ഷിജി ജോസഫ് പൂക്കളുടെ നിർമാണത്തിൽ
പുൽപ്പള്ളി: ആദ്യമെല്ലാം ഒഴിവുസമയങ്ങളിലെ ഒരു ഹോബി മാത്രമായിരുന്നെങ്കിൽ ഇപ്പോഴത് ഷിജിയുടെ ജീവിതത്തിലെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.
പൂക്കളോടുള്ള ഇഷ്ടമാണ് ആർട്ടിഫിഷ്യൽ ഫ്ളവർ നിർമാണത്തിലേക്കും ഫ്ളവർവേസ് രൂപകൽപനയിലേക്കുമെല്ലാം പുൽപ്പള്ളി തുരുത്തിമറ്റത്തിൽ ഷിജി ജോസഫിനെ എത്തിക്കുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഷിജി രൂപകൽപ്പന ചെയ്തത് നിരവധിയായ ഫ്ളവർവേസുകളും പൂക്കളുമാണ്. ആദ്യമെല്ലാം കടലാസുകളും മറ്റും കൊണ്ടായിരുന്നു പൂക്കൾ നിർമിച്ചിരുന്നതെങ്കിൽ ഇപ്പോഴത് ഇറക്കുമതി ചെയ്ത അത്യാധുനിക വസ്തുക്കളിലേക്ക് മാറി. ഇതോടെ പൂക്കൾക്കും മറ്റും ഒറിജിനലിനെ വെല്ലുന്ന ഭംഗിയുമായി.
ഫ്ളവർവേസുകളിൽ ഭംഗിയുള്ള പൂക്കൾ ഉൾപ്പെടുത്തി നൂറുകണക്കിന് ഫ്ളോറൽ ഡിസ്പ്ലെകളാണ് ഷിജി ഓരോ മാസവും നിർമിച്ചുകൊണ്ടിരിക്കുന്നത്. നിരവധി പേരാണ് ജൻമദിനങ്ങൾക്കും വിവാഹവാർഷികത്തിനും വിവാഹത്തിനും മറ്റ് ആഘോഷങ്ങൾക്കുമെല്ലാം സമ്മാനങ്ങൾ നൽകുന്നതിനായി ഷിജിയുടെ ഫ്ളവർ ഡിസൈനുകൾ തേടി എത്തുന്നത്.
അമിത വില ഈടാക്കാത്തതിനാൽ മനോഹരമായ ഈ ഫ്ളോറൽ വർക്കുകൾക്ക് ഇന്ന് ആവശ്യക്കാറെയാണ്. വീടുകളും സ്ഥാപനങ്ങളും ആരാധാനാലയങ്ങളുമെല്ലാം അലങ്കരിക്കുന്നതിനായി വ്യത്യസ്തങ്ങളായ വലുപ്പത്തിൽ കസ്റ്റമൈസ് ചെയ്തും ഇപ്പോൾ ഫ്ളോറൽ ഡിസൈനുകൾ ഷിജി ചെയ്തുവരുന്നുണ്ട്. സോഷ്യൽമീഡിയ വഴിയാണ് പുതിയ വർക്കുകൾ ആളുകൾക്ക് പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അതുവഴി നിരവധി ഓർഡറുകളാണ് ഓരോ ദിവസവും ഷിജിയെ തേടിയെത്തുന്നത്.
കേരളത്തിലെ തന്നെ പ്രധാന മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാൾ കൂടിയായ ഷിജിക്ക് ഭർത്താവ് ജോമോനും മക്കളായ ഗോഡ്വിൻ, ആൽവിൻ എന്നിവരും പിന്തുണയുമായി ഒപ്പമുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews