കോൺക്ലേവ് മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു.
തിരുവന്പാടി: വന്യ ജീവി സംഘര്‍ഷങ്ങളിലും പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട ആശങ്കകളിലും പൊറുതി മുട്ടുന്ന കര്‍ഷകര്‍ക്ക് പുതുപ്രതീക്ഷയേകി കര്‍ഷക സുരക്ഷ-വന്യജീവി സംഘര്‍ഷ ലഘൂകരണ സംസ്ഥാനതല കോണ്‍ക്ലേവ്. കര്‍ഷക സുരക്ഷയക്ക് മുന്‍ തൂക്കം നല്‍കുകയാണ് ലക്ഷ്യമെന്നും അതിനായി ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും കോണ്‍ക്ലേവില്‍പങ്കെടുത്ത മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ചു. കർഷക സുരക്ഷയും വന്യജീവി സംഘർഷ ലഘൂകരണവും കർഷകരുടെ മാത്രം വിഷയമല്ലെന്നും കാർഷിക മേഖലയുടെ നിലനിൽപ്പുമായി ബന്ധപ്പെട്ട സാമൂഹിക വിഷയമാണെന്നും മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. കർഷകർക്ക് ആത്മവിശ്വാസത്തോടെ കാർഷിക ഭൂമിയിൽ തുടരാൻ ആവശ്യമായ സുരക്ഷയും പിന്തുണയും ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് ക്രോപ്പ് സെൻട്രിക്, ഏരിയ സ്പെസിഫിക്, സ്പീഷീസ് അധിഷ്ഠിത സമീപനങ്ങളാണ് സ്വീകരിക്കുക. ഓരോ പ്രദേശത്തെയും കൃഷിരീതി, വന്യജീവി സാന്നിധ്യം, ഭൂപ്രകൃതി തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചായിരിക്കും പ്രതിരോധ സംവിധാനങ്ങൾ രൂപപ്പെടുത്തുക. കർഷകരുടെ നേരിട്ടുള്ള അനുഭവങ്ങൾ, ശാസ്ത്രീയ പഠനങ്ങൾ, നൂതന സാങ്കേതികവിദ്യകൾ, സ്റ്റാർട്ടപ്പുകളുടെ ആശയങ്ങൾ എന്നിവ ഏകോപിപ്പിച്ച് പ്രവർത്തനാധിഷ്ഠിത നിർദേശങ്ങൾ രൂപപ്പെടുത്തും.
കൃഷി-വനംവകുപ്പുകളിലെ ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ, കർഷക പ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവരെ ഉൾപ്പെടുത്തി കഴിഞ്ഞ രണ്ടര മാസമായി നടത്തിയ ചർച്ചകളുടെയും പഠനങ്ങളുടെയും തുടർച്ചയാണ് കോൺക്ലേവ്. ഇവിടെ ഉയരുന്ന നിർദേശങ്ങൾ ക്രോഡീകരിച്ച് സമഗ്രമായ രൂപരേഖ, കർമപദ്ധതി, പൈലറ്റ് പദ്ധതികൾ എന്നിവയ്ക്ക് തുടക്കമിടുമെന്നും കൃഷിമന്ത്രി വ്യക്തമാക്കി. ഇഎസ്എ വിഷയത്തില്‍ ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിതല സംഘവും ഉദ്യോഗസ്ഥരും ഡൽഹിയിലെത്തി കേന്ദ്ര അധികാരികളെ നേരിൽ കാണുമെന്നും മന്ത്രി വ്യക്തമാക്കി.
വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കാണുന്നതിന് കൃത്രിമ ബുദ്ധി, വിദൂര സംവേദനം, കാമറ നിരീക്ഷണം, മുന്നറിയിപ്പ് സംവിധാനങ്ങൾ, ഭൂപടബന്ധിത അടയാളപ്പെടുത്തൽ, ഡിജിറ്റൽ റിപ്പോർട്ടിംഗ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുമെന്നും ടി. സിദ്ദിഖ് പറഞ്ഞു.
കോണ്‍ക്ലേവ് മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ സി.കെ. കാസിം, വി.ടി. സൂരജ്, വിദ്യ ബാലകൃഷ്ണൻ, പി.കെ. ഫിറോസ്, കെ.എം. അഭിജിത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ മില്ലി മോഹൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് എന്നിവരും വനം, കൃഷി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ധരും കർഷക പ്രതിനിധികളും പങ്കെടുത്തു."കർഷക സുരക്ഷയ്ക്കായുള്ള സർക്കാർ സംരംഭങ്ങൾ-കേരളത്തിലെ വന്യജീവി സംഘർഷ പരിപാലനം' എന്ന വിഷയത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുകഴേന്തിയുടെ ക്ലാസോടെ സാങ്കേതിക സെഷൻ ആരംഭിച്ചു. വിവിധ സാങ്കേതിക മേഖലകളിലെ വിദഗ്ധർ തുടർന്നുള്ള സെഷനുകളിൽ വിഷയാവതരണം നടത്തി.
Tags :