വി.വി.രാജേഷ്
തിരുവനന്തപുരം: കോണ്‍ഗ്രസ് രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നു മേയർ വി.വി. രാജേഷ്. രാജ്യത്തിനകത്തും പുറത്തും തെറ്റിദ്ധാരണകൾ പരത്തുകയാണു കോണ്‍ഗ്രസും രാഹുൽ ഗാന്ധിയും. അധികാരത്തിൽ തിരിച്ചെത്താൻ കഴിയില്ലെന്ന ആശങ്കയിൽ രാജ്യത്തെ സന്പൂർണ സംവിധാനവും തകർന്നുവെന്ന പ്രതീതി സൃഷ്ടിക്കാനാണു കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ഇതു ശക്തമായി എതിർക്കപ്പെടേണ്ടതാണെന്നും വി.വി.രാജേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ പത്തു മാസത്തിനിടെ രാജ്യത്തു നടന്ന എല്ലാ തെരഞ്ഞെടുപ്പുകളും റദ്ദാക്കണമെന്ന നിലപാടു മുൻ കോണ്‍ഗ്രസ് നേതാവായ കപിൽ സിബൽ ഉന്നയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചു മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നിലപാട് വ്യക്തമാക്കണം. കഴിഞ്ഞ പത്തു മാസത്തിനിടെ നടന്ന തെരഞ്ഞെടുപ്പുകളെല്ലാം റദ്ദാക്കണമെന്ന നിലപാടാണു കോണ്‍ഗ്രസ് സ്വീകരിക്കുന്നതെങ്കിൽ വി.ഡി. സതീശൻ ആദ്യം രാജിവച്ചു പോകണം. 2021-ൽ ഇരട്ടവോട്ട് സംബന്ധിച്ചു ഹൈക്കോടതിയെ സമീപിച്ചതു രമേശ് ചെന്നിത്തലയാണ്. അന്നു കോണ്‍ഗ്രസിലെ ചില നേതാക്കൾ വ്യക്തിപരമായ വിയോജിപ്പിന്റെ പേരിൽ അദ്ദേഹത്തിനു പിന്തുണ നൽകിയില്ല.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിശ്വാസക്കുറവ് ഉന്നയിക്കുന്ന കോണ്‍ഗ്രസ് അതേ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിൽ തെലങ്കാനയിലും കർണാടകയിലും കേരളത്തിലും തെരഞ്ഞെടുപ്പ് വിജയിച്ചിട്ടുണ്ടെന്ന വസ്തുതയും മനസിലാക്കണം. രാഹുൽ ഗാന്ധിക്കു പാർട്ടിക്കകത്തും പുറത്തും സ്വീകാര്യതയില്ല. തന്റെ കഴിവില്ലായ്മ മറയ്ക്കാൻ സത്യം പറയുന്ന നേതാക്കളെ അദ്ദേഹം സൈഡ് ലൈൻ ചെയ്തുകൊണ്ടിരിക്കുകയാനെന്നും വി.വി.രാജേഷ് പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews