എടത്വ-തോട്ടടി റോഡിലെ അപകടാവസ്ഥയിലായ കലുങ്ക് റെജി ചെറിയാന് എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍
എടത്വ: എടത്വ-തോട്ടടി റോഡിലെ അപകടാവസ്ഥയിലായ കലുങ്ക് റെജി ചെറിയാന് എംഎല്‍എ സന്ദര്‍ശിച്ചു. കലുങ്കിന്റെ തിട്ട ഇടിഞ്ഞ് അപകടാവസ്ഥയിലായിട്ട് മാസങ്ങളായി. മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് അധികൃതര്‍ ആറുമാസം മുമ്പ് വീപ്പ വച്ച് റിബണ്‍ കെട്ടി സുരക്ഷ ഒരുക്കിയിരുന്നു. എന്നാലും പല അപകടങ്ങളും ഇവിടെ നടക്കുന്നുണ്ട്. പുതിയ കലുങ്ക് നിര്‍മിച്ച് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ചൂട്ടുമാലി പാടശേഖര നെല്ലുത്പാദക സമിതി നല്കിയ നിവേദനത്തെ തുടര്‍ന്നാണ് റെജി ചെറിയാന് എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചത്.
പാരേത്തോട് വട്ടടി റോഡിനെ ബന്ധിപ്പിക്കുന്ന എടത്വ വട്ടടി റോഡിലുള്ള മടയ്ക്കല്‍ കലുങ്കിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. രണ്ട് റോഡുകളും വീതി കൂട്ടി മികച്ച നിലവാരത്തില്‍ നിര്‍മിച്ചെങ്കിലും കലുങ്ക് വീതി കൂട്ടി നിർമിച്ചില്ല. ഭാരം കയറ്റി വരുന്ന ലോറികള്‍ കലുങ്കൂകളിലൂടെ കടന്നു പോകുന്നത് ദുഷ്ക്കരം ആണ്. ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.
നടപ്പാത മാത്രം ഉണ്ടായിരുന്ന അവസരത്തിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീതികുറഞ്ഞ കലുങ്ക് ഇവിടെ നിർമിച്ചത്. പ്രധാനമന്ത്രി സഡക്ക് യോജന ഗ്രാമീണ പദ്ധതി പ്രകാരം വീതി ഉള്ള റോഡിന്റെ നിർമാണം പൂര്‍ത്തിയായിട്ട് വര്‍ഷങ്ങള്‍ കഴിയുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി കലുങ്കിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. തലവടി തെക്കെ കരയിലുള്ളവര്‍ക്ക് നിരണം, മാവേലിക്കര, ഹരിപ്പാട് എന്നീ ഭാഗങ്ങളിലേക്കും നിരണത്ത് നിന്ന് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയുമായും ആലപ്പുഴ, എടത്വ എന്നിവിടങ്ങളിലേക്കും ബന്ധപ്പെടുന്നതിന് എളുപ്പമാര്‍ഗം കൂടിയാണ് ഈ റോഡ്. വിളവെടുപ്പ് സമയത്ത് കൊയ്ത്ത് മെഷീന് ഉള്‍പ്പെടെ മില്ലുടമകളുടെ നെല്ല് സംഭരിക്കാന്‍ ഉള്ള വാഹനങ്ങള്‍ ഇത് വഴിയാണ് എത്തുന്നത്.
ചൂട്ടുമാലി പാടശേഖര നെല്ലുത്പാദക സമിതി ഭാരവാഹികളായ പി.ഇ. മാത്യു, സന്തോഷ് മാത്യു, ശ്രീകല എസ്. നായര്‍, രജീഷ്കുമാര് പൊയ്യാലുമാലില്‍, ഡോ. ജോണ്സണ് വാലയില്‍ ഇടിക്കുള, ചെറിയാന് ജോര്‍ജ്ജ്, ജയിംസ് ചീരംക്കുന്നേല്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്. പാരേത്തോട് വട്ടടി തോട്ടിലെ പോള നീക്കം ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ ഉറപ്പു നല്കി.
Tags : NattuVishesham DistrictNews