പ്രതീകാത്മക ചിത്രം
വടകര: സ്വകാര്യവത്കരണ ശ്രമങ്ങളുടെ ഭാഗമായി വടകര തപാല്‍ ഡിവിഷന് ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരേ വിവിധ കോണുകളില്‍ പ്രതിഷേധം ശക്തമാകുന്നു. ദേശീയ തപാല്‍ സംഘടനയായ എഫ്എന്‍പിഒയുടെ നേതൃത്വത്തില്‍ വടകരയില്‍ ധര്‍ണ സംഘടിപ്പിച്ചു. സര്‍ക്കിള്‍ ട്രഷറര്‍ പി. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.
സുബിന് വത്സലന്‍, എസ്.ഡി.ദീപ, സി.ആര്. കുഞ്ഞിമുഹമ്മദ്, കെ.കെ.പ്രബീഷ് എന്നിവര്‍ സംസാരിച്ചു. വടകര പോസ്റ്റല്‍ ഡിവിഷനില്‍ നിന്ന് കൊയിലാണ്ടി സബ് ഡിവിഷന് മാറ്റുകയും കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫിസിനെ തരംതാഴ്ത്താനുമാണ് ആദ്യ ഘട്ടത്തില്‍ നീക്കം. കൊയിലാണ്ടി സബ് ഡിവിഷന് കൂടി ഇല്ലാതാകുന്നതോടെ ഏറെ വൈകാതെ വടകര ഡിവിഷന് നിര്‍ത്തലാക്കാനുള്ള ചരടുവലികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇത് നടപ്പിലാകുന്നതോടെ വടകരയിലെ തപാല്‍ ഓഫിസുകള്‍ അടച്ചുപൂട്ടി ഡിവിഷനെ കോഴിക്കോട്ടേക്ക് ലയിപ്പിക്കും. വടകര ആര്‍എംഎസ്, വടകര ബീച്ച് പോസ്റ്റ് ഓഫിസ് എന്നിവ ഇതിനകം പൂട്ടിക്കഴിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് സംഘടനകളുടെ തീരുമാനം.