കുട്ടനാട്: യുഡിഎഫ് സർക്കാർ മിച്ചഭൂമിയായി ഏറ്റെടുത്തു നൽകിയ റാണി, ചിത്തിര കായൽ നിലങ്ങളിലെ കർഷകർക്ക് അവരുടെ കൃഷിയിടം അതിരുതിരിച്ച് കൃഷി ചെയ്യുവാനുള്ള അവസരമൊരുക്കണമെന്ന ആവശ്യം ശക്തം. കായൽ രാജാവായ മുരിക്കനിൽ നിന്ന് ഭൂപരിഷ്കരണ നിയമത്തിലൂടെ ഏറ്റെടുത്ത റാണി, ചിത്തിര, മാർത്താണ്ഡം കായൽനിലങ്ങൾ ഭൂരഹിതരായ കർഷകർക്കും കർഷക തൊഴിലാളികൾക്കും മിച്ചഭൂമിയായി 90 സെന്റ് വീതം പതിച്ച് നൽകിയിരുന്നു.
കൃഷിഭൂമി ലഭിച്ച കർഷകർ ഇതര പൊതുമേഖലാ ബാങ്കുകളിൽ നിന്നും സഹകരണ സംഘങ്ങളിൽ നിന്നും വായ്പയെടുത്ത് വിജയകരമായികൃഷി നടത്തിപ്പോന്നു. എന്നാൽ കാർഷിക മേഖലയിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന കൃഷിനാശവും നെല്ല് സംഭരണം നടത്താൻ സർക്കാർ തല ഏജൻസികൾ തയാറാകാത്തതും, സ്വകാര്യ നെല്ല് പുഴുക്ക്, കുത്ത് മേഖലയിൽ നിന്നും യഥാസമയം നെല്ലെടുക്കാത്ത സാഹചര്യവും, ഓരുവെള്ള ഭീഷണിയും മൂലം ദീർഘകാലം കർഷകർക്ക് കൃഷി ഉപേക്ഷിക്കേണ്ടി വന്നു.
എന്നാൽ മാർത്താണ്ഡം കായലിലെ നില ഉടമകൾ കൃഷി വിജയകരമായി നടത്തിപ്പോരുന്നുണ്ട്. റാണി, ചിത്തിര കായലുകൾ ദീർഘകാലം അനാഥമായി കിടന്ന സാഹചര്യത്തിൽ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി താത്പര്യമെടുത്ത് കുട്ടനാട് കാർഷിക പാക്കേജിൽ ഇത് ഉൾപ്പെടുത്തി. വേമ്പനാട്ടുകായലുമായി ഏതാണ്ട് ലയിച്ചു കിടന്നിരുന്ന ഈ കായൽ നിലങ്ങളുടെ പുറം ബണ്ടുകൾ പൈൽ ആൻഡ് സ്ലാബ് ഉപയോഗിച്ച് ബലപ്പെടുത്തി. കൃഷി യോഗ്യമാക്കി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഒരു സ്വകാര്യ വ്യക്തിക്ക് മൂന്നുവർഷത്തേക്ക് നിലമൊരുക്കി കൃഷി ചെയ്യുന്നതിന് പാട്ടത്തിന് കൊടുത്തു.
മൂന്നുവർഷത്തിനുശേഷം ഈ കായലുകൾ പട്ടയം ലഭിച്ച കർഷകർക്ക് അളന്ന് തിരിച്ച് കൃഷി ചെയ്യാം എന്നതായിരുന്നു അന്നത്തെ സർക്കാർ തീരുമാനം. ഇത് വരുന്നതോടെ മിച്ചഭൂമിയായി ഏറ്റെടുത്ത മൂന്ന് കായലുകളിലായി ഏതാണ്ട് രണ്ടായിരത്തിനു മുകളിൽ കർഷകരാണ് കൃഷിക്കായി അവിടേക്ക് എത്തേണ്ടിയിരുന്നത്. എന്നാൽ ഇതുണ്ടായില്ല. നെല്ല് സംഭരണത്തിന് കേരള സർക്കാർ അനുവദിച്ച ആറു രൂപ 13 പൈസ, രണ്ട് ഹെക്ടറിന് താഴെ കൃഷിയുള്ള കർഷകർക്കേ നൽകാവൂ എന്നതാണ് വ്യവസ്ഥ. ഈ നിയമം യുഡിഎഫ് സർക്കാരും നടപ്പിലാക്കണം.
എങ്കിൽ മാത്രമേ ചെറുകിട നാമമാത്ര കർഷകർക്ക് കൃഷി ചെയ്യാനുള്ള അവസരം ലഭ്യമാകൂ. ഈ സാഹചര്യത്തിൽ അടിയന്തരമായി സാറ്റലൈറ്റ് സർവേ നടത്തി തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് റാണി, ചിത്തിര, കായലുകളിലെ കർഷകർക്ക് അതിര് വരമ്പുകൾ തിരിച്ചു നൽകണമെന്നും കർഷകർ പറയുന്നു. യഥാർഥ കർഷകർക്ക് അവരുടെ സ്വപ്നഭൂമി തിരികേ കൊടുക്കണമെന്നാണ് ആവശ്യം.

കുട്ടനാട്: പത്ത് വർഷമായി കർഷകർക്ക് അവരുടെ അവകാശപ്പെട്ട കൃഷിഭൂമിയിൽ കൃഷി ചെയ്യുവാനുള്ള അവസരം നൽകാതിരുന്ന നടപടി പ്രതിഷേധാർഹമാണ്. റാണി, ചിത്തിര കായലുകളിൽ കുട്ടനാട് അഗ്രികൾച്ചർ അസോസിയേഷൻ എന്ന പേരിലുള്ള സംഘടന പാടശേഖരസമിതികളെ സ്വാധീനിച്ച് കൃഷി ചെയ്തുവരുന്നു.
എന്നാൽ ഈ കൃഷി രീതി വഴി കർഷകർക്ക് യാതൊരുവിധ നേട്ടവും നിലവിൽ ലഭിക്കുന്നില്ല. സർക്കാർ നൽകുന്ന ഹെക്ടറിന് 5000 രൂപയും പ്രോത്സാഹന ബോണസായി 1000 രൂപയും, അടക്കം 6000 രൂപയും പാടശേഖരസമിതിയുടെ ഒത്താശയോടെ ഇക്കൂട്ടർ കൈപ്പറ്റുന്നെന്ന പരാതി വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.
ഇതു സംബന്ധിച്ച് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.
Tags : NattuVishesham DistrictNews