വി. പൊന്നുക്കുട്ടൻ
വടക്കഞ്ചേരി: ജില്ലാ പഞ്ചായത്ത് പല്ലശന ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. കഴിഞ്ഞ തവണ എൻഡിഎഫിലെ ടി.എം. ശശിക്ക് ലഭിച്ച ഭൂരിപക്ഷത്തിനേക്കാൾ ഉയർന്ന ഭൂരിപക്ഷമാണ് എൽഡിഎഫ് സ്ഥാനാർഥി സിപിഎമ്മിലെ വി. പൊന്നുക്കുട്ടന് ലഭിച്ചത്.
7085 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിലെ ടി.എം. ശശിയുടെ ഭൂരിപക്ഷം. അതിപ്പോൾ 10,596 ആയി ഉയർന്നു. ആകെ വോട്ട് 64,346. പോൾ ചെയ്തത് 3698. പോളിംഗ് ശതമാനം 56.
എൽഡിഎഫ് സ്ഥാനാർഥി വി. പൊന്നുകുട്ടൻ - 21419 , യുഡിഎഫ് സ്ഥാനാർഥി പ്രതീഷ് മാധവൻ - 10,823. ബിജെപി സ്ഥാനാർഥി എൽ. നിർമൽ കുമാർ - 3856. ഇതുരണ്ടാം തവണയാണ് കാവശേരിക്കാരനായ പൊന്നുക്കുട്ടൻ ജില്ലാ പഞ്ചായത്ത് മെംബറാകുന്നത്.
സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണിപ്പോൾ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി.എം. ശശി ആലത്തൂർ എംഎൽഎ ആയതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മൂന്നുപതിറ്റാണ്ട് കാലമായി തെരഞ്ഞെടുപ്പ് രംഗത്തുള്ള ആളാണ് വി. പൊന്നുക്കുട്ടൻ . 1995ൽ കാവശേരി പഞ്ചായത്ത് മെംബറായിട്ടായിരുന്നു തുടക്കം.
രണ്ടായിരത്തിൽ പുതുക്കോട് ഡിവിഷനിൽനിന്ന് ജില്ലാ പഞ്ചായത്ത് മെംബറായിട്ടുണ്ട്. കാവശേരി പഞ്ചായത്തിലെ ഇരട്ടക്കുളം ചെറുകുളം വീട്ടിൽ പരേതരായ വേലൻ - ചെല്ല എന്നിവരുടെ മകനാണ്. ഭാര്യ ആലത്തൂർ കാർഷിക വികസന ബാങ്ക് ജീവനക്കാരി രാജേശ്വരി. മക്കൾ വിദ്യാർഥികളായ അപർണ, അമലേഷ്.
അഞ്ചിടത്ത് എൽഡിഎഫ് രണ്ടിടത്ത് യുഡിഎഫ്
പാലക്കാട്: ജില്ലയിലെ തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം. തെരഞ്ഞെടുപ്പു നടന്ന ഏഴു വാർഡുകളിൽ അഞ്ചിടത്ത് എൽഡിഎഫ് വിജയിച്ചു.
യുഡിഎഫിന് രണ്ടുസീറ്റാണ് ലഭിച്ചത്. ഇതിൽ രണ്ടുസീറ്റ് എൽഡിഎഫ് യുഡിഎഫിൽനിന്ന് പിടിച്ചെടുത്തപ്പോൾ യുഡിഎഫ് ഒരു സീറ്റ് എൽഡിഎഫിൽനിന്ന് പിടിച്ചെടുത്തു.
സുമേഷ് അച്യുതൻ എംഎൽഎയായി വിജയിച്ചതിനെ തുടർന്ന് ഒഴിവുവന്ന ചിറ്റൂർ- തത്തമംഗലം മുനിസിപ്പാലിറ്റിയിലെ പരുത്തിക്കാവ് വാർഡ് നറുക്കെടുപ്പിലൂടെ എൽഡിഎഫ് പിടിച്ചെടുത്തത് യുഡിഎഫിന് കനത്ത തിരിച്ചടിയായി. ഇടതുസ്ഥാനാർഥി വി. മുരളീധരനാണ് വിജയിച്ചത്. മുരളീധരനും യുഡിഎഫ് സ്ഥാനാർഥി കെ. മധുവിനും 433 വോട്ടുകൾ വീതം ലഭിച്ചതാണ് നറുക്കെടുപ്പിന് സാഹചര്യമൊരുക്കിയത്. ബിജെപി 28 വോട്ട് നേടി.
ജില്ലാ പഞ്ചായത്തിലെ പല്ലശന ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ ടി.എം. ശശി എംഎൽഎയായി വിജയിച്ചതിനെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിലെ അത്തിപ്പൊറ്റ ഡിവിഷൻ മുസ്ലീംലീഗിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞതവണ യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിംലീഗ് വിജയിച്ച സീറ്റാണ് എൽഡിഎഫിലെ സിപിഐ തിരിച്ചുപിടിച്ചത്.
എൽഡിഎഫ് സ്ഥാനാർഥി രേഖ സന്തോഷ് 790 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പോൾ ചെയ്ത 7347 വോട്ടുകളിൽ എൽഡിഎഫ് സ്ഥാനാർഥി സിപിഐയിലെ രേഖ സന്തോഷ് 3538 വോട്ട് നേടി. യുഡിഎഫ് സ്ഥാനാർഥി റൂബിയ അഷറഫ് 2748 വോട്ടും ബിജെപി സ്ഥാനാർഥി വൃന്ദ ഷൺമുഖൻ 1061 വോട്ടുകളും നേടി.
ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് എൽഡിഎഫിൽനിന്ന് യുഡിഎഫ് പിടിച്ചെടുത്തു. നിലവിലെ അംഗം പോക്സോ കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. മലന്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ഹേമാംബികനഗർ ഡിവിഷൻ എൽഡിഎഫ് നിലനിർത്തി.
കരിന്പ ഗ്രാമപഞ്ചായത്തിലെ വെട്ടം വാർഡ് യുഡിഎഫ് നിലനിർത്തി. ഇവിടുത്തെ നിലവിലെ അംഗം മന്ത്രി കെ.എ. തുളസിയുടെ ഓഫീസ് സ്റ്റാഫായതിനെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.
വെട്ടത്തു നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി മുസ്ലിംലീഗിലെ അബ്ദുൽ ജലീൽ 335 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
യുഡിഎഫിന് 692 വോട്ടും എൽഡിഎഫ് സ്ഥാനാർഥി അഷറഫിന് 357 വോട്ടും എൻഡിഎ സ്ഥാനാർഥി ശിവന് 187 വോട്ടുകളുമാണ് ലഭിച്ചത്.
പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പറക്കാട്ടുചള്ള വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫിലെ ബിന്ദുകുമാരിക്ക് 533, യുഡിഎഫിലെ സുകന്യക്ക് 515, എൻഡിഎയുടെ ശാലിനി 21 വോട്ടുകളാണ് ലഭിച്ചത്.
Tags : NattuVishesham DistrictNews