പ്രതീകാത്മക ചിത്രം
കോഴിക്കോട്: റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലും തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് തുടർനടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ
തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേങ്ങൾ നൽകണം.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ എടുത്ത നടപടികൾ ബന്ധപ്പെട്ട റെയിൽവേ സ്റ്റേഷൻ അധികൃതർ റെയിൽവേ ഡിവിഷണൽ മാനേജറെ ബോധിപ്പിക്കണം. തുടർനടപടികൾക്ക് അദ്ദേഹം മേൽനോട്ടം വഹിക്കണം. പാലക്കാട് ഡിവിഷന് കീഴിലുള്ള കോഴിക്കോട്, കണ്ണൂർ, തിരൂർ, ഫറോക്ക് തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിൽ വര്ധിച്ചുവരുന്ന തെരുവുനായ ആക്രമണം സംബന്ധിച്ച പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കോഴിക്കോട്, കണ്ണൂർ റെയിൽവേ ഫ്ലാറ്റ്ഫോമിൽ യാത്രക്കാർക്ക് തെരുവുനായകളുടെ കടിയേറ്റ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഉത്തരവിൽ പറഞ്ഞു. തെരുവുനായകളെ നിയന്ത്രിക്കുന്നതിനായി നടപടി സ്വീകരിക്കാൻ കമ്മിഷൻ നേരത്തെയും നിർദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ആവശ്യമായ നടപടികൾ സ്വീകരിച്ചതായി കാണുന്നില്ല.
യാത്രക്കാരുടെ സുരക്ഷയെയും പൊതുജനങ്ങളുടെ സ്വതന്ത്രമായ യാത്രാവകാശത്തെയും നേരിട്ട് ബാധിക്കുന്ന ഇത്തരം സാഹചര്യങ്ങൾ ഗൗരവത്തോടെ കാണണം.
കുട്ടികൾ, വയോജനങ്ങൾ, സ്ത്രീകൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് ഇത്തരം സാഹചര്യങ്ങൾ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. തെരുവുനായകളെ സ്റ്റേഷനിൽനിന്നും നീക്കാൻ റെയിൽവേക്ക് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഫലപ്രദമായ പരിഹാരം കാണാൻ കഴിയുന്നതാണെന്ന് മനുഷ്യാവകാശ കമ്മിഷൻ കെ. ബൈജുനഥ് ഉത്തരവിൽ പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews