SUNDAY DEEPIKA
പതിനാറു കോടിയിലേറെ വർഷങ്ങളായി ഭൂമിയുടെ ആകാശത്ത് പറക്കുന്ന പക്ഷികളും വെറും 123 കൊല്ലം മുമ്പ് പറന്നുതുടങ്ങിയ വിമാനങ്ങളും തമ്മിലുണ്ടാകുന്ന സംഘർഷം വ്യോമയാന മേഖലയിലെ കൃത്യമായ പരിഹാരം കാണാനാവാത്ത പ്രശ്നങ്ങളിലൊന്നാണ്. ആകാശങ്ങളുടെ ഏറ്റവും പഴയ അവകാശിയും ഇന്നലെ വന്ന യന്ത്രപ്പക്ഷികളും തമ്മിൽ വർഷംതോറും ഉണ്ടാകുന്ന ശരാശരി അരലക്ഷം കൂട്ടിയിടികളിലൂടെ സംഭവിക്കുന്ന മൊത്തം നഷ്ടം ഏകദേശം 12,255 കോടി രൂപയാണ് എന്നാണ് കണക്ക്. ഇക്കഴിഞ്ഞ ഒരു കൊല്ലം മാത്രം ഇന്ത്യയിൽ രേഖപ്പെടുത്തപ്പെട്ടത് 1,782 വിമാന-പക്ഷി കൂട്ടിയിടികളാണ്. വാർഷിക നഷ്ടം 100-200 കോടി രൂപ.
കണക്കുകൾ ഇങ്ങനെയൊക്കെയാണെങ്കിലും, ഓരോ കൂട്ടിയിടി വാർത്ത കാണുമ്പോഴും, ഇത്തിരിപ്പോന്ന പക്ഷിയെ എന്തിനാണ് വമ്പൻ വിമാനങ്ങൾ ഇങ്ങനെ പേടിക്കുന്നതെന്ന് ഒരു വേളയെങ്കിലും അമ്പരക്കാത്തവർ ചുരുക്കമായിരിക്കും. മൊമെന്റം എന്ന് ഇംഗ്ലീഷിലും ആക്കം എന്നു മലയാളത്തിലും പറയുന്ന, പക്ഷിയും വിമാനവും തമ്മിലുള്ള ആപേക്ഷിക വേഗത്തെ പക്ഷിയുടെ ഭാരവുമായി ഗുണിക്കുമ്പോൾ കിട്ടുന്ന തുകയിലാണ് ഇതിന്റെ വിശദീകരണം ഉള്ളത്.
ഒരു ഉദാഹരണം പറയാം-
പറന്നുയർന്ന്, 250 നോട്ട്സ് വേഗത്തിൽ (സെക്കൻഡിൽ 128 മീറ്റർ) നീങ്ങിക്കൊണ്ടിരുന്ന ഒരു വിമാനത്തിൽ, എതിരേ പറന്നു വരുന്ന ഒരു കിലോ ഭാരമുള്ള ഒരു പരുന്ത് ഇടിക്കുന്നുവെന്നു കരുതുക. പക്ഷിയുടെ വേഗവും വിമാനത്തിന്റെ വേഗവും കുട്ടിക്കിട്ടുന്ന തുകയാണ് ഇവിടെ ആപേക്ഷിക വേഗം. പക്ഷിയുടെ വേഗം വിമാനവേഗത്തെ അപേക്ഷിച്ച് തീരെ കുറവായിരിക്കുമെന്നതിനാൽ അത് കണക്കിലെടുക്കണമെന്നില്ല.
1x128 = 128 കിലോഗ്രാം-മീറ്റർ/സെക്കൻഡ് മൊമെന്റമാണ് ഇടിയിൽ ഉണ്ടാകുന്നത്.
ഇടി നടക്കുമ്പോൾ, പക്ഷിക്കുണ്ടായിരുന്ന ആപേക്ഷിക വേഗമായ 128മീറ്റർ/സെക്കൻഡ് എന്നത്, സെക്കൻഡിന്റെ ചെറിയൊരു അംശത്തിനുള്ളിൽ പൂജ്യമാവുകയാണല്ലോ. വിമാനത്തിൽ ഇടിച്ച് പക്ഷി നിശ്ചലമാകാൻ 0.005 സെക്കൻഡാണ് എടുക്കുന്നതെങ്കിൽ, മേൽപ്പറഞ്ഞ മൊമെന്റെം ഉണ്ടാക്കുന്ന ആഘാതം കിട്ടാൻ അതിനെ ഈ സമയം കൊണ്ട് ഹരിച്ചാൽ മതി.
