പ്രതീകാത്മക ചിത്രം
എടക്കര: സ്വകാര്യവ്യക്തിയുടെ ഭൂമിയിൽനിന്ന് തേക്കുമരങ്ങൾ ഉൾപ്പടെ മുറിച്ചുമാറ്റിയതിന് ഉടമയ്ക്കെതിരെയും മരം വാങ്ങിയ ആൾക്കെതിരെയും വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തു.
ഭൂദാനം മുത്തപ്പൻകുന്നിലാണ് സ്വകാര്യവ്യക്തിയുടെ ഭൂമിയിൽനിന്ന് മരങ്ങൾ മുറിച്ച് മാറ്റിയതിന് വനംവകുപ്പ് കേസെടുത്തത്. സ്ഥലം ഉടമ വഴിക്കടവ് ആനമറി ഈന്തൻകുഴിയൻ നൗഷാദലി, മരം വാങ്ങിയ പി.കെ. ആഷിഖ് എന്നിവർക്കെതിരേയാണ് കേസ്.
108 റബർ മരങ്ങളും മൂന്ന് തേക്ക് മരങ്ങളും കശുമാവ്, മട്ടി തുടങ്ങിയ മരങ്ങളുമാണ് തോട്ടത്തിൽനിന്ന് മുറിച്ചുമാറ്റിയത്. തേക്ക് മരങ്ങളും മരം കടത്താനുപയോഗിച്ച വാഹനവും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം കാഞ്ഞിരപ്പുഴ വനം സ്റ്റേഷനിൽ ഹാജരാക്കി.
കഴിഞ്ഞ 35 വർഷത്തിലധികമായി കൈവശം വച്ച് നികുതിയടച്ച് വരുന്ന ഭൂമിയാണിതെന്ന് പറയപ്പെടുന്നു. സ്വഭാവിക വനത്തിലേക്ക് ഇവിടെനിന്ന് ഒരു കിലോമീറ്ററിലധികം ദൂരമുണ്ട്. എന്നാൽ നിക്ഷിപ്ത വനഭൂമിയിൽ ഉൾപ്പെട്ട പ്രദേശത്തുനിന്നാണ് മരങ്ങൾ മുറിച്ചതെന്ന് നിലന്പൂർ റേഞ്ച് ഓഫിസർ കെ.പി. ജിനേഷ് പറയുന്നു.
1977ൽ നടന്ന റീസർവേയിൽ ഈ മേഖലയിൽ സ്വകാര്യവ്യക്തികളുടെ കൈവശമുള്ള 24 ഹെക്ടർഭൂമി വനഭൂമിയായി കണ്ടെത്തിയിട്ടുണ്ടെന്നും ഇതിൽ ഉൾപ്പെട്ട പ്രദേശത്തുനിന്നാണ് മരങ്ങൾ മുറിച്ചുമാറ്റിയതെന്നും റേഞ്ച് ഓഫിസർ പറഞ്ഞു.
Tags :