വിജയിച്ച യുഡിഎഫ് സ്ഥാനാർഥി അമി തിലക് സുധീർഷാ പാലോട് എംഎൽഎയ്ക്കൊപ്പം.
തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ യുഡിഎഫിന് കനത്ത പരാജയം. തിരുവനന്തപുരം ജില്ലയിലെ അഞ്ച് തദ്ദേശസ്വയംഭരണ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മൂന്നിടത്തും യുഡിഎഫ് രണ്ടിടത്തും വിജയിച്ചു.
യുഡിഎഫിന്റെ രണ്ട് സിറ്റിംഗ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ രണ്ട് സിറ്റിംഗ് വാർഡുകൾ യുഡിഎഫിന് നഷ്ടമായി. എംഎൽഎ രമ്യ ഹരിദാസും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മിലുണ്ടായ കൈയാങ്കളിയിൽ ജനങ്ങൾക്കുള്ള രോഷം വോട്ടിലൂടെ പ്രതിഫലിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി അമി തിലക് 3019 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ജില്ലാ പഞ്ചായത്തംഗമായിരുന്ന കോണ്‍ഗ്രസിലെ സുധീർഷാ പാലോട് വാമനപുരം എംഎൽഎ ആയതോടെ ജില്ലാപഞ്ചായത്തംഗ സ്ഥാനം രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി ബിജിമോൾ 359 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.
വർക്കല ബ്ലോക്ക് പഞ്ചായത്ത് ഒറ്റൂർ ഡിവിഷനിൽ നിന്നും എൽഡിഎഫിലെ പി.ബീന 925 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു. മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി രമ്യ വി. തുളസി 139 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് എൽഡിഎഫ് പിടിച്ചെടുത്തത്. ഇതോടെ മംഗലപുരം പഞ്ചായത്ത് ഭരണം മുന്നോട്ടു കൊണ്ടു പോകാനുള്ള പ്രതിസന്ധി എൽഡിഎഫിന് ഒഴിവായി. ഇവിടെ കോണ്‍ഗ്രസ്, എൽഡിഎഫ്, ബിജെപി എന്നീ കക്ഷികൾക്ക് തുല്യ കക്ഷി നിലയായിരുന്നു. തിരുപുറം പഞ്ചായത്തിലെ പഴയകട വാർഡ് യുഡിഎഫ് നിലനിർത്തി . യുഡിഎഫിലെ സുനിൽ സിഎസ്. 169 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ചിറയിൻകീഴിലെ കൈയാങ്കളി സീറ്റുനഷ്ടമാക്കി ?
തിരുവനന്തപുരം: ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ രണ്ട് സിറ്റിംഗ് സീറ്റുകളിലെ തോൽവി, കൈ യാങ്കളി വിവാദം പ്രതിഫലിച്ചെന്ന് കോണ്‍ഗ്രസ് പ്രവർത്തകർ.
എംഎൽഎ രമ്യ ഹരിദാസിനോട് ജനങ്ങൾക്കുള്ള നീരസവും കോണ്‍ഗ്രസ് പ്രവർത്തകരുടെ വിയോജിപ്പും തോൽവിക്കു കാരണമായെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷനിലും മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡിലുമാണ് കോണ്‍ഗ്രസ് പരാജയപ്പെട്ടത്. ഈ രണ്ടു സീറ്റുകളും കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നു.
ചിറയിൻകീഴിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും രമ്യ ഹരിദാസ് എംഎൽഎയും തമ്മിൽ നടന്ന കൈയാങ്കളിയുടെ ദൃശ്യങ്ങൾ വാർത്താമാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും പ്രചരിച്ചത് വ്യാപക ചർച്ചക്ക് വഴിവച്ചിരുന്നു. രമ്യ ഹരിദാസിന്റെ പരാതിയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്തംഗവുമായ സജിത്ത് മുട്ടപ്പലം ഉൾപ്പെടെയുള്ളവർക്കെതിരെ പൊലിസ് കേസെടുത്തിരുന്നു.
പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സജാദ്, രമ്യയുടെ സഹായി പാളയം പ്രദീപ് എന്നിവരെ ഈ സംഭവത്തിന്റെ പേരിൽ സസ്പെന്റ് ചെയ്തിരുന്നു. രമ്യഹരിദാസിനെതിരെ കടുത്ത നടപടി വേണമെന്ന് ഒരു വിഭാഗം മുതിർന്ന കോണ്‍ഗ്രസ് നേതാക്കളും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും കടുത്ത നിലപാട് സ്വീകരിച്ചിരുന്നു.
ഉപതെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഈ വിഷയം ചർച്ചയായതോടെ വിഷയം തണുപ്പിക്കാൻ കോണ്‍ഗ്രസ് നേതൃത്വം രമ്യയെയും സജിത്തിനെയും കെപിസിസി പ്രസിഡന്റ് താക്കീത് ചെയ്തിരുന്നു. എന്നാൽ ഈ താക്കീത് വോട്ടർമാരും കോണ്‍ഗ്രസ് പ്രവർത്തകരും അംഗീകരിക്കാത്തതാണ് തോൽവിയിൽ കലാശിച്ചതെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്.