128/0.005 =25,600 ന്യൂട്ടൺസ്.
വിമാനത്തിൽ രണ്ടര ടണ്ണുള്ള ഒരു കൂടംകൊണ്ട് അടിക്കുന്നതിനു തുല്യമാണ് ആ ആഘാതം. പക്ഷിയുടെ ഭാരം കൂടുന്നതനുസരിച്ച്, ആ ആഘാതം കൂടിക്കൊണ്ടിരിക്കും. ഭാരം രണ്ടു കിലോയാണെങ്കിൽ ആഘാതം അഞ്ചു ടണ്ണിലേറെ. അതുപോലെ തന്നെ, വിമാനത്തിന്റെ വേഗം കൂടുംതോറും ആഘാതം വർധിച്ചുകൊണ്ടിരിക്കും. പക്ഷിയിടിയിൽ വിമാനത്തിന്റെ മൂക്ക് പൊളിയുകയും എൻജിൻ ബ്ലേഡുകൾ ഇളകിപ്പോവുകയും ചിറകിൽ പൊട്ടലുണ്ടാവുകയും ചെയ്യുന്നതൊക്കെ, ടൺ കണക്കിനുള്ള ഈ ആഘാതം കാരണമാണ്.
വിമാനശരീരത്തിൽ ഉണ്ടാകുന്ന കേടുപാടുകളേക്കാൾ അപകടം ഉണ്ടാക്കുന്നത് പക്ഷി നേരേ എൻജിനിൽ ഇടിക്കുകയും എൻജിനുള്ളിലേക്ക് വലിച്ചെടുക്കപ്പെടുകയും ചെയ്യുമ്പോഴാണ്. നേരത്തേ പറഞ്ഞ ടൺ കണക്കിനുള്ള ആഘാതത്തിൽ എൻജിന്റെ പുറംചട്ട പൊളിയാം, അതിവേഗം കറങ്ങുന്നതിനാൽ, പക്ഷിയെ ഉള്ളിലേക്കു വലിച്ചെടുക്കുന്ന എൻജിൻ ബ്ലേഡുകൾ ഒടിഞ്ഞു തകരാം. ഇന്ധനത്തിനൊപ്പം കത്തിപ്പിടിക്കുന്ന പക്ഷി എൻജിന്റെ പ്രവർത്തനം മൊത്തം അവതാളത്തിലാക്കുകയും ചെയ്യാം.
ചെറിയ ഉയരത്തിൽ പറക്കുന്ന പക്ഷികളുമായി കൂട്ടിയിടിക്കാനുള്ള സാധ്യത ഏറുന്നത് വിമാനം ലാൻഡുചെയ്യുമ്പോളും പറന്നുയരുമ്പോഴുമാണ് എന്നത് അപകടം കൂടുതൽ ഗുരുതരമാക്കുന്നുമുണ്ട്.
ചിറകിനും എൻജിനും ലാൻഡിംഗ്/ടേക്കോഫ് നേരത്തുണ്ടാകുന്ന പരുക്കുകൾ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനും വീണു തകരാനും വരെ ഇടയാക്കാം. ലാൻഡിംഗിലും ടോക്കോഫിലും തന്നെ, ടേക്കോഫാണ് കൂടുതൽ അപകടകരമായ ഘട്ടം. വിമാനം നല്ല വേഗത്തിലായിരിക്കുമെന്നതും എൻജിനുകൾ പരമാവധി ശക്തിയിൽ പ്രവർത്തിക്കുകയായിരിക്കുമെന്നതും "ഫുൾ ടാങ്ക്' ഇന്ധനം ഉണ്ടായിരിക്കുമെന്നതും, പക്ഷിയിടിയുടെ പ്രത്യാഘാതം കൂടുതൽ ഗുരുതരമാക്കുന്നു.
