Sports
മുംബൈ: ഐപിഎല്‍ മത്സരത്തിനിടെ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് രാജസ്ഥാന് റോയല്‍സ് ടീം മാനേജര്‍ റോമി ഭീന്ദറിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി ബിസിസിഐ. കളിക്കാരും മാച്ച് ഒഫീഷ്യല്‍സും ഇരിക്കുന്ന പ്രത്യേക മേഖലയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനാണ് നടപടി.
ഗോഹട്ടിയിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ നടന്ന മത്സരത്തിനിടെ ഡഗൗട്ടിലിരുന്ന് റോമി ഭീന്ദര്‍ ഫോണ്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ ടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ബിസിസിഐയുടെ ആന്റി കറപ്ഷന്‍ യൂണിറ്റ് ഇദ്ദേഹത്തില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.
ഐപിഎല്‍ ചട്ടങ്ങള്‍ അനുസരിച്ച്, ഡഗൗട്ട് ഉള്‍പ്പെടുന്ന കളിക്കാരും മാച്ച് ഒഫീഷ്യല്‍സും ഇരിക്കുന്ന പരിധിയില്‍ മൊബൈല്‍ ഫോണുകളോ മറ്റ് ആശയവിനിമയ ഉപകരണങ്ങളോ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. സംഭവത്തില്‍ ഭീന്ദര്‍ നല്കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടതിനെത്തുടര്‍ന്നാണ് അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തതെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ അറിയിച്ചു.
പിഴയ്ക്ക് പുറമെ, ഭാവിയില്‍ ഇത്തരം നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഇദ്ദേഹത്തിന് കര്‍ശന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അഴിമതി തടയുന്നതിന്റെ ഭാഗമായാണ് ഇത്തരം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്
ഈ നിയമലംഘനത്തിന് പിന്നില്‍ മോശമായ ഉദ്ദേശങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയില്ലെങ്കിലും, കളിയുടെ സുതാര്യത ഉറപ്പാക്കാന്‍ നിയമങ്ങള്‍ പാലിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്ന് ബിസിസിഐ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്ന് 70 ലക്ഷം രൂപയും അനധികൃത സ്വത്ത് സന്പാദിച്ചു എന്ന കേസിൽ മുൻ ഡെപ്യൂട്ടി ഡയറക്ടർക്ക് (അഡ്മിൻ) പി.ബി. സൗരഭനു മൂന്നു വർഷം കഠിനതടവും 71 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
സ്വത്ത് സന്പാദനത്തിൽ ഭർത്താവിനെ സഹായിച്ചു എന്ന കുറ്റം ആരോപിക്കപ്പെട്ടിരുന്ന ഭാര്യ സുരേഖയെ തെളിവുകളുടെ അഭാവത്തിൽ വെറുതേ വിട്ടു പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം കൂടാതെ 71 ലക്ഷം രൂപയ്ക്കു തുല്യമായ ഫിക്സഡ് ഡിപ്പോസിറ്റുകൾ ഉണ്ടെങ്കിൽ അതു കണ്ടു കെട്ടണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
പിഴയൊടുക്കാൻ വീഴ്ച വരുത്തിയാൽ കോടതിയിൽ സമർപ്പിച്ച സ്ഥിര നിക്ഷേപ രസീതുകൾ സർക്കാരിലേക്കു കണ്ടുകെട്ടുമെന്നു കോടതി അറിയിച്ചു. സി ബിഐ പ്രത്യേക കോടതി ജഡ്ജി കെ.എസ്. രാജീവിന്റേതാണ് ഉത്തരവ്.
വരവിൽ കവിഞ്ഞ സ്വത്ത് സന്പാദിച്ചതിന് സൗരഭനെതിരേ 2014 ലാണു സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. സിബിഐക്കു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സി. ഷാദാസ് ഹാജരായി.
Kerala
കൊച്ചി: പടക്ക വില്പനശാലയുടെ ലൈസന്‍സ് പുതുക്കുന്നതിനുള്ള എന്‍ഒസി നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ മുന്‍ എഡിഎമ്മിന് ഏഴു വര്‍ഷം കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയും.
എറണാകുളം, മുളന്തുരുത്തി സ്വദേശി ബി. രാമചന്ദ്രനെയാണ് കോട്ടയം വിജിലന്‍സ് കോടതി ജഡ്ജി കെ.വി. രജനീഷ് കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചത്.
തൃപ്പൂണിത്തുറ സ്വദേശിയായ പരാതിക്കാരന് നടത്തിവന്ന പടക്ക വില്പന ശാലയുടെ ലൈസന്‍സ് പുതുക്കുന്നതിനുള്ള എന്‍ഒസി അനുവദിച്ചു നല്‍കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലിയായി വാങ്ങുകയായിരുന്നു.
Kerala
കൊച്ചി: പാതയോരങ്ങളിലെ അനധികൃത ഫ്ളക്സും കൊടിതോരണങ്ങളും നീക്കി പിഴയീടാക്കാന്‍ ഭയക്കുന്ന തദ്ദേശ സെക്രട്ടറിമാര്‍ രാജിവച്ചു പോകുന്നതാണ് ഉചിതമെന്നു ഹൈക്കോടതി. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാര്‍ട്ടികളും നിയമലംഘനത്തിന് മുന്‍നിരയിലുണ്ട്.
ചോദിച്ചാല്‍ ബംഗാളികളുടെ തലയില്‍വച്ച് ഒഴിയും. എല്ലാ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒരു പോലെയാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ഇത്തരം പ്രവര്‍ത്തനത്തില്‍നിന്നു വിട്ടുനിന്നാല്‍ ജനം കൂടെ നില്‍ക്കുമെന്നുറപ്പാണെന്നും കോടതി വ്യക്തമാക്കി.
പാതയോരങ്ങളിലെ അനധികൃത ഫ്ളക്സും കൊടിതോരണങ്ങളും മാറ്റുന്നതിനും പിഴയടക്കം നടപടികളെടുക്കാനും തദ്ദേശ ജോയിന്റ് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ സ്പെഷല്‍ ഡ്രൈവിന് കോടതി നിര്‍ദേശം നല്കി. അനധികൃത ബോര്‍ഡുകളും മറ്റും നീക്കം ചെയ്തെന്ന് എല്ലാ തദ്ദേശസ്ഥാപന സെക്രട്ടറിമാരും ഉറപ്പുവരുത്തണം.
പ്രത്യേക പരിശോധന രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കി പ്രിന്‍സിപ്പല്‍ സെക്രട്ടറി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. നടപടിയെടുക്കാന്‍ വിമുഖതയുള്ള ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഓണ്‍ലൈനായി ഹാജരായി വിശദീകരണം നല്‍കേണ്ടിവരുമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി.
എറണാകുളത്തടക്കം അനധികൃത ബോര്‍ഡുകളും കൊടികളും വലിയ തോതില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടതായി അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. അനധികൃത ബോര്‍ഡുകള്‍ വയ്ക്കുന്നതു സ്വാധീന ശക്തികളാണെന്നും രാത്രിയിലാണ് ഇവ കൂടുതലും സ്ഥാപിക്കുന്നതെന്നും നഗരസഭകള്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഇത്തരം വിഷയങ്ങളില്‍ നിശബ്ദത പാലിക്കാനാകില്ലെന്നു കോടതി പറഞ്ഞു.
Sports
വഡോദര: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ ജെമീമ റോഡ്രിഗസിന് പിഴ ശിക്ഷ.
ചൊവ്വാഴ്ച ഗുജറാത്ത് ജയന്റ്സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിനാണ് ജെമീമയ്ക്ക് 12 ലക്ഷം രൂപ പിഴ ചുമത്തിയത്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് മൂന്ന് റണ്‍സിന് പരാജയപ്പെട്ടു.
ഫെബ്രുവരി ഒന്നിന് വഡോദരയിൽ യുപി വാരിയേഴ്സിന് എതിരേയാണ് ഡൽഹിയുടെ അടുത്ത മത്സരം.
Kerala
ചാത്തന്നൂർ: മദ്യപിച്ച് ഡ്യൂട്ടി ചെയ്തതിനു നടപടി നേരിട്ടവരെ തിരിച്ചെടുക്കാൻ കെഎസ്ആർടിസി. നടപടി നേരിട്ടിട്ടുള്ള എല്ലാ വിഭാഗം ബദലി ജീവനക്കാരിൽനിന്ന് 5,000 രൂപ വീതം പിഴ ഈടാക്കി തിരികെ ജോലിയിൽ പ്രവേശിപ്പിക്കും.
പിഴ അടയ്ക്കുന്ന മുറയ്ക്ക് ഇവർക്കു ജോലിയിൽ പ്രവേശിക്കാം. ഡ്രൈവർ ക്ഷാമം നേരിടുന്ന കെഎസ്ആർടി സിക്കു നിലവിലുള്ള ബദലി ഡ്രൈവർമാരെ ഒഴിവാക്കിയാൽ സർവീസുകളാകെ താളം തെറ്റും. സർവീസുകൾ കൃത്യമായി നടത്താനും വരുമാനവർധനയ്ക്കു ബദലി ജീവനക്കാർ അത്യാവശ്യ ഘടകമാണ്.
വിജിലൻസ് വിഭാഗം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് പിഴ അടയ്ക്കുന്നവരെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ ഉത്തരവിറക്കിയത്. കെഎസ്ആർടിസിയിൽനിന്ന് ഇതുവരെ 650ഓളം ഡ്രൈവർമാരെയാണു പുറത്താക്കിയിട്ടുള്ളത്.
District News
വെള്ളറട: വെള്ളറട പോലീസ് പരിധിയില്‍ രാത്രിയില്‍ മറ്റു വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത വിധത്തിൽ പാറപ്പൊടി കയറ്റിയ ടാറസ് ലോറികള്‍ ചീറിപ്പായുന്നുവെന്ന് ആക്ഷേപം. മതിയായ രേഖകളില്ലാതെയും പാസില്ലാതെയും അമിതഭാരം കയറ്റിയുമാ ണ് വാഹനങ്ങളുടെ നെട്ടോട്ടം.
പാസ് ഇല്ലാതെ വരുന്ന വാഹനങ്ങളെ കടത്തിവിടുന്നതിനായി പ്രത്യേക ഏജന്‍സിയും വെള്ളറടയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആരോപണമുണ്ട്. സ്റ്റേഷനില്‍നിന്ന് പോലീസ് വാഹനം പുറത്തിറങ്ങുന്നതു നിരീക്ഷിക്കുന്നതിനായി വെള്ളറട ഓട്ടോ സ്റ്റാന്‍ഡിനു സമീപത്തും കൊല്ലക്കുടി കയറ്റം തുടങ്ങുന്ന ഭാഗത്തും- ടയര്‍ കടയ്ക്ക് സമീപത്തുമായിട്ടാണ് ഏജന്‍സികള്‍ നിലയുറപ്പിച്ചിട്ടുള്ളത്.
"ഇന്‍ഫര്‍മേഷന്‍' സംഘം പോലീസ് വാഹനം വരുന്നുണ്ടോ എന്നുള്ള വിവരം ഉടന്‍ തന്നെ അനധികൃതമായി പാസ് ഇല്ലാതെ പോകുന്ന ടാറസ് ലോറികളുടെ ഡ്രൈവര്‍മാര്‍ക്ക് കൈമാറുകയും അവരില്‍ നിന്നും ഫീസ് വാങ്ങുകയുമാണ് അവരുടെ രീതി. ഇവരെയെല്ലാം മറികടന്നാണു പോലീസ് ഇന്നലെ അനധികൃതമായി പാസ് ഇല്ലാതെ അമിത ലോഡ് കയറ്റിവന്ന മൂനനു ടോറസ് ലോറികളെ പിടികൂടി പിഴ ചുമത്തി വിട്ടയച്ചത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ്, എസ്ഐമാരായ ശശികുമാരന് നായര്‍, പ്രമോദ്, അനില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വാഹനങ്ങളെ പിടികൂടി പിഴചുമത്തി താക്കീത് ചെയ്ത് വിട്ടയച്ചു. വരും ദിവസങ്ങളിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതകള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.