സീനയെ എടുത്തുയർത്തി ആഹ്ലാദം പ്രകടിപ്പിക്കുന്ന പ്രവർത്തകർ.
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറ വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചുവെങ്കിലും യുഡിഎഫിന് ഷോക് ട്രീറ്റ്മെന്റ്. യുഡിഎഫ് സംസ്ഥാന ഭരണത്തിലേറി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലുണ്ടായ മങ്ങിയ ജയം കോഴിക്കോട് ജില്ലയില്‍ യുഡിഎഫ് സംവിധാനത്തിന് ക്ഷീണമാകുകയും ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ഥി ഫര്‍സീന അറയ്ക്കല്‍ (മുസ്ലിം ലീഗ്) 436 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഫര്‍സീന 2711 വോട്ടുകള്‍ നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.ടി. ജംഷീനയ്ക്ക് (ഐഎന്‍എല്‍) 2275 വോട്ടുകള്‍ ലഭിച്ചു. 204 വോട്ടുകളാണ് എന്‍ഡിഎ സ്ഥാനാര്‍ഥി കെ. ജീജയ്ക്ക് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥികളായ ജംസീന 46ഉം ഫര്‍സാന 45ഉം വോട്ടുകള്‍ നേടി.
കുറ്റിച്ചിറ ഡിവിഷന് കൗണ്‍സിലറായിരുന്ന ഫാത്തിമ തഹ്ലിയ പേരാമ്പ്ര എംഎല്‍എ ആയതോടെയാണ് കുറ്റിച്ചിറയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 2025ല്‍ ഫാത്തിമ തഹ്ലിയയ്ക്ക് ലഭിച്ച 2273 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ ലഭിക്കില്ലെന്ന് യുഡിഎഫ് നേതൃത്വം കണക്കുകൂട്ടിയിരുന്നു. എന്നാലും ഏറ്റവും കുറഞ്ഞത് 1000 വോട്ടിന്റെ ഭൂരിപക്ഷത്തിനെങ്കിലും ജയിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ, ഇത് 436ലേക്ക് ചുരുങ്ങിയത് യുഡിഎഫിന് ക്ഷീണമായി. ഭരണവിരുദ്ധവികാരം ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നാണ് പ്രതിപക്ഷം അവകാശപ്പെടുന്നത്. 2025ല്‍ 2273 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ഫാത്തിമ തഹ്ലിയയുടെ വിജയം.
അന്ന് ആകെ പോള്‍ ചെയ്ത 5603 വോട്ടില്‍ 3740 വോട്ട് നേടാന്‍ തഹ്ലിയയ്ക്ക് കഴിഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ.പി.റഹിയാനത്തിന് 1467 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി കെ. ജീജയ്ക്ക് 274 വോട്ടുമാണ് അന്ന് ലഭിച്ചത്. ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പില്‍ ആകെ 54.38 ശതമാനമാണ് പോളിംഗ്. കഴിഞ്ഞ തവണ 58 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ 9712 വോട്ടര്‍മാരില്‍ 5281 പേര് വോട്ട് ചെയ്തു. കഴിഞ്ഞ തവണ 5603 പേര് വോട്ടുചെയ്തിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews