കൊല്ലം ജില്ലയിലെ ഏറ്റവും നീളമുള്ള ഉയരപ്പാത കരുനാഗപ്പള്ളിയില്‍
കരുനാഗപ്പള്ളി: ഒന്നരക്കിലോമീറ്റര്‍ നീളത്തില്‍ കരുനാഗപ്പള്ളിയില്‍ ജില്ലയിലെ ഏറ്റവും വലിയ ഉയരപ്പാത പൂര്‍ത്തിയാവുന്നു. ദേശീയപാത 66ന്റെ ഭാഗമായാണ് കരുനാഗപ്പള്ളിയില്‍ ഉയരപ്പാത നിര്‍മിക്കുന്നത്. ആദ്യം 1.2 കിലോമീറ്റര്‍ നീളത്തിലായിരുന്നു ഉയരപ്പാത തീരുമാനിച്ചത്. പിന്നീട് അത് 1.65 കിലോമീറ്റര്‍ ആക്കുകയായിരുന്നു. ലാലാജി ജംഗ്ഷന്‍മുതല്‍ സിവില്‍ സ്റ്റേഷന് വരെയാണ് ആദ്യം തീരുമാനിച്ചത്. പിന്നീട് ഹൈസ്കൂള്‍ ജംഗ്ഷനും കടന്ന് താലൂക്ക് ആശുപത്രിവരെയാക്കുകയായിരുന്നു.
നിലവില്‍ ലാലാജി ജംഗ്ഷന്‍മുതല്‍ ഹൈസ്കൂള്‍ ജംഗ്ഷന്‍വരെയാണ് ഉയരപ്പാതയുടെ നിര്‍മാണം നടക്കുന്നത്. ഇതില്‍ പടിഞ്ഞാറുവശത്ത് തൂണുകളും ബീമുകളും നിര്‍മിച്ചുകഴിഞ്ഞു. കോണ്‍ക്രീറ്റ് ജോലികളും പൂര്‍ത്തീകരിച്ചു. കിഴക്കുവശത്ത് തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയാകാനുണ്ട്.
നിര്‍മാണപ്രവൃത്തികള്‍ മാസങ്ങളായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. കരാര്‍ കമ്പനിയുമായുള്ള ധാരണപ്രകാരം നിര്‍മാണം പുനരാരംഭിക്കാന്‍ എന്‍എച്ച്എഐ തീരുമാനിച്ചു. കൊറ്റുകുളങ്ങര മുതല്‍ കാവനാടുവരെ നീളുന്ന റീച്ചില്‍ ആദ്യ രൂപരേഖ പ്രകാരമുള്ള നിര്‍മാണപ്രവൃത്തികളും അതിനൊപ്പം കൂട്ടിച്ചേര്‍ത്ത പ്രവൃത്തികളുമാണ് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍, ഇതുവരെ നിര്‍മാണം പുനരാരംഭിച്ചിട്ടില്ല. നിര്‍മാണ സാമഗ്രികളും യന്ത്രങ്ങളും എത്താത്തതാണ് കാരണമെന്നാണ് വിവരം. പണി പുനരാരംഭിക്കുന്നതോടെ കരുനാഗപ്പള്ളിയിലെ ഉയരപ്പാതയുടെ നീളം കൂട്ടുന്ന ജോലികളും തുടങ്ങും. ഉയരപ്പാതയ്ക്കു താഴെ ഇരുവശത്തുമായി സര്‍വീസ് റോഡുകളും ഉണ്ടാകും.
1.65 കിലോമീറ്റര്‍ നീളത്തിലുള്ള ഉയരപ്പാത പൂര്‍ത്തിയാകുന്നതോടെ പാലത്തിന് അടിഭാഗം വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി നഗരത്തിലെ ടാക്സി സ്റ്റാന്‍ഡുകള്‍ പലതും ഇല്ലാതായി. അതിനാല്‍ പാലത്തിന്റെ അടിഭാഗത്ത് ടാക്സി സ്റ്റാന്‍ഡുകള്‍ അനുവദിക്കണമെന്നാണ് ആവശ്യം. നഗരം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയാണ് പാര്‍ക്കിംഗ്. നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാന്‍ ഇടമില്ല.
ഈ സാഹചര്യത്തില്‍ കുറച്ചുഭാഗം നഗരസഭയുടെ നിയന്ത്രണത്തില്‍ പാര്‍ക്കിങ്ങിനായി ഉപയോഗപ്പെടുത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്. ബാഡ്മിന്റണ്‍, വോളിബോള്‍ തുടങ്ങി വിവിധ കായിക ഇനങ്ങള്‍ക്കായി സ്ഥലം മാറ്റിവയ്ക്കണമെന്നും ആവശ്യമുണ്ട്.
Tags :