പ്രതീകാത്മക ചിത്രം
കൽപ്പറ്റ: സംസ്ഥാനത്ത് നിന്ന് ലഹരിയെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെയുള്ള ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടത്തിന് ജില്ലയിൽ ആവേശ തുടക്കം.
ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിപുലമായ ജനകീയ പരിപാടികൾ സംഘടിപ്പിച്ചു. തൂഫാൻ ഫ്ളാഗ് ഉയർത്തൽ, തൂഫാൻ പ്രതിജ്ഞ, ബോധവത്കരണ ക്ലാസുകൾ, സിഗ്നേച്ചർ കാന്പയിൻ, കിക്ക് ഓഫ് തുടങ്ങിയവ നടത്തി. ഓരോ വാർഡിലും സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി തൂഫാൻ വാരിയേഴ്സിനെ കണ്ടെത്തിയാണ് തഫാൻ ബാഡ്ജുകൾ വിതരണം ചെയ്തത്. കൽപ്പറ്റ നഗരസഭാതല ഉദ്ഘാടനം രാവിലെ 11ന് നഗരസഭ ചെയർമാൻ പി. വിശ്വനാഥൻ നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സണ് എസ്. സൗമ്യ അധ്യക്ഷത വഹിച്ചു. ജില്ല പൊലിസ് മേധാവി എസ്. ദേവമനോഹർ മുഖ്യാതിഥിയായി.
തൂഫാൻ വാരിയേർസ് ബാഡ്ജ് വിതരണവും നടത്തി. കൽപ്പറ്റ ഐപി എ.യു. ജയപ്രകാശ് പദ്ധതി വിശദീകരണവും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. കൽപ്പറ്റ ഡിവൈഎസ്പി ടി.എ. അഗസ്റ്റിൻ, നാർകോട്ടിക്ക് സെൽ ഡിവൈഎസ്പി എം.പി. രാജേഷ്, നഗരസഭ സെക്രട്ടറി ദീപു രാജു, വാർഡ് കൗണ്സിലർമാർ തുടങ്ങിയവർ പ്രസംഗിച്ചു. പൊലിസ് ഉദ്യോഗസ്ഥർ, എസ്പിസി, എൻസിസി കേഡറ്റുകൾ, അധ്യാപകർ, നഗരസഭാ ജീവനക്കാർ, സാമൂഹ്യ-രാഷ്ട്രീയ രംഗത്തുള്ളവർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ലഹരിമരുന്നുകളുടെ വിതരണ ശൃംഖലകളും ഉറവിടങ്ങളും പൂർണമായും തകർക്കുന്നതിനൊപ്പം സമൂഹത്തിൽ കൃത്യമായ ബോധവത്കരണം ഉറപ്പാക്കുന്നതിനുമാണ് ഈ ഘട്ടത്തിൽ പ്രാധാന്യം നൽകുന്നത്. ലഹരിക്കടത്തോ ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരം ഉടൻ തന്നെ പൊലിസിനെ അറിയിക്കുക. വിവരം നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായിരിക്കും. ഫോണ്: 9497979794, 9497927797. വാട്സാപ്പ് നന്പർ: 9995966666.
Tags : Nattuvishesham DistrictNews DeepikaNews