പ്രതീകാത്മക ചിത്രം
കൊല്ലം: ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളെന്തൊക്കെയാണെന്ന് എല്ലാവരും ബോധവാന്മാരാകണമെന്നും അതിനനുസരിച്ച് ജീവിതരീതി ക്രമപ്പെടുത്തണമെന്നും കളക്ടര്‍ ആനി ജൂല തോമസ്. ലോക ഹൃദയ ദിനത്തില്‍ കൊല്ലം ജില്ലാ ആരോഗ്യ വകുപ്പും മോട്ടോര്‍ വാഹന വകുപ്പിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രാക്ക് (ട്രോമാകെയര്‍ ആന്‍ഡ് റോഡ് ആക്സിഡന്റ് എയ്ഡ് സെന്റർ ഇന്‍ കൊല്ലം) സംഘടനയും കൊട്ടിയം കിംസ് ആശുപത്രിയും സംയുക്തമായി കളക്ടറേറ്റ് ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കളക്ടര്‍.
ഇരുചക്രവാഹന യാത്രയില്‍ കുട്ടികളും ഹെല്‍മെറ്റ് ധരിക്കണമെന്ന അവബോധം സൃഷ്ടി ക്കാനായി ജില്ലാ ശിശു ക്ഷേമ സമിതി ആവിഷ്കരിച്ച ‘കുട്ടികള്‍ക്കും വേണം ഹെല്‍മെറ്റ്' പദ്ധതിയിലേക്ക് ട്രാക്ക് നല്കുന്ന സൗജന്യ ഹെല്‍മെറ്റുകളുടെ കൈമാറ്റവും കളക്ടര്‍ ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. ട്രാക്ക് കൈമാറിയ ഹെല്‍മെറ്റുകളടക്കം ആയിരം ഹെല്‍മെറ്റുകള്‍ ഇന്ന് അഞ്ചാലുംമൂട് സര്‍ക്കാര്‍ എച്ച്എസ്എസില്‍ കളക്ടറുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യും. അഞ്ചാലുംമൂട് എച്ച്എസ്എസിനെ സമ്പൂര്‍ണ ഹെല്‍മെറ്റ് സാക്ഷരത നേടിയ സ്കൂളായും കളക്ടര്‍ പ്രഖ്യാപിക്കും.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ എഡിഎം എസ്.സജീദ്, ജോയിന്റ് ആര്‍ടിഒ ആര്.ശരത്ചന്ദ്രന്, ഡെപ്യൂട്ടി ഡിഎംഒ ഡോ. ബിജു നെല്‍സണ്‍, ട്രാക്ക് സെക്രട്ടറി ഗോപകുമാര്‍ ജി. ലോജിക്, ട്രാക്ക് വൈസ് പ്രസിഡന്റ് ജേക്കബ് ജെറോം, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഷൈന്‍ ദേവ് തുടങ്ങിയവര്‍ പങ്കെടുത്തു. കൊട്ടിയം കിംസ് ആശുപത്രിയില്‍ നിന്നുള്ള ഡോ.ശ്രീലക്ഷ്മിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാമ്പിന് നേതൃത്വം നല്‍കിയത്.