ഇന്ത്യയിൽ കഴിഞ്ഞ കൊല്ലം 1782 വിമാന-പക്ഷി കൂട്ടിയിടികളാണ് രേഖപ്പെടുത്തിയതെന്ന് നേരത്തേ പറഞ്ഞല്ലോ. ദിവസം ശരാശരി 5 സംഭവങ്ങൾ. 2021 നെ അപേക്ഷിച്ച് 130 ശതമാനം കൂടുതലായിരുന്നു ഇത്. 775 ആയിരുന്നു അന്നത്തെ സംഖ്യ. 2022 ൽ ഇത് 1131 ആയി. 2023ൽ 1371, 2024ൽ 1278.
തെക്കേ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ 2020 മുതൽ 2025 വരെയുള്ള കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പക്ഷിയിടി രേഖപ്പെടുത്തിയത് ബംഗളുരുവിലായിരുന്നു- 343. ഹൈദരാബാദിൽ 207, ചെന്നൈയിൽ 205, നമ്മുടെ തിരുവനന്തപുരത്ത് 125. ഇന്ത്യ മൊത്തം എടുത്താൽ ഡൽഹിക്കാണ് ഒന്നാം സ്ഥാനം- 695 സംഭവങ്ങൾ. മുംബൈ-407, ബെംഗളുരു-343, അഹമ്മദാബാദ്-337, ഹൈദരാബാദ്-207. പക്ഷി ഇടി നിയന്ത്രിക്കാൻ, വിമാനത്താവള പരിസരങ്ങളിൽ പക്ഷികൾ കൂടുന്നത് തടയുകതന്നെയാണ് പരിഹാരം. പക്ഷികൾക്ക് ഇരതേടാനും കൂടു കൂട്ടാനുമുള്ള സൗകര്യങ്ങൾ കുറയ്ക്കുക അതിൽ മുഖ്യം.
വിമാനം ലാൻഡു ചെയ്യാൻ അടുക്കുമ്പോഴും പറന്നുയരുമ്പോഴും പക്ഷികളെ വിരട്ടിയോടിക്കാൻ പടക്കം പൊട്ടിക്കുന്നത്, മിക്കവാറും എല്ലാ വിമാനത്താവളങ്ങളിലും പതിവാണ്. പക്ഷികൾ ഇടിക്കുന്നതു പോലെ വിമാനത്താവളങ്ങളിൽ വച്ച് മൃഗങ്ങൾ ഇടിക്കുന്നതും ഏറെ ഗൗരവമുള്ള സുരക്ഷാ പ്രശ്നമാണ്. റൺവേയിൽ ഓടുമ്പോഴുള്ള ഈ ഇടികൾ ഏറെയും കുറുക്കൻ, വെരുക്, മുയൽ, കീരി, കുരങ്ങ് തുടങ്ങിയവയുമായാണ്, ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ. ഈ ഭീഷണി കുറയ്ക്കാൻ മൃഗങ്ങളെ കെണിവച്ച് പിടിച്ച് ദൂരെ കൊണ്ടുപോയി വിടുകയാണ് ചെയ്യുക.
Kerala
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഇന്നലെ ഗൾഫ് മേഖലയിലേക്കും തിരിച്ചുമായി 32 വിമാന സർവീസുകൾ ഉണ്ടായിരുന്നു.17 ഫ്ലൈറ്റുകൾ ഗൾഫ് രാജ്യങ്ങളിൽനിന്നു കൊച്ചിയിലേക്ക് വന്നപ്പോൾ 15 എണ്ണം ഇവിടെനിന്ന് അങ്ങോട്ട് പുറപ്പെട്ടു.
National
ഇന്ത്യയിലേക്ക് കുവൈറ്റിൽ നിന്ന് പുതിയ നാലു സർവീസുകൾ കൂടി ആരംഭിച്ചതായി ജസീറ എയർവേയ്സ് അറിയിച്ചു. കോഴിക്കോട്, തിരുച്ചിറപ്പള്ളി, മംഗലാപുരം, കണ്ണൂർ എന്നീ നാല് പുതിയ ലക്ഷ്യസ്ഥാനങ്ങൾ കൂടിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജസീറ എയർവേയ്സ് ഇന്ത്യയിലെ 12 നഗരങ്ങളിലേക്ക് ആഴ്ചയിൽ 49 വിമാനങ്ങൾ സർവീസ് നടത്തുമെന്നും കമ്പനി അറിയിച്ചു.
അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊച്ചി, മുംബൈ, തിരുവനന്തപുരം എന്നീ എട്ട് നഗരങ്ങളിലേക്കുള്ള നിലവിലെ സർവീസുകൾക്ക് പുറമെയാണ് പുതിയ റൂട്ടുകൾ വരുന്നത്. സൗദി അറേബ്യയിലെ ദമാമിലുള്ള കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ട് വഴിയായിരിക്കും കോഴിക്കോട്, തിരുച്ചിറപ്പള്ളി, മംഗലാപുരം, കണ്ണൂർ സർവീസുകൾ പ്രവർത്തിക്കുക.
പുതിയ വിപുലീകരണം അവശ്യ സേവന മേഖലകളിൽ ജോലി ചെയ്യുന്ന പ്രഫഷണലുകൾക്ക് അവരുടെ ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാനും ഇരു രാജ്യങ്ങൾക്കുമിടയിലുള്ള കാർഗോ, വിതരണ ശൃംഖല തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും സഹായിക്കുന്നതാകുമെന്ന് കമ്പനി അറിയിച്ചു. പുതിയ റൂട്ടുകളിൽ സർവീസ് ആരംഭിക്കുന്നതോടെ ദക്ഷിണേന്ത്യയിലെ പ്രധാന മേഖലകളിലേക്കുള്ള കണക്റ്റിവിറ്റി ശക്തമാക്കാൻ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കി.
Kerala
നെടുമ്പാശേരി : കൊച്ചിക്കും ഗൾഫ് മേഖലയ്ക്കുമിടയിൽ ഇന്നലെ 35 വിമാന സർവീസുകൾ നടത്തി .
അബുദാബി -ആറ്, ദോഹ -രണ്ട് , ഷാർജ -രണ്ട് , ദുബായ് -മൂന്ന് , മസ്കറ്റ് -രണ്ട് , ജിദ്ദ - ഒന്ന് , ദമാം- ഒന്ന് എന്നിവിടങ്ങളിൽനിന്നാണ് വിമാനങ്ങൾ എത്തിയത് .
കൊച്ചിയിൽനിന്ന് 18 വിമാനങ്ങളാണ് ഗൾഫിലേക്കു പുറപ്പെട്ടത് . ദുബായ് -മൂന്ന്, മസ്കറ്റ് - മൂന്ന് , ഷാർജ - രണ്ട് , അബുദാബി -ആറ് , ജിദ്ദ -രണ്ട് , ദമാം- ഒന്ന് , ദോഹ -ഒന്ന്.
National
ന്യുഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യോമബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി, 2026 മാർച്ച് 29 മുതൽ കോൽക്കത്തയ്ക്കും ഷാംഗ്ഹായ്ക്കും ഇടയിൽ ഇൻഡിഗോ പ്രതിദിന നോൺസ്റ്റോപ്പ് വിമാന സർവീസ് ആരംഭിച്ചു.
ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ബിസിനസ്, ടൂറിസം മേഖലകളിലെ വർധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് എ32നിയോ വിമാനങ്ങളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. കോൽക്കത്ത–ഗ്വാങ്ഷൂ സർവീസുകൾ പുനരാരംഭിച്ചതിനും ഡൽഹിയിൽ നിന്നുള്ള സർവീസുകൾക്ക് പിന്നാലെയും ചൈനയിലേക്കുള്ള ഇൻഡിഗോയുടെ ഏറ്റവും പുതിയ വിപുലീകരണമാണിത്.
