പ്രതീകാത്മക ചിത്രം
കഴക്കൂട്ടം : ടെക്നോപാർക്ക് ജീവനക്കാരിക്കെതിരേ ലൈഗികാതിക്രമം നടത്തുകയും ഫ്ലാറ്റിൽ കയറി ആക്രമിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി തട്ടുകട തകർക്കുകയും ഉടമയെ ആക്രമിക്കുകയും ചെയ്തു.
സെപ്റ്റംബർ 20ന് അറസ്റ്റ് ചെയ്ത് റിമാന്റിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ ഇറങ്ങിയ കാട്ടായികോണം കാവുവിളാകത്ത് വീട്ടിൽ കിരൺജിത്ത് (36) ആണ് ഇന്നലെ വൈകുന്നേരം തട്ടുകടയിൽ കയറി പണം ആവശ്യപ്പെട്ടത്. പണം നൽകാൻ ഉടമ വിസമ്മ തിച്ചതിനെത്തുടർന്ന് ആക്രമിക്കുകയും ഭക്ഷണ സാധനങ്ങൾ തറയിലെടുത്തെറിയുകയും കട തകർക്കുകയും ചെയ്യുകയായി രുന്നു. ചെമ്പഴന്തി ആനന്ദേശ്വരം ജംഗ്ഷനു സമീപം "മൊഹബത്തിന്റെ ചായക്കട' നടത്തുന്ന അണിയൂർ സ്വദേശി സജിനാണ് (45) ആക്രമണത്തിൽ പരിക്കേറ്റത്.
ചൊവ്വാഴ്ച വൈകുന്നേരം 6.45-ഓടെ മദ്യലഹരിയിലെത്തിയ കിരൺജിത്തും കൂടെയുണ്ടായിരുന്ന ആനന്ദേശ്വരം സ്വദേശി ദീപു എന്നയാളും ചേർന്നു കടയിലെ ഭക്ഷണസാധനങ്ങൾ നശിപ്പിക്കുകയും ചപ്പാത്തിപ്പലക കൊണ്ട് സജിനെ തലയ്ക്കടിയ്ക്കുകയുമായിരുന്നു. പരിക്കേറ്റ സജിൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. കഴക്കുട്ടം പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതി വിജയകുമാറിനും (ബോംബെ കുമാർ) രണ്ടാം പ്രതി കിരൺജിത്തിനും കഴിഞ്ഞ ദിവസമാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങി ദിവസങ്ങൾക്കകമാണ് പ്രതി വീണ്ടും സമാനമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടത്. കിരൺജിത്ത് നിരവധി കേസുകളിലെ പ്രതിയാണ്. സംഭവത്തിൽ കഴക്കൂട്ടം പൊലിസ് അന്വേഷണം ആരംഭിച്ചു.
Tags : Nattuvishesham DistrictNews DeepikaNews