ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്ത വാഹനം
കൊച്ചി: മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിച്ച് മാറ്റങ്ങള്‍ വരുത്തിയ എസ്യുവി (സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍) എറണാകുളം ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്ത് 32,750 രൂപ പിഴ ചുമത്തി. കാക്കനാട് പള്ളിക്കരയില്‍ നിന്നാണ് വാഹനം പിടികൂടിയത്.
സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പുറത്തേക്ക് തള്ളിനില്ക്കുന്ന വലിയ ആഫ്റ്റര്‍ മാര്‍ക്കറ്റ് ടയറുകളാണ് വാഹനത്തില്‍ ഘടിപ്പിച്ചിരുന്നത്. എതിരെ വരുന്ന ഡ്രൈവര്‍മാരുടെ കാഴ്ച മങ്ങിക്കുന്ന ആറ് അഡീഷണല്‍ ലൈറ്റുകള്‍, ഹൈപവര്‍ ഫ്ലാഷ് ലൈറ്റുകള്‍, ലൈറ്റിംഗ് സംവിധാനങ്ങള്‍ എന്നിവയും കണ്ടെത്തി.
കൂടാതെ, ഉയര്‍ന്ന ശബ്ദമുണ്ടാക്കുന്ന മ്യൂസിക് സിസ്റ്റവും പൂര്‍ണമായും നിരോധിച്ച മള്‍ട്ടിടോണ്‍ എയര്‍ ഹോണുകളും വാഹനത്തിലുണ്ടായിരുന്നു. അനധികൃത മാറ്റങ്ങള്‍ പൂര്‍ണമായി അഴിച്ചുമാറ്റി വാഹനം പഴയപടിയാക്കി ഹാജരാക്കാന്‍ ഉടമയോട് നിര്‍ദേശിച്ചു.
അല്ലെങ്കില്‍ രജിസ്ട്രേഷന് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ബിജു ഐസക് വ്യക്തമാക്കി. എംവിഐ എന്‍. വിനോദ് കുമാര്‍, എഎംവിഐമാരായ മുഹമ്മദ് നിയാസ്, കശ്യപ് എന്നിവരടങ്ങിയ സംഘമാണ് മിന്നല്‍ പരിശോധന നടത്തി വാഹനം കസ്റ്റഡിയിലെടുത്തത്.
Tags : fined NattuVishasham DistrictNews