സെമിനാർ ഉഷ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കൽപ്പറ്റ: കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന "കേര’ പദ്ധതിയിലൂടെ ജില്ലയിലെ കാപ്പി കൃഷി മേഖലയെ ആധുനികവത്കരിക്കാനും ഉത്പാദനക്ഷമത വർധിപ്പിക്കാനുമായി 25 കോടി രൂപയുടെ സമഗ്ര പദ്ധതിയൊരുങ്ങുന്നു.
ഉത്പാദനക്ഷമത കുറഞ്ഞ തോട്ടങ്ങളിൽ പുതിയ തൈകൾ വച്ചുപിടിപ്പിക്കുന്ന പുനർനടീൽ ധനസഹായമാണ് പദ്ധതിയുടെ പ്രധാന ആകർഷണം. ഇതിനായി ഹെക്ടറിന് 1,10,000 രൂപ ധനസഹായം നൽകും. 25 സെന്റ് (0.1 ഹെക്ടർ) മുതൽ 10 ഹെക്ടർ വരെ കാപ്പി കൃഷിയുള്ളവർക്ക് അപേക്ഷിക്കാമെങ്കിലും ഒരാൾക്ക് പരമാവധി രണ്ട് ഹെക്ടർ (2.2 ലക്ഷം രൂപ) വരെയാണ് ധനസഹായത്തിന് അർഹതയുണ്ടാവുക. ഈ തുക ആദ്യ വർഷം 77,000 രൂപയും രണ്ടാം വർഷം 33,000 രൂപയുമായിട്ടായിരിക്കും വിതരണം ചെയ്യുക.
കാപ്പി കൃഷിക്ക് അത്യന്താപേക്ഷിതമായ ശാസ്ത്രീയ ജലസേചന സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഹെക്ടറിന് 50,000 രൂപ വരെ സഹായവും നൽകും. ഇതിൽ ജലസംഭരണി നിർമാണത്തിന് 18,000 രൂപയും സ്പ്രിംഗ്ളർ യൂണിറ്റിന് 32,000 രൂപയുമാണ് അനുവദിക്കുക. ഗുണമേൻമയുള്ള സർട്ടിഫൈഡ് തൈകൾ ഉത്പാദിപ്പിക്കുന്ന 30 നഴ്സറികൾക്ക് ആറ് ലക്ഷം രൂപ വീതം ധനസഹായം നൽകി കാപ്പിത്തൈകളുടെ ഗുണനിലവാരം ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
വയനാടൻ കാപ്പിയുടെ വിപണി മൂല്യം ഉയർത്തുന്നതിനായി നാഷണൽ/ഇന്റർനാഷണൽ സർട്ടിഫിക്കേഷൻ, ജിഐ ടാഗിംഗ് എന്നിവയ്ക്കായി ആകെ ചെലവിന്റെ 75 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ വരെ) കർഷകർക്കും എഫ്പിഒകൾക്കും റീഇംബേഴ്സ്മെന്റായി നൽകും.
പുനർനടീലിനും ഡ്രിപ് ഇറിഗേഷനുമായി കുറഞ്ഞ നിരക്കിൽ ടേം ലോണുകൾ ലഭ്യമാക്കാൻ പിസിജിഎസ് പദ്ധതിയും ഇതിന്റെ ഭാഗമായി നടപ്പാക്കും. കർഷകർക്ക് നേരിട്ടുള്ള സഹായത്തിനും ശാസ്ത്രീയ പരിശീലനത്തിനുമായി കേര ഫീൽഡ് ഓഫിസർമാരുടെ സേവനം ലഭ്യമാണ്. കോഫീ ബോർഡിന്റെ സഹകരണത്തോടെ ഏകദേശം 32,000 കർഷകർക്ക് ബോധവത്കരണ പരിപാടികളും 16,000 കർഷകർക്കായി ഗ്രാമതല ശിൽപശാലകളും 3,400 കർഷകർക്ക് ശാസ്ത്രീയ കൃഷിരീതികളിൽ സമഗ്ര പരിശീലനവും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.
താത്പര്യമുള്ള കർഷകർ tthsp://keraplantation.kerala.gov.in എന്ന പോർട്ടൽ വഴി ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 8089775400 എന്ന നന്പറിലോ [email protected] rala.gov.in എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്.
വയനാടൻ കാപ്പിയെ ആഗോള ബ്രാൻഡാക്കി ഉയർത്തണം; ഉഷ വിജയൻ എംഎൽഎ
മാനന്തവാടി: വയനാടൻ കാപ്പിയെ കേവലം ഒരു കാർഷിക ഉത്പന്നമായി കാണാതെ സംസ്കരണം, പാക്കേജിംഗ്, ബ്രാൻഡിംഗ് എന്നിവയിലൂടെ ആഗോള വിപണിയിലെത്തിക്കുന്ന മൂല്യവർധിത ഉത്പന്നമാക്കി മാറ്റണമെന്ന് ഉഷ വിജയൻ എംഎൽഎ പറഞ്ഞു.
