മൂന്നാംകുറ്റി മാര്‍ക്കറ്റില്‍ നിലംപൊത്താറായ ജലസംഭരണി.
കൊല്ലം: നിലംപൊത്താന്‍ നാളെണ്ണി മൂന്നാംകുറ്റി മാര്‍ക്കറ്റില്‍ സ്ഥിതി ചെയ്യുന്ന കൂറ്റന്‍ ജലസംഭരണി നാട്ടുകാര്‍ക്ക് ഭീഷണിയായി. ജലസംഭരണി മാര്‍ക്കറ്റ് വളപ്പില്‍ കാലങ്ങളായി ഉപയോഗമില്ലാതെ സ്ഥിതി ചെയ്യുകയാണ്.
പുതിയ കെട്ടിടം നിര്‍മിക്കുന്നതിനു മുമ്പെ ജലസംഭരണി ഇടിച്ച് മാറ്റേണ്ടതായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നടപടി ഉണ്ടായില്ല.ജലസംഭരണിക്ക് അര നൂറ്റാണ്ടിലധികം പഴക്കമുണ്ട്. വളരെക്കാലം വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിച്ചിരുന്നത് ഈ സംഭരണിയില്‍ നിന്നായിരുന്നു.ഇരുന്നൂറ് മീറ്റര്‍ അകലെ വാട്ടര്‍ അഥോറിറ്റി വലിയ ജലസംഭരണി സ്ഥാപിച്ചതോടെയാണ് പഴയത് ഉപേക്ഷിച്ചത്.
കാലപ്പഴക്കം കാരണം ജീര്ണതയിലായതോടെയാണ് ജലസംഭരണി അപകടാവസ്ഥയിലായത്. മുമ്പ് ഇടിമിന്നലേറ്റ് ജലസംഭരണിയുടെ ഒരുഭാഗം തകര്‍ന്നു. അതിന്റെ ആഘാതം തൂണുകള്ക്കുമേറ്റു. തൂണുകളുടെ പൊട്ടല്‍ വ്യക്തമായി കാണാനാകും. അന്നുമുതല്‍ ജലസംഭരണി തകര്‍ന്ന് വീഴുമെന്ന ഭീതിയില്‍ കഴിയുകയാണ് നാട്ടുകാര്‍.
മുകള്‍ ഭാഗത്തുനിന്ന് കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീഴുകയാണ്. പുതിയ കെട്ടിടം പൂര്‍ത്തിയായി ഉദ്ഘാടനം നടത്തുന്നതോടെ മാര്‍ക്കറ്റ് സജീവമാകും. അപ്പോള്‍ വലിയ ജലസംഭരണി നിലംപൊത്തിയാല്‍ വലിയ ദുരന്തത്തിന് കാരണമാകും.
ദുരന്ത നിവാരണ അഥോറിറ്റിയും കോര്‍പറേഷനും അടിയന്തരമായി ഇടപെട്ട് ജലസംഭരണി പൊളിച്ചുമാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Tags : Nattuvishesham DistrictNews DeepikaNews