൽ പ്രിൻസിനും അപകടത്തിൽപ്പെട്ട മറ്റു കാറിലുണ്ടായിരുന്ന തിടനാട് അരിമറ്റത്തിൽ ജോർജുകുട്ടി സെബാസ്റ്റ്യനും നിസാര പരിക്കേറ്റു.
സണ്ണി ജോണിന്റെ ഭാര്യ: ബിൽസി കാക്കൂർ നക്കര കുടുംബാംഗം. മക്കൾ: ആന്റിയ (നഴ്സ് റിയാദ്). അൽജോ സണ്ണി, അനിത സണ്ണി (നഴ്സിംഗ് വിദ്യാർഥി, മംഗളൂരു). മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് വസതിയിലെത്തിക്കും. സംസ്കാരം നാളെ 10.30ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന പള്ളിയിൽ.
Kerala
പാറശാല: ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മാധ്യമപ്രവര്ത്തകന് വാഹനാപകടത്തില്‍ മരിച്ചു.
ജനം ടിവിയുടെ തിരുവനന്തപുരം ബ്യൂറോ കാമറമാന്‍ അയിര വടുവൂര്‍ക്കോണം നന്ദനത്തില്‍ ശ്രീകുമാരന്‍ നായരുടെയും ശ്രീ കലയുടെയും മകൻ അഭിജിത്ത് ശ്രീകുമാര്‍ (24) ആണ് മരിച്ചത്. മൂന്നുമാസം മുമ്പായിരുന്നു അഭിജിത്ത് ശ്രീകുമാറിന്റെ വിവാഹം. ഭാര്യ: ശ്രീലക്ഷ്മി.
ഞായറാഴ്ച രാത്രി കളിയിക്കവിള കാരോട് ബൈപാസില്‍ വിഴിഞ്ഞത്തിനടുത്ത് മുക്കോലയിലായിരുന്നു അപകടം. അഭിജിത്ത് സഞ്ചരിച്ച ബൈക്ക് ടോറസ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
National
രാജ്ഗഡ്(മധ്യപ്രദേശ്): അമിതവേഗത്തിലെത്തിയ കാര്‍ ഡാമിലേക്കു വീണ് അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം.
രാജ്ഗഢിലെ ഭില്കേഡി ജംഗ്ഷനിലാണു സംഭവം.മരിച്ചവരെല്ലാം തൊട്ടടുത്ത ജില്ലയായ ഷാജാപുരില്നിന്നുള്ളവരാണ്.
പോലീസ് നടത്തിയ തെരച്ചില്‍ കാര്‍ കണ്ടെടുത്തു. അഞ്ചുപേരും കാറിനുള്ളില്‍ മരിച്ച നിലയിലായിരുന്നു.
National
മുംബൈ: മുംബൈയിലെ മലാദില്‍ കാർ ഓട്ടോയിലിടിച്ച് യുവാവ് മരിച്ചു. കാർ ഡ്രൈവർ അബ്ദുൾ മതീൻ (24) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്. ജെ.ജെ. റോഡിൽ ഇൻസ് ഹമാലയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്.
അപകടത്തെ തുടർന്ന് കാറിന് തീപിടിച്ചു. അബ്ദുൾ മതീനെ അതിനുമുമ്പ് തന്നെ വാഹനത്തിൽ നിന്ന് പുറത്തെടുത്തിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസെത്തി സംഭവസ്ഥലത്ത് പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ കാർ കലുങ്കിലിടിച്ച് മൂന്ന് പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഹുസൈൻ, ജാർഖണ്ഡ് സ്വദേശികളായ അനിൽ ഹേംബ്രാം, സദാനന്ദ് മുർമു എന്നിവരാണ് മരിച്ചത്. ജാർഖണ്ഡ് സ്വദേശി സൗരഭ് കുമാർ, ബിഹാർ സ്വദേശി എം.ഡി. സിതാരെ എന്നിവർക്കാണ് പരിക്കേറ്റത്.
അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
പോലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അമിതവേഗതയാണോ അതോ വാഹനത്തിന്റെ സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമായതെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
International
ലോസ് ആഞ്ചലസ്: യുഎസിൽ മൂന്നു പേർ മരിച്ച വാഹനാപകടത്തിന് ഇടയാക്കിയ ഇന്ത്യക്കാരൻ ജഷൻപ്രീത് സിംഗിന് (22) കോടതി നാലു വർഷവും എട്ടു മാസവും തടവുശിക്ഷ വിധിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഒന്റാറിയോയിൽ ഉണ്ടായ അപകടത്തിൽ എട്ടു വാഹനങ്ങൾ ഉൾപ്പെട്ടിരുന്നു. ജഷൻപ്രീതിന്റെ ട്രക്ക് വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
2022ൽ ഇന്ത്യയിൽനിന്ന് യുഎസിലെത്തിയ ജഷൻപ്രീത് അനധികൃത കുടിയേറ്റക്കാരനായിരുന്നു.
National
ലക്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ഒമ്പതുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു.
കാൺപൂരിന് സമീപം റുമയിൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചിനായായിരുന്നു അപകടം. ഹരിയാനയിലെ സിർസയിൽനിന്ന് ബിഹാറിലേക്ക് പോവുകയായിരുന്നു കുടുംബം.
മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.
പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
International
വാഷിംഗ്ടൺ: അമേരിക്കയിൽ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് സ്വദേശിനി പ്രസന്ന അറ്റ്ലൂരി (25) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കാറിൽ സഞ്ചരിക്കവെയാണ് അപകടം ഉണ്ടായത്.
ജൂലൈ അഞ്ചിനായിരുന്നു അപകടം നടന്നത്. സിഗ്നലിൽ കാർ നിർത്തിയിട്ടിരുന്നപ്പോൾ അമിതവേഗത്തിലെത്തിയ മറ്റൊരു വാഹനം പിന്നിൽ ഇടിക്കുകയായിരുന്നു. പ്രസന്നയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സംഭവ ദിവസം തന്നെ മരിണപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെയാണ് പ്രസന്നയും മരണത്തിന് കീഴടങ്ങിയത്. ഇവരൊടൊപ്പം സഞ്ചരിച്ചിരുന്ന മറ്റൊരു സുഹൃത്ത് ഗുരുതര പരിക്കുകളോടെ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രസന്ന അമേരിക്കയിൽ പേസ് യൂണിവേഴ്സിറ്റിയിലെ ലുബിൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് അടുത്തിടെ ബിരുദം നേടിയിരുന്നു. ആന്ധ്രാപ്രദേശിൽ എൻടിആർ ജില്ലയിൽ അറ്റ്ലൂരി വസന്ത റാവുവിന്റെ മകളാണ് പ്രസന്ന. മൃതദേഹം നാട്ടിലേത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ യുഎസ് പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കോഴിക്കോട്: കൊയിലാണ്ടി താമരശേരി സംസ്ഥാനപാതയിൽ വട്ടോളി ബസാറിൽ കാറും ഗുഡ്സ് വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.
താമരശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും ബാലുശേലി ഭാഗത്തുനിന്ന് വരികയായിരുന്ന വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. ലോകകപ്പ് മത്സരം കാണുകയായിരുന്ന യുവാക്കാളാണ് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
Kerala
പാലക്കാട്: നിയന്ത്രണം നഷ്ടപ്പെട്ട കാർ മരത്തിലിടിച്ചശേഷം വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. രോഹൻ രഞ്ജിത് (24), രോഹൻ സന്തോഷ് (22), സനൂഷ് ശാന്തകുമാർ (19) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ ആദിത്യൻ(23), ഋഷി (24), ജിതിൻ (21) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് കാടാംകോട് കനാൽ പാലത്തിന് സമീപം ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്.
യുവാക്കൾ ചിറ്റൂരിൽ പോയി പാലക്കാടേക്ക് തിരികെ വരുന്പോഴായിരുന്നു അപകടം സംഭവിച്ചത്. അവധി ദിവസം സവാരിക്കായി പോയ സുഹൃത്തുക്കളാണ് കാർ യാത്രക്കാരെന്ന് പാലക്കാട് ടൗൺ സൗത്ത് പോലീസ് അറിയിച്ചു.
NRI
ഫിലാഡൽഫിയ: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചങ്ങനാശേരി സ്വദേശി ഫിലാഡൽഫിയയിൽ മരിച്ചു. പറാൽ ചിക്കു മന്ദിറിൽ എം.ആർ. രഞ്ജിത്തിന്റെ മകൻ ചിക്കു എം. രഞ്ജിത്ത്(39) ആണ് മരിച്ചത്. ഈ മാസം ഒന്നിനായിരുന്നു സംഭവം.
അപകടത്തിൽ ഇൻഫോസിസ് ഉദ്യോഗസ്ഥയായ ഭാര്യ രമ്യയ്ക്കും രണ്ടു മക്കൾക്കും പരിക്കേറ്റു. മൂവരും അപകടനില തരണം ചെയ്തിട്ടുണ്ട്. കുടുംബം സഞ്ചരിച്ച വാഹനത്തിലേക്ക് അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അമ്മ: ധനികമ്മ. സഹോദരൻ: ചിന്റു എം രഞ്ജിത്.
അതേസമയം, അപകടം നടത്തിയ കാറിന്റെ ഡ്രെെവറെ പോലീസ് അറസ്റ്റ് ചെയ്തു. 25 മെെൽ വേഗപരിതിയുള്ള റോഡിൽ 95 മെെൽ വേഗതയിലാണ് ഇയാൾ വാഹനമോടിച്ചത്. പ്രതി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.