കാപ്പിയുടെ കയറ്റുമതി സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി വയനാട്ടിലെ കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും അവർ പറഞ്ഞു. അന്താരാഷ്ട്ര കാപ്പിദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. വയനാട്ടിലെ കാപ്പി കൃഷി ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്നും കാപ്പി വളരുന്നതിനൊപ്പം കാപ്പി കർഷക കുടുംബങ്ങളെയും വളർത്തുന്ന തരത്തിലുള്ള സംവിധാനമാണ് വയനാട്ടിൽ രൂപപ്പെടേണ്ടത്. കാപ്പി മേഖലയിലേക്ക് യുവാക്കളുടെയും സ്ത്രീകളുടെയും കൂടുതൽ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ട്.
കൃഷിക്ക് പുറമേ സംസ്കരണം, മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണം, പാക്കേജിംഗ്, ബ്രാൻഡിംഗ്, വിപണനം തുടങ്ങിയ മേഖലകളിൽ യുവാക്കൾക്കും വനിതകൾക്കും പുതിയ സംരംഭക അവസരങ്ങൾ സൃഷ്ടിക്കപ്പടേണ്ടതുണ്ടെന്നും അവർ പറഞ്ഞു.ഒക്ടോബർ ഒന്നിന് നടക്കുന്ന അന്താരാഷ്ട്ര കാപ്പി ദിനാചരണത്തിന് മുന്നോടിയായി കേരള സർക്കാർ, കോഫീ ബോർഡ്, കേര പദ്ധതി, വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ, സൗത്ത് ഇന്ത്യൻ കോഫി ഗ്രോവേഴ്സ് അസോസിയേഷൻ, കേരള എഫ്പിഒ എഫ്പിസി കണ്‍സോർഷ്യം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
കോഫി ബോർഡ് കേരളം–തമിഴ്നാട് ജോയിന്റ് ഡയറക്ടർ (എക്സ്റ്റൻഷൻ) ഡോ. എം. കറുത്തമണി അധ്യക്ഷത വഹിച്ചു. കേര പ്രോജക്ട് സംസ്ഥാന പ്ലാന്റേഷൻ സ്പെഷ്യലിസ്റ്റ് ആർ.എസ്. അഞ്ജിത്ത്, മുൻ കോഫി ബോർഡ് അംഗം (തമിഴ്നാട്) കെ.കെ. മനോജ് കുമാർ, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ വിനോദ് കുമാർ, വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് അലി ബ്രാൻ, മാനന്തവാടി താലൂക്ക് ബയോഡൈവേഴ്സിറ്റി ചെയർമാൻ ടി.സി. ജോസഫ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എ. ജിഷ, കേരള കോഫി ലിമിറ്റഡ് കണ്‍സൾട്ടന്റ് ധർമരാജ് നരേന്ദ്രനാഥ്, പെർഫെറ്റോ നാച്ചുറൽസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. വർഗീസ് മറ്റമന, കേരള ഫാർമർ പ്രൊഡ്യൂസർ കന്പനീസ് കണ്‍സോർഷ്യം പ്രസിഡന്റ് സാബു പാലാട്ടിൽ, കോഫീ ബോർഡ് കേരള ഡെപ്യൂട്ടി ഡയറക്ടർ (എക്സ്റ്റഷൻ) ബസവരാജ് എം. ചുളകി, കോഫി ബോർഡ് മാനന്തവാടി സീനിയർ ലൈസണ്‍ ഓഫിസർ സി.ആർ. ഇന്ദ്ര, വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ സെക്രട്ടറി എൻ.സി. മധു ബൊപ്പയ്യ തുടങ്ങിയവർ പ്രസംഗിച്ചു.
കോഫി ബോർഡ് അസിസ്റ്റന്റ് എക്സ്റ്റൻഷൻ ഓഫിസർ എ.വി. പ്രശാന്ത്, എക്സ്റ്റൻഷൻ ഇൻസ്പെക്ടർ ടി.വി.എസ്. ജെയിൻ, കേര പ്രോജക്ട് കോഓപ്പറേറ്റീവ് ഇൻസ്പെക്ടർ പി.പി. ഗംഗാധരൻ തുടങ്ങിയവർ ക്ലാസെടുത്തു. കാപ്പി മേഖലയിലെ സംഘടനാ പ്രതിനിധികളും വിദഗ്ധരും വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും സെമിനാറിൽ പങ്കെടുത്തു. വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, മുൻ കാപ്പി ബോർഡ് അംഗങ്ങൾ, വ്യവസായ വകുപ്പ്, കൃഷിവകുപ്പ്, കേര പ്രോജക്ട്, കേരള കോഫി ലിമിറ്റഡ്, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, ഫാർമർ പ്രൊഡ്യൂസർ കന്പനീസ് കണ്‍സോർഷ്യം എന്നിവയുടെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews