പ്രതീകാത്മക ചിത്രം
മലപ്പുറം: നാലാംഘട്ട പേവിഷ പ്രതിരോധ കുത്തിവയ്പ് യജ്ഞത്തിന് ജില്ലയിൽ തുടക്കമായി. മൃഗസംരക്ഷണ വകുപ്പിന്റെ ഉൗർജിത പേവിഷബാധ നിർമാർജന പദ്ധതി പ്രകാരമുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ വെറ്ററിനറി കേന്ദ്രം കോണ്ഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർഹാജി നിർവഹിച്ചു. പേവിഷബാധ നിർമാർജനം ചെയ്യുന്നതിന് എല്ലാ വളർത്തുനായകൾക്കും പൂച്ചകൾക്കും പേവിഷബാധ പ്രതിരോധ കുത്തിവയ്പ് നൽകി സഹകരിക്കണമെന്ന് ജബ്ബാർഹാജി ആവശ്യപ്പെട്ടു. തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനും എബിസി പദ്ധതി നടപ്പാക്കുന്നതിനും ജില്ലാ പഞ്ചായത്തിന്റെ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.
ചടങ്ങിൽ ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. എസ്. നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. ചികിത്സ ഇല്ലാത്തതും അതീവമാരകവുമായ ജന്തുജന്യ രോഗമാണ് പേവിഷബാധ. ഈ വിപത്തിനെ പൂർണമായും ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ അസ്കാഡ് പദ്ധതിയുടെ ഭാഗമായി സർക്കാർ നടപ്പാക്കുന്ന സമഗ്ര പദ്ധതിയാണ് റാബീസ് ഫ്രീ കേരള വാക്സിനേഷൻ കാന്പയിൻ (ആർഎഫ്കെവിസി).
മലപ്പുറം ജില്ലയിൽ 2019 സെൻസസ് പ്രകാരം ആകെ 18277 ഒക്ടോബർ 27 വരെയുള്ള പ്രവൃത്തിദിവസങ്ങളിൽ നടക്കുന്ന ഈ ദൗത്യം വഴി ജില്ലയിലെ മുഴുവൻ വളർത്തുമൃഗങ്ങൾക്കും (നായ,പൂച്ച) കുത്തിവയ്പ് നടത്തുകയും പേവിഷബാധ നിർമാർജനം ചെയ്യുകയാണ് പദ്ധതി ലക്ഷ്യം.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഷാഹിന നിയാസി അധ്യക്ഷത വഹിച്ചു. ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ ഡോ. എ.ആർ. ഷാലി, ഡോ. ഷൗക്കത്തലി വടക്കുംപാടം ഡെപ്യൂട്ടി ഡയറക്ടർ (എഎച്ച്), ആതവനാട് എൽഎംടിസി ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.പി. മുജീബ്റഹ്മാൻ, കോട്ടക്കൽ സീനിയർ വെറ്ററിനറി സർജൻ ഡോ. പി. കാർത്തികേയൻ, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. എ. ഷമീം എന്നിവർ പ്രസംഗിച്ചു.