ഇതോടെ ചൈനയിലെ പ്രധാന നഗരങ്ങളിലേക്ക് ആഴ്ചയിൽ 21 സർവീസുകൾ ഇൻഡിഗോ നടത്തും. ഡൽഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, പൂനെ, ജയ്പുർ, ഭുവനേശ്വർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി കോൽക്കത്ത വഴി എളുപ്പത്തിൽ ഷാംഗ്ഹായ്ലേക്ക് എത്താം.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, വിനോദസഞ്ചാരം, സാമ്പത്തിക ഇടപാടുകൾ എന്നിവയെ പിന്തുണയ്ക്കുകയാണ് പുതിയ റൂട്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇൻഡിഗോ അറിയിച്ചു. ആഗോള സാമ്പത്തിക-വാണിജ്യ കേന്ദ്രമായ ഷാംഗ്ഹായ് ബിസിനസ് യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
Kerala
പരവൂർ: രാജ്യത്തെ വാണിജ്യ വിമാനങ്ങളിൽ പകുതിയോളവും പ്രവർത്തിക്കുന്നത് ഗുരുതരമായ സാങ്കേതിക തകരാറുകളോടെയാണെന്ന് പാർലമെന്ററി പാനൽ റിപ്പോർട്ട്.
സിവിൽ ഏവിയേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന ഞെട്ടിക്കുന്ന കണ്ടെത്തലുകളുള്ളത്.
2025 ജനുവരി മുതൽ 2026 ഫെബ്രുവരി വരെ പരിശോധിച്ച 754 വിമാനങ്ങളിൽ 377 എണ്ണത്തിലും ആവർത്തിച്ചുള്ള സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്തെ പ്രമുഖ വിമാനക്കമ്പനികളായ ഇൻഡിഗോ, എയർ ഇന്ത്യ എന്നിവയുടെ വിമാനങ്ങളിലാണ് ഏറ്റവും കൂടുതൽ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയത്.
ഇൻഡിഗോയുടെ, പരിശോധിച്ച 405 വിമാനങ്ങളിൽ 148 എണ്ണത്തിലും തകരാറുകൾ റിപ്പോർട്ട് ചെയ്തു. എയർ ഇന്ത്യയുടെ കാര്യത്തിൽ സ്ഥിതി കൂടുതൽ ഗുരുതരമാണ്.
പരിശോധിച്ച 166 വിമാനങ്ങളിൽ 137 എണ്ണത്തിലും ആവർത്തിച്ചുള്ള തകരാറുകൾ കണ്ടെത്തി. എയർ ഇന്ത്യ എക് സ്പ്രസിന്റെ 101 വിമാനങ്ങളിൽ 54 എണ്ണത്തിലും സമാനമായ പ്രശ്നങ്ങളുണ്ട്.
270 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാനാപകടത്തെത്തുടർന്ന് എയർ ഇന്ത്യയിൽ നടത്തിയ പ്രത്യേക ഓഡിറ്റിൽ നൂറോളം സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയിരുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പൈലറ്റുമാരുടെ പരിശീലനത്തിലെ കുറവ്, അന്താരാഷ്ട്ര വിമാനങ്ങളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്ത സാഹചര്യം, ജോലി സമയ പരിധി ലംഘിച്ചുള്ള സർവീസുകൾ എന്നിവയും സുരക്ഷാ ഭീഷണി ഉയർത്തുന്നു.
കാലാവധി കഴിഞ്ഞ അടിയന്തര സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചും അനധികൃതമായി കോക്ക്പിറ്റിൽ പ്രവേശനം അനുവദിച്ചും വിമാനങ്ങൾ സർവീസ് നടത്തുന്നത് അതീവ ഗുരുതരമാണെന്ന് കമ്മിറ്റി വിലയിരുത്തി. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് എയർ ഇന്ത്യയ്ക്ക് മാത്രം ഒമ്പത് തവണ ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
വ്യോമയാന മേഖലയിൽ അടിയന്തരമായ സുരക്ഷാ പരിഷ്കരണങ്ങൾ വേണമെന്ന് കമ്മിറ്റി സർക്കാരിനോട് ശിപാർശ ചെയ്തു.
Kerala
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഇന്നലെ ഗൾഫ് മേഖലയിലേക്ക് 34 വിമാന സർവീസുകൾ നടത്തി.
ഗൾഫ് മേഖലയിൽനിന്നു 17 വിമാനങ്ങളാണു വന്നത്. ഇതിൽ ഏഴെണ്ണവും അബുദാബിയിൽനിന്നായിരുന്നു. ജിദ്ദ, ദുബായ്, ഷാർജ, മസ്കറ്റ്, ദോഹ എന്നിവിടങ്ങളിൽനിന്നാണ് മറ്റു വിമാനങ്ങൾ വന്നത്.
കൊച്ചിയിൽനിന്ന് ഏഴു വിമാനങ്ങൾ അബുദാബിക്കാണു പോയത്. മറ്റു വിമാനങ്ങൾ ജിദ്ദ, ദുബായ്, ഷാർജ, മസ്കറ്റ്, ദോഹ, ദമാം എന്നിവിടങ്ങളിലേക്കാണു പോയത്.
Kerala
നെടുമ്പാശേരി: മധ്യപൂർവ രാജ്യങ്ങളിൽനിന്ന് ഇന്നലെ 14 വിമാനങ്ങൾ കൊച്ചി വിമാനത്താവളത്തിൽ എത്തി. ഷാർജ, ദുബായ്, മസ്കറ്റ്, ദോഹ എന്നിവിടങ്ങളിൽനിന്ന് നാലു വിമാനങ്ങളാണ് വന്നത്.
അബുദാബി, റിയാദ്, ഷാർജ, മസ്കറ്റ്, ദുബായ് എന്നിവിടങ്ങളിലേക്ക് ഉൾപ്പെടെ കൊച്ചിയിൽനിന്ന് ഇന്നലെ 12 വിമാനങ്ങൾ പുറപ്പെട്ടു. ഖത്തർ എയർവേസിന്റെ ദോഹയ്ക്കുള്ള രണ്ടു വിമാനങ്ങൾ നാളെ തിരിച്ചുപോകും.
Kerala
നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഇന്നലെ ഗൾഫ് മേഖലയിലേക്ക് 30 വിമാന സർവീസുകൾ നടത്തി.15 വിമാനങ്ങൾ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് വന്നു.
15 എണ്ണം തിരിച്ചും പോയി. ഏറ്റവും കൂടുതൽ വിമാന സർവീസ് അബുദാബിയിലേക്ക് ആയിരുന്നു. അബുദാബിയിൽ നിന്ന് അഞ്ചു വിമാനങ്ങൾ കൊച്ചിയിലേക്ക് വരികയും അഞ്ചെണ്ണം തിരിച്ചുപോവുകയും ചെയ്തു.
ദമാം , ദുബായ് , മസ്ക്കറ്റ്, ജിദ്ദ , ദോഹ, ഷാർജ എന്നിവിടങ്ങളിലേക്കാണ് മറ്റു വിമാന സർവീസുകൾ നടത്തിയത്.
NRI
ബെർലിൻ: ജർമനിയിലെ ബെർലിൻ - ബ്രാൻഡൻബർഗ് വിമാനത്താവളത്തിൽ ബുധനാഴ്ച ജീവനക്കാർ 24 മണിക്കൂർ പണിമുടക്കിന് ആഹ്വാനം ചെയ്തു. ശമ്പള വർധനവുമായി ബന്ധപ്പെട്ട് വെർഡി യൂണിയനും മാനേജ്മെന്റും തമ്മിലുള്ള തർക്കത്തെത്തുടർന്നാണ് പ്രതിഷേധം.
ബുധനാഴ്ച പുലർച്ചെ അഞ്ചിന് ആരംഭിക്കുന്ന പണിമുടക്ക് അർദ്ധരാത്രി വരെ നീണ്ടുനിൽക്കും. പണിമുടക്കിനെത്തുടർന്നുണ്ടാകുന്ന പ്രധാന തടസങ്ങൾ താഴെ പറയുന്നവയാണ്:
സർവീസുകൾ റദ്ദാക്കി: അന്നേ ദിവസം നിശ്ചയിച്ചിരുന്ന 445 വിമാന സർവീസുകൾ പൂർണമായും റദ്ദാക്കി. യാത്രക്കാർ: ഏകദേശം 57,000 യാത്രക്കാരെ ഈ പണിമുടക്ക് നേരിട്ട് ബാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
പ്രവർത്തനം തടസപ്പെടാൻ കാരണം വിമാനത്താവളത്തിന്റെ സുഗമമായ പ്രവർത്തനത്തിന് അത്യാവശ്യമായ സുരക്ഷാ വിഭാഗങ്ങളിലെ ജീവനക്കാരാണ് പണിമുടക്കുന്നത്.
സുരക്ഷാ കാരണങ്ങളാൽ ഈ വിഭാഗങ്ങളുടെ സേവനമില്ലാതെ വിമാനങ്ങൾക്ക് സർവീസ് നടത്താൻ സാധിക്കില്ല എന്നതാണ് വിമാനത്താവളം പൂർണമായും അടച്ചിടാൻ കാരണമാകുന്നത്.
ആവശ്യങ്ങൾ
ജീവനക്കാരുടെ ശമ്പളത്തിൽ ആറ് ശതമാനം വർധനവ് വേണമെന്നാണ് വെർഡി യൂണിയന്റെ പ്രധാന ആവശ്യം. നിലവിലെ പണപ്പെരുപ്പവും ജീവിതച്ചെലവും കണക്കിലെടുത്താണ് ഈ ആവശ്യമെന്ന് യൂണിയൻ വ്യക്തമാക്കി.
എന്നാൽ മാനേജ്മെന്റുമായുള്ള ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങിയത്.
യാത്രക്കാർ ശ്രദ്ധിക്കാൻ
ബുധനാഴ്ച യാത്ര നിശ്ചയിച്ചിട്ടുള്ളവർ തങ്ങളുടെ വിമാന കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് യാത്രയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ തേടേണ്ടതാണ്.
റദ്ദാക്കിയ വിമാനങ്ങൾക്ക് പകരമുള്ള ക്രമീകരണങ്ങളെക്കുറിച്ച് അറിയാൻ എയർലൈൻ വെബ്സൈറ്റുകളോ ആപ്പുകളോ പരിശോധിക്കാൻ നിർദ്ദേശിക്കുന്നു.
Kerala
നെടുമ്പാശേരി: ഗൾഫ് മേഖലയിൽനിന്ന് ഇന്നലെ 20 വിമാനങ്ങൾ കൊച്ചിയിൽ വന്നിറങ്ങി. ഷാർജ, അബുദാബി, മസ്കറ്റ്, ദമാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽനിന്നാണ് വിമാനങ്ങൾ വന്നത്.
കൊച്ചിയിൽനിന്ന് 14 വിമാനങ്ങൾ വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെട്ടു. അബുദാബി, മസ്കറ്റ്, ദമാം, ഷാർജ, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കാണു വിമാനങ്ങൾ പുറപ്പെട്ടത്.
ദുബായിലേക്കുള്ള എമിറേറ്റ്സിന്റെ രണ്ടു വിമാനങ്ങൾ റദ്ദാക്കിയിരുന്നു.
Kerala
കൊച്ചി: ദുബായി അന്താരാഷ്ട്ര വിമാനത്താവളത്തില് സുരക്ഷാ ഭീഷണിയെത്തുടര്ന്ന് സര്വീസുകള് താത്കാലികമായി റദ്ദാക്കി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില് നിന്നും 4.30ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനം തിരിച്ചിറക്കിയിരുന്നു. 2.25ന് ഫ്ളൈ ദുബായിയുടെയും എമിറേറ്റ്സി്ന്റെയും രണ്ടു വിമാനങ്ങള് ദുബായിലേക്ക് യാത്ര തിരിച്ചിരുന്നു.
ദുബായില്നിന്ന് അഞ്ചു വിമാനങ്ങള് കൊച്ചിയില് എത്തിയിട്ടുണ്ട്. പുലര്ച്ചെ 1.25ന് ഫ്ളൈ ദുബായിയുടെയും എമിറേറ്റ്സിന്റെയും രണ്ടു വിമാനങ്ങളും മൂന്നിന് എമിറേറ്റ്സിന്റെ മറ്റൊരു വിമാനവും എത്തി. 7.15നും 8.5നും എമിറേറ്റ്സിന്റെ രണ്ടു വിമാനങ്ങള് കൂടി എത്തി.
ഇതിനു ശേഷം ദുബായില്നിന്ന് എത്തേണ്ട നാല് സര്വീസുകള് റദ്ദാക്കി. കൊച്ചിയില്നിന്നു യാത്ര തിരിക്കേണ്ട അഞ്ച് സര്വീസുകളും റദ്ദാക്കിയിട്ടുണ്ട്. നിലവില് 44 വിമാന സര്വീസുകള് കൊച്ചിയില് നിന്നും റദ്ദാക്കിയിട്ടുണ്ട്. ദുബായ് കൂടാതെ കുവൈറ്റ്, അബുദാബി, ബഹ്റൈന്, റാസല്ഖൈമ, ദോഹ, മസ്കറ്റ്, ഷാര്ജ എന്നീ രാജ്യങ്ങളില്നിന്ന് എത്തേണ്ട 27 സര്വീസുകളാണ് റദ്ദാക്കിയത്.
കൊച്ചിയില്നിന്നു വിവിധ ഗള്ഫ് രാജ്യങ്ങളിലേക്കുള്ള 17 വിമാന സര്വീസുകളാണ് റദ്ദാക്കിയത്. ബഹ്റൈനിലേക്കു സര്വീസ് ഇല്ല. ബഹ്റൈനില്നിന്നും സര്വീസില്ല. പശ്ചിമേഷ്യന് സംഘര്ഷം ആരംഭിച്ച ശേഷം ബഹ്റൈനില് നിന്നുള്ള ആദ്യ സര്വീസ് ഇന്നലെ നടന്നിരുന്നു. രാജ്യത്തു കുടുങ്ങിയ 192 മലയാളികള് ഇന്നലെ ഗള്ഫ് എയര് വിമാനത്തില് കൊച്ചിയില് എത്തി.
Kerala
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഒരു ചരക്കു വിമാനം ഉൾപ്പെടെ 12 വിമാനങ്ങൾ ഇന്നലെ മധ്യപൂർവ രാജ്യങ്ങളിലേക്ക് പുറപ്പെട്ടു.
കുവൈറ്റിലേക്കാണ് ചരക്കുവിമാനം പോയത്. ജിദ്ദ, ദുബായ്, ഷാർജ, അബുദാബി, മസ്കറ്റ്, റിയാദ് എന്നിവിടങ്ങളിലേക്കാണ് കൊച്ചിയിൽനിന്നു വിമാനങ്ങൾ സർവീസ് നടത്തിയത്.
14 വിമാനങ്ങൾ കൊച്ചിയിലേക്കു സർവീസ് നടത്തി.
Kerala
കൊച്ചി: കേരളത്തില് നിന്നും ഗള്ഫ് രാജ്യങ്ങളിലേക്ക് ഇന്ന് കൂടുതല് വിമാന സര്വീസുകള്. പശ്ചിമേഷ്യന് സംഘര്ഷത്തെ തുടര്ന്ന് റദ്ദാക്കിയ വിമാന സര്വീസുകള് പുനരാരംഭിച്ചിരിക്കുകയാണ്.
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില് നിന്നും 24 സര്വീസുകളാണ് ഇന്ന് ഷെഡ്യൂള് ചെയ്തിരിക്കുന്നത്. കൊച്ചിയിലേക്ക് 14 സര്വീസുകളും കൊച്ചിയില് നിന്നും 10 സര്വീസുകളുമാണ് ഇന്ന് നടക്കുക.
പുലര്ച്ചെ 1.15ന് ആണ് ഇന്ന് ജിദ്ദയില് നിന്നുള്ള ആദ്യ ഫ്ളൈറ്റ് കൊച്ചിയില് എത്തിയത്. പുലര്ച്ചെ 2.45ന് ആണ് കൊച്ചിയില് നിന്നും ആദ്യ ഫ്ളൈറ്റ് പുറപ്പെട്ടത്. ദുബായ്, ഷാര്ജ, അബുദാബി, ഫുജൈറ, മസ്കറ്റ്, റിയാദ്, റാസല്ഖൈമ എന്നിവിടങ്ങളിലേക്കാണ് മിക്ക സര്വീസുകളും.
എന്നാല് കുവൈറ്റ്, ബഹ്റൈന് എന്നിവിടങ്ങളിലേക്ക് സര്വീസ് പുനരാരംഭിച്ചിട്ടില്ല. സൗദി എയര്വേസ്, ഫ്ളൈ ദുബായ്, എയര് അറേബ്യ, സിങ്കപ്പൂര് എയര്ലൈന്സ്, എയര് അറേബ്യ അബുദാബി, എയര് ഇന്ത്യ എക്സ്പ്രസ്, ഒമാന് