അറസ്റ്റിലായ സുനില്‍കുമാര്‍, അജിത്ത് എന്നിവർ.
അഞ്ചല്‍ : 29 വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവാവിന്റെ കൈ വെട്ടിമാറ്റിയ കേസില്‍ രണ്ടു പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. ഏരൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ കരിമ്പിന്‍കോണം തലക്കല്‍ പുത്തന്‍ വീട്ടില്‍ സുനില്‍ കുമാര്‍ (52) അശോക മന്ദിരത്തില്‍ അജിത്ത് (49) എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി ശരിവച്ചത്. 1997 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ഏരൂര്‍ ജംഗ്ഷനില്‍ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ഏരൂര്‍ സ്വദേശിയും ടാക്സി ഡ്രൈവറുമായിരുന്ന ബൈജു എന്നയാളുടെ കൈയാണ് നാലംഗ സംഘം വെട്ടിമാറ്റിയത്.
കേസില്‍ ഒന്നാം പ്രതിയായ സുനില്‍കുമാര്‍ നാലാം പ്രതി അജിത്ത് എന്നിവരെ കൊട്ടാരക്കര അഡീഷണല്‍ സെഷന്‍സ് കോടതി ആറും മൂന്നും വര്‍ഷം വീതം ശിക്ഷ വിധിച്ചിരുന്നു.
എന്നാല്‍ ശിക്ഷാ വിധിയെ ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രതികളുടെ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. എന്നാല്‍ നീണ്ട വിചാരണകള്‍ക്ക് ശേഷം കീഴ്ക്കോടതിയുടെ ശിക്ഷാവിധ ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.
ഇതോടൊപ്പം പ്രതികളുടെ ജാമ്യവും കോടതി റദ്ദ് ചെയ്തു. ഇതേ തുടര്‍ന്നാണ് ഏരൂര്‍ എസ്എച്ച്ഒ ബിന്‍സിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം കരിമ്പിന്കോണത്തു നിന്ന് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.
ഇവരെ ഇന്നലെ രാവിലെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി സബ് ജയിലിലേക്ക് മാറ്റി. കേസില്‍ മൂന്നാം പ്രതി വിചാരണക്കിടെ മരിച്ചു. രണ്ടാംപ്രതി ഇപ്പോഴും കേസിന്റെ വിചാരണ നേരിടുകയാണ്. വാദിയായ ബൈജുവും പിന്നീട് മരിച്ചു.
Tags : Nattuvishesham DistrictNews DeepikaNews