മന്ത്രി ഷിബു ബേബി ജോൺ
തിരുവമ്പാടി: കർഷകസുരക്ഷയും മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുമായി കൃഷി-വനം വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനതല കർഷക സുരക്ഷാ–വന്യജീവി സംഘർഷ ലഘൂകരണ കോൺക്ലേവ് സംഘടിപ്പിച്ചു.മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ രൂക്ഷമായ വന്യജീവി സംഘർഷ മേഖലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും വന്യജീവി ആക്രമണങ്ങളിലെ നഷ്ടപരിഹാര തുക നിലവിലുള്ളതിന്റെ ഇരട്ടിയാക്കി വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി സംസ്ഥാനത്തെ വനമേഖലയെ 14 ലാൻഡ്സ്കേപ്പുകളായി തിരിച്ച് സംഘർഷ മേഖലകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഏറ്റവും രൂക്ഷമായ സംഘർഷം നേരിടുന്ന 55 പഞ്ചായത്തുകളിൽ മുൻഗണന നൽകി പ്രത്യേക പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
‘വന്യജീവി സംഘർഷം ഒരു വകുപ്പിന്റെ മാത്രം വിഷയമായി കാണാനാകില്ല.വിവിധ വകുപ്പുകളുടെയും വിദഗ്ധരുടെയും കർഷകരുടെയും ഏകോപിതമായ ഇടപെടലിലൂടെ മാത്രമാണു ശാശ്വത പരിഹാരത്തിലേക്കു നീങ്ങാനാകൂ. കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം വനവും വന്യജീവികളും സംരക്ഷിക്കേണ്ട നിയമപരമായ ഉത്തരവാദിത്വവും സർക്കാർ നിർവഹിക്കും’.
വന്യജീവി സംഘർഷത്തിന്റെ പ്രത്യാഘാതം കർഷകരിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും കാർഷിക മേഖലയുടെ നിലനിൽപ്പുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും മന്ത്രി വ്യക്തമാക്കി.
വന്യജീവി സംഘർഷം നേരിടുന്നതിനു കണ്ടെയ്ൻമെന്റ്, മിറ്റിഗേഷൻ, നഷ്ടപരിഹാരം എന്നീ മൂന്നു തലങ്ങളിലുള്ള ഇടപെടലുകളാണ് സർക്കാർ ലക്ഷ്യമിടുന്നത്. വന്യജീവികൾ വനത്തിനു പുറത്തേക്കു വരാനുള്ള കാരണങ്ങൾ കണ്ടെത്തി അവയെ വനത്തിനകത്തുതന്നെ നിലനിർത്തുന്നതിനുള്ള നടപടികളാണു കണ്ടെയ്ൻമെന്റിന്റെ ഭാഗമായി സ്വീകരിക്കുക. വന്യജീവികൾ പുറത്തേക്ക് വരുന്ന സാഹചര്യം പൂർണമായി ഒഴിവാക്കാനാകില്ലെന്ന യാഥാർഥ്യം പരിഗണിച്ചായിരിക്കും മിറ്റിഗേഷൻ നടപടികൾ ആവിഷ്കരിക്കുക.
ഇതിന്റെ ഭാഗമായി സാങ്കേതികവിദ്യ ഉൾപ്പയുള്ള പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് സംഘർഷസാധ്യതയേറിയ പ്രദേശങ്ങളിൽ പ്രത്യേക പദ്ധതികൾ നടപ്പാക്കും.വനാതിർത്തിയിലെ കർഷകരുടെ വീടുകളെ വിനോദസഞ്ചാരവുമായി ബന്ധിപ്പിച്ച് സന്ദർശകർക്കു താമസവും ഭക്ഷണവും ഒരുക്കുകയും തുടർന്ന് വനത്തിനുള്ളിലെ പ്രത്യേക യാത്രകൾക്ക് അവസരം നൽകുകയും ചെയ്യുന്ന പൈലറ്റ് പദ്ധതി ആലോചിക്കുന്നതായും മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.
പരിസ്ഥിതി ലോല മേഖല: മറുപടിയും ആശങ്കകളും കേന്ദ്ര സർക്കാരിന് സമർപ്പിച്ചെന്നു മന്ത്രി ടി. സിദ്ദിഖ്
തിരുവമ്പാടി: കാർഷിക ഭൂമിയോ കർഷകരുടെ പാർപ്പിടങ്ങളോ പരിസ്ഥിതി ലോല മേഖല പരിധിയിൽപ്പെടുത്തി കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ സർക്കാർ അനുവദിക്കില്ലെന്നും ഏഴാമത് നോട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ മറുപടിയും ആശങ്കകളും കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും പരിപാടിയില് അധ്യക്ഷത വഹിച്ച മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.
Tags : Deepika DeepikaNewspaper BreakingNews Compensation for wildlife attacks