ചിങ്ങേലി കുളം.
കടയ്ക്കല്‍: നീന്തല്‍ പരിശീലനത്തിനായി നവീകരിക്കുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ട ചിങ്ങേലി കുളം ഇപ്പോഴും അതുപോലെ തുടരുന്നു. പ്രഖ്യാപനങ്ങള്‍ കടലാസില്പ്പോലുമില്ലെന്നാണ് വിവരം. നിലവലില് വിശാലമായ കുളം പായല്‍ മൂടി നാശോന്മുഖമായി.
സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടെ പലതവണ ചിങ്ങേലി കുളത്തെ ആധുനിക സൗകര്യങ്ങളുള്ള നീന്തല്‍ പരിശീലന കേന്ദ്രമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനായി നേരത്തേ ഒരുകോടി രൂപയും അനുവദിച്ചിരുന്നു. എന്നാല്‍, അതിന് തുടര്‍നടപടികളുണ്ടായില്ല. അധികൃതര്‍ക്ക് നവീകരിക്കുകയെന്ന ഉദ്ദേശമില്ല. അവര്‍ ഈ ആവശ്യത്തിനുമുന്നില്‍ മുഖം തിരിക്കുകയാണ്. അധികൃതരുടെ നിഷേധാത്മക നിലപാടില്‍ കായികതാരങ്ങളും കായികപ്രേമികളും കടുത്ത അമര്‍ഷത്തിലാണ്. കുമ്മിള്‍ പഞ്ചായത്തിലെ ആനപ്പാറ വാര്‍ഡിലാണ് കുളം സ്ഥിതിചെയ്യുന്നത്. ചിങ്ങേലി കുളത്തിന് ആവശ്യത്തിന് ആഴം, പരപ്പ്, വെള്ളം എന്നിവ കൂടാതെ വിശാലമായ പരിസരവുമുണ്ട്.
നല്ലൊരു നീന്തല്‍ക്കുളമായി ഉയര്‍ത്താവുന്ന സൗകര്യങ്ങളെല്ലാമുണ്ടായിട്ടാണ് അധികൃതരുടെ അവഗണന തുടരുന്നത്. നീന്തല്‍ പരിശീലന സൗകര്യം ഒരുക്കിയാല്‍ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്ക് പ്രയോജനകരമാകും. പായല്‍ നിറഞ്ഞ കുളത്തില്‍ മദ്യക്കുപ്പി ഉള്‍പ്പടെയുള്ള മാലിന്യം തള്ളുന്നു. മുന്‍കാലങ്ങളില്‍ പായല്‍ മൂടുമ്പോള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ പലതവണ കുളം വൃത്തിയാക്കിയിരുന്നു.
മേഖലയിലെ നെല്ലറയായിരുന്ന വെള്ളൂര്‍ ഏലായിലെ കൃഷിയാവശ്യങ്ങള്‍ക്കായി നൂറ്റാണ്ടുമുന്‍പാണ് ചിങ്ങേലി കുളം നിര്‍മിച്ചത്. നെല്‍ക്കൃഷി നിലച്ചത് കുളത്തിന്റെ നാശത്തിന് കാരണമായി. പിന്നീട് കുളിക്കാനും നനയ്ക്കുന്നതിനും നാട്ടുകാര്‍ ഉപയോഗിച്ചിരുന്നു. കുളം ക്രമേണ പായല്‍ മൂടി.
പടവുകള്‍ ഇടിഞ്ഞു. ഏറെനാളായി ഉപയോഗശൂന്യമായി കിടക്കുകയാണ്.ആധുനിക നീന്തല്‍ക്കുള നിര്‍മാണത്തിന് കുമ്മിള്‍, കടയ്ക്കല്‍ പഞ്ചായത്തുകള്‍ സഹകരിച്ചുള്ള നടപടികളുണ്ടാകണമെന്നും സര്‍ക്കാര്‍ ഫണ്ടും ജില്ലാപഞ്ചായത്ത് ഫണ്ടും ഇതിനായി പ്രയോജനപ്പെടുത്തണമെന്നുമാണ് കായിക താരങ്ങളുടെ ആവശ്യം.