പ്രതീകാത്മക ചിത്രം
കഴക്കൂട്ടം : സ്റ്റാഫ് ക്വാർട്ടേഴ്സിന് സമീപം സിസിടിവി കാമറ സ്ഥാപിച്ചതിനാൽ യുവാവിനെ തടഞ്ഞുനിർത്തി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. പൗണ്ടുകടവ് അരുൺ നിവാസിൽ അരീഷിനാണ് മർദനമേറ്റത്. സംഭവത്തിൽ കണ്ടാലറിയാവുന്ന നാലുപേർക്കെതിരെ പൊലിസ് കേസെടുത്തു.
കുഴിവിള അണ്ടർ പാസേജിന് സമീപത്തായിരുന്നു സംഭവം. ക്വാർട്ടേഴ്സ് ഭാഗത്തെ സാമൂഹികവിരുദ്ധരുടെ ശല്യം ഇല്ലാതാക്കാൻ കാമറ സ്ഥാപിച്ചതിലുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നു പൊലിസ് പറഞ്ഞു.
പരാതിക്കാരന്റെ വാഹനത്തിനു പിന്നാലെയെത്തിയ സംഘത്തിലെ ഒന്നാംപ്രതി അരീഷിന്റെ ടീഷർട്ടിൽ പിടിച്ചുവലിച്ചു റോഡിലേക്ക് തള്ളിയിടുകയായിരുന്നു. തുടർന്ന് രണ്ടാംപ്രതി വീണുകിടന്ന അരീഷിന്റെ മുഖത്തടിച്ചു.
ഇതിനിടെ മെലിഞ്ഞുപൊക്കമുള്ള മൂന്നാംപ്രതി തറയിൽകിടന്ന തടിക്കഷണമെടുത്ത് അരീഷിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. അടി തടഞ്ഞതിനെത്തുടർന്ന് അരീഷിന്റെ വലതുകൈയിലെ ചെറുവിരലിനു പൊട്ടലേറ്റു. തലയ്ക്ക് ലക്ഷ്യമാക്കി അടിച്ച അടി കൈകൊണ്ട് തടഞ്ഞില്ലായിരുന്നുവെങ്കിൽ മരണം സംഭവിക്കുമായിരുന്നുവെന്നു പരാതിയിൽ പറയുന്നു. ആക്രമണത്തിനു ശേഷം പ്രതികൾ സ്ഥലത്തുനിന്നു കടന്നുകളഞ്ഞു. സംഭവത്തിൽ തുമ്പ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.