ഷിബിൻ
പൂവാർ: പ്രദേശത്തെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണ പരമ്പര നടത്തിവന്ന പ്രതിയെ കാഞ്ഞിരംകുളം പൊലിസ് അറസ്റ്റ് ചെയ്തു. കരുംകുളം പുതിയതുറ തോട്ടം പുരയിടം വീട്ടിൽ ഷിബിൻ (27) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസങ്ങളിലായികാഞ്ഞിരംകുളം, പുതിയതുറ മേഖലകളിലെ പള്ളികളിലാണ് മോഷണം നടന്നത്. ഞായറാഴ്ച കാഞ്ഞിരംകുളം നിത്യസഹായമാതാ മലങ്കര കത്തോലിക്ക പള്ളിയിലെ ജനൽകമ്പി മുറിച്ചുമാറ്റി അകത്തുകടന്ന ഷിബിൻ മൂന്നു കാണിക്കപ്പെട്ടികൾ പൊട്ടിച്ച് പണം അപഹരിച്ചു. നേർച്ചയായി സമർപ്പിച്ച 16 സ്വർണപൊട്ടുകളും മോഷ്ടിച്ചു.
വെള്ളിയാഴ്ച പുതിയതുറ സെന്റ് നിക്കോളസ് ദേവാലയത്തിൽ കയറി നേർച്ചപ്പെട്ടികളിൽനിന്നും 25,000 രൂപയാണ് കവർന്നത്.
ജനൽ കമ്പികൾ അറുത്തുമാറ്റി അകത്തുകടന്നു മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി. സിസിടിവി കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരേ കാഞ്ഞിരംകുളം പൊലിസിൽ നിരവധി കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.