പ്രതീകാത്മക ചിത്രം
കൊല്ലം : ഗാന്ധിജയന്തിയുടെ ഭാഗമായി ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന ‘ഖാദി റിബേറ്റ് മേള 2026'ന്റെ ജില്ലാതല ഉദ്ഘാടനവും ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യ സമരവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ജില്ലാതല ഗാന്ധിജയന്തി ക്വിസ് മത്സരവും നടന്നു. ജില്ലാ ഖാദി ഗ്രാമവ്യവസായ കാര്യാലയ അങ്കണത്തില്‍ സംഘടിപ്പിച്ച പരിപാടി കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ കരുമാലില്‍ ഉദയ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.
ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വഹിച്ചു. ഏരൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അഭിനവ്, വര്‍ഷ എന്നിവര്‍ ഒന്നാം സ്ഥാനവും, പ്രാക്കുളം എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ചിത്തിര, ചൈത്രേഷ് എന്നിവര്‍ രണ്ടാം സ്ഥാനവും ഇളമ്പള്ളൂര്‍ എസ്എന്‍എസ്എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ധ്വനിപി, ആതിര എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
ഗാന്ധി ജയന്തി ഖാദി മേളയോടനുബന്ധിച്ച് ഒക്ടോബര്‍ മൂന്ന് വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് ലഭിക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ബാങ്ക്, പൊതുമേഖല ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ പലിശ രഹിത ക്രെഡിറ്റ് സൗകര്യമുണ്ട്.
ഖാദി ഗ്രാമസൗഭാഗ്യ, കര്‍ബല, കൊല്ലം, ഖാദി ഗ്രാമ സൗഭാഗ്യ, കസ്തൂര്‍ബ ബില്‍ഡിംഗ്, കൊട്ടാരക്കര, ഖാദി ഗ്രാമ സൗഭാഗ്യ, മുനിസിപ്പല്‍ കോംപ്ലക്സ്, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ നിന്നും റിബേറ്റോടുകൂടി ഖാദി ഉത്പന്നങ്ങള്‍ വാങ്ങാം.