എല്‍ഡിഎഫ് കോഴിക്കോട് ആദായ നികുതി ഓഫിസിലേക്ക് നടത്തിയ മാർച്ച്.
കോഴിക്കോട്: ജനാധിപത്യത്തിന്റെ കാവലാളായി പ്രവർത്തിക്കേണ്ട മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ സംഘപരിവാറിന്റെ കളിപ്പാവയായി മാറിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. രാജൻ എംഎൽഎ. യാതൊരു മാനദണ്ഡവുമില്ലാതെ കോടിക്കണക്കിന് മനുഷ്യരെയാണ് വോട്ടർ പട്ടികയിൽനിന്ന് വെട്ടിമാറ്റിയത്. രാജ്യത്ത് ബിജെപിക്ക് അധികാരത്തിലിരിക്കാനുള്ള എല്ലാവിധ ഒത്താശയും ചെയ്തു കൊടുക്കുകയാണ് അദ്ദേഹമെന്നും കെ. രാജൻ പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും ക്രമക്കേടുകൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിൽ കോഴിക്കോട് ആദായനികുതി ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജെ.എൻ. പ്രേംഭാസിൽ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ്, സംസ്ഥാന കമ്മിറ്റിയംഗം പി. മോഹനൻ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ്, വി. കുഞ്ഞാലി, കെ. ലോഹ്യ, സി. സത്യചന്ദ്രൻ ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്കി.
നൂറുകണക്കിനാളുകൾ പങ്കെടുത്ത മാർച്ച് മുതലക്കുളത്ത് നിന്നുമാണ് ആരംഭിച്ചത്. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കുകയും ബിജെപിയുടെ അജണ്ടകൾ നടപ്പിലാക്കുകയും ചെയ്യുന്ന ഗ്യാനേഷ് കുമാറിനെതിരേ ഇടതുപാർട്ടികൾ നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്. മാര്‍ച്ചുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് പൊലിസ് ഒരുക്കിയത്. ഗതാഗതം വൈഎംസിഎ റോഡിലൂടെ വഴിതിരിച്ചിവിട്ടു. ഇതോടെ നഗരത്തില്‍ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.