കോണ്‍ക്ലേവില്‍ റവന്യുമന്ത്രി എ.പി. അനില്‍കുമാര്‍ സംസാരിക്കുന്നു.
കോഴിക്കോട്: ജില്ലയില്‍ വനം-റവന്യു വകുപ്പുകള്‍ തമ്മിലുള്ള ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കുമെന്ന് റവന്യുമന്ത്രി എ.പി. അനില്‍കുമാര്‍. തിരുവമ്പാടിയില്‍ നടന്ന "കര്‍ഷക സുരക്ഷ-വന്യജീവി സംഘര്‍ഷ ലഘൂകരണം' സംസ്ഥാനതല കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യു വകുപ്പിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. വന്യജീവി ശല്യം മൂലം ജീവഹാനിയും കൃഷിനാശവും ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പണ്ട് വിളവെടുക്കുന്ന കര്‍ഷകര്‍ കാലാവസ്ഥയെ മാത്രമാണ് ഭയപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് വന്യജീവി ആക്രമണങ്ങളെയും ഭയക്കേണ്ട സാഹചര്യമാണുള്ളത്. വണ്ടൂര്‍ മണ്ഡലത്തില്‍ പലതവണ എംഎല്‍എയായിരുന്ന തനിക്ക് ആദ്യ രണ്ടുതവണ നിയമസഭയില്‍ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉന്നയിക്കേണ്ടി വന്നിട്ടില്ല.
എന്നാല്‍ മൂന്നാം തവണ എംഎല്‍എയായപ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കേണ്ടിവന്നു. കാലം കഴിയുന്തോറും വന്യജീവി ആക്രമണങ്ങളുടെ തോത് വര്‍ധിച്ചുവരുന്നതിന്റെ തെളിവാണിതെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സി. അച്യുതമേനോന് സ്മാരക അവാര്‍ഡ് നേടിയ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. ജനകീയാസൂത്രണ പദ്ധതിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. പ്രിയ മോഹന്‍ തയാറാക്കിയ "കൃഷിഭദ്രത' പദ്ധതിയുടെ റിപ്പോര്‍ട്ട് കൃഷി മന്ത്രി ടി. സിദ്ദിഖിന് കൈമാറി.