തിരുവനന്തപുരം : ആലപ്പുഴ ദേശീയപാതയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ആലപ്പുഴയ്ക്ക് 66 കോടി രൂപ അനുവദിച്ചതായി കെസി. വേണുഗോപാല്‍ എംപി അറിയിച്ചു. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ ദേശീയപാതാ നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ രൂപപ്പെടുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ദേശീയപാത അഥോറിറ്റി 66 കോടി രൂപ അനുവദിച്ചു. കെ.സി. വേണുഗോപാല്‍ എംപിയുടെ നിരന്തരമായ ഇടപെടലിനെത്തുടര്‍ന്നാണു കേന്ദ്രസര്‍ക്കാരിന്റെ നടപടി.
ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ ദേശീയപാതാ നിര്‍മാണത്തെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ട് പ്രതിസന്ധിക്കു പരിഹാരം കാണുന്നതിനായി 64 കോടി രൂപ അനുവദിക്കണമെന്നാണ് കെ.സി. വേണുഗോപാല്‍ എംപി നേരത്തേ എന്‍എച്ച്എഐയോട് ആവശ്യപ്പെട്ടിരുന്നത്.
അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള ഭാഗത്തിന് 13.88 കോടി രൂപയും തുറവൂര്‍ മുതല്‍ പറവൂര്‍ വരെയുള്ള ഭാഗത്തിന് 37.64 കോടി രൂപയുമാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. നേരത്തെ കരുനാഗപ്പള്ളി മുതല്‍ ആലപ്പുഴ വരെയുള്ള ഭാഗത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി 14.05 കോടി രൂപ അനുവദിച്ചിരുന്നു. അനുവദിച്ച തുക ഉപയോഗിച്ച് ഓടകളുടെ പുനഃസ്ഥാപനം, ഡ്രെയിനേജ് കനാലുകളുടെ ആഴം കൂട്ടല്‍ തുടങ്ങിയ പ്രവൃത്തികള്‍ നടത്താന്‍ കഴിയും.
അരൂർ- 2.01 കോടി രൂപ, എഴുപുന്ന- 1.48 കോടി രൂപ, കോടംതുരുത്ത്- 2.48 കോടി രൂപ, കുത്തിയതോട്- 80 ലക്ഷം രൂപ, മണ്ണഞ്ചേരി - 86 ലക്ഷം രൂപ, മാരാരിക്കുളം സൗത്ത്- 6.68 കോടി രൂപ, ചേര്‍ത്തല നഗരസഭ- 12.99 കോടി രൂപ, ആലപ്പുഴ നഗരസഭ- 6.30 കോടി രൂപ, പട്ടണക്കാട് മുതല്‍ കഞ്ഞിക്കുഴി വരെയുള്ള ഭാഗം - 1.81 കോടി രൂപ, വയലാര്‍ -9.92 ലക്ഷം രൂപ, ആര്യാട് -23.90 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.
പുന്നപ്ര മുതല്‍ കായംകുളം വരെ 9.31 കോടി രൂപയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നത്. പുന്നപ്ര- 35 ലക്ഷം രൂപ, അമ്പലപ്പുഴ നോര്‍ത്ത് - 29 ലക്ഷം രൂപ, അമ്പലപ്പുഴ സൗത്ത്- 9.45 ലക്ഷം രൂപ, പുറക്കാട്- 5 ലക്ഷം രൂപ, കരുവാറ്റ - 3 കോടി രൂപ, കുമാരപുരം- 2.70 കോടി രൂപ, ഹരിപ്പാട്- 76 ലക്ഷം രൂപ, ചേപ്പാട്- 53.2 ലക്ഷം രൂപ, പത്തിയൂർ - 56.8 ലക്ഷം രൂപ, കരുനാഗപ്പള്ളി നഗരസഭ പി.ഡബ്ല്യു.ഡി. റോഡ്- 94.41 ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്.കായംകുളം മുതല്‍ കൃഷ്ണപുരം വരെ 4.73 കോടി രൂപ അനുവദിച്ചു. ഇതില്‍ കായംകുളത്തിന് 3.03 കോടി രൂപയും ആലപ്പുഴ പി.ഡബ്ല്യു.ഡി. മേഖലയിലെ റോഡുകള്‍ക്ക് 1.70 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.
ദേശീയപാതാ നിര്‍മാണവുമായി ബന്ധപ്പെട്ട രൂപകല്‍പ്പനയിലെ അപാകതകളും ഓടകളുടെ നിര്‍മ്മാണത്തിലെ അനാസ്ഥയുമാണ് പല സ്ഥലങ്ങളിലും വെള്ളക്കെട്ടിനു പ്രധാന കാരണം. ആലപ്പുഴ, കലവൂര്‍, അമ്പലപ്പുഴ, കരുനാഗപ്പള്ളി, കായംകുളം തുടങ്ങിയ മേഖലകളിലെ വിവിധ സ്ഥലങ്ങളില്‍ തുടരുന്ന വെള്ളക്കെട്ടും അതുമൂലമുണ്ടാകുന്ന ദുരിതങ്ങളും സംബന്ധിച്ച് കെ.സി. വേണുഗോപാല്‍ എംപി നിരവധി തവണ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുടെയും ദേശീയപാത അഥോറിറ്റി അധികൃതരുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
നിര്‍മാണത്തിലെ അപാകതകള്‍ മൂലം മഴക്കാലത്ത് ദേശീയപാതയോരത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നത് പ്രദേശവാസികള്‍ക്ക് വലിയ ദുരിതമാണു സൃഷ്ടിക്കുന്നത്. വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ വെള്ളത്തിലിറങ്ങി പ്രതിഷേധിക്കേണ്ട സാഹചര്യം വരെയുണ്ടായി.
Tags : NattuVishesham DistrictNews