പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: സര്‍ക്കാരിന്റെ ഓപ്പറേഷന് തൂഫാനോട് സഹകരിച്ച് ചങ്ങനാശേരി അതിരൂപത കോര്‍പറേറ്റ് മാനേജ്മെന്റിലെ 64 സ്കൂളുകളിലെ 23,000 വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ കത്തുകള്‍ അയയ്ക്കും. ഇന്നു രാവിലെ 11ന് അതിരൂപതയുടെ അഞ്ച് ജില്ലകളിലെയും മുഴുവന്‍ സ്കൂളുകളിലും ഒരേസമയം വിദ്യാര്‍ഥികള്‍ കത്തുകള്‍ എഴുതും.
തപാല്‍ വകുപ്പില്‍നിന്നും ലഭിച്ച ഇന്ലന്റുകളിൽ മുന്‍കൂട്ടി അറിയാത്ത കൂട്ടുകാരനാണ് കുട്ടികള്‍ കത്ത് എഴുതുന്നത്. തപാല്‍ പെട്ടികളുമായി പോസ്റ്റല്‍ ഉദ്യോഗസ്ഥര്‍ ഇന്ന് സ്കൂളുകളിലെത്തി കുട്ടികള്‍ എഴുതിയ കത്തുകള്‍ സ്വീകരിക്കും. ജനപ്രതിനിധികളും പൊലിസ്, എക്സൈസ് ഉദ്യോഗസ്ഥരും കത്തെഴുത്ത് പരിപാടിക്ക് സാക്ഷ്യമേകും.
ഒാരോ സ്കൂളിലെയും കുട്ടികള്‍ കൂട്ടുകാര്ക്കായെഴുതുന്ന കത്തുകള്‍ മറ്റൊരു സ്കൂളിന്റെ വിലാസത്തിലാണ് അയയ്ക്കുന്നത്. കത്തുകള്‍ ഓരോ സ്കൂളിലും ഏറ്റുവാങ്ങുന്ന ചടങ്ങും ഉത്സവമായി മാറും.
ചങ്ങനാശേരി എസ്ബി സ്കൂളില്‍ നടന്ന അധ്യാപക സംഗമത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ആദ്യകത്ത് വിനു ജോബ് എംഎല്‍എയ്ക്ക് കൈമാറി.
ലഹരിക്കെതിരേ ജാഗ്രതയും മുന്നേറ്റവും
മയക്കുമരുന്നിനെതിരേയുള്ള ജാഗ്രതയും പോരാട്ടവും ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ ഓപ്പറേഷന് തൂഫാന് എന്ന പദ്ധതിയോടു സഹകരിച്ച് കൂട്ടുകാര്‍ക്ക് കത്ത യയ്ക്കുന്ന പരിപാടിക്ക് സ്നേഹപൂര്‍വം നന്മയിലേക്ക് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
ലഹരിമരുന്ന് ലോകത്തിന് ഒരിക്കലും നല്ലതിനല്ല. ഞാന്‍ ഇത് ഒരിക്കലും ഉപയോഗിക്കില്ല. നീയും ലഹരി ഒരിക്കലും ഉപയോഗിക്കരുത്. അതു നമ്മളെ നശിപ്പിക്കും. നമ്മുടെ ഭാവിയെയും ആരോഗ്യത്തെയും സന്തോഷങ്ങളെയും മാത്രമല്ല അതു തകര്‍ക്കുന്നത്. നമ്മളെ സ്നേഹിക്കുന്നവരുടെ കണ്ണീരു നാം കാണേണ്ടിവരും. ഇതായിരിക്കും കത്തിലെ പ്രതിപാദ്യം.
ഫാ. ജോബി മൂലയില്‍
ചങ്ങനാശേരി അതിരൂപത കോര്‍പറേറ്റ് മാനേജര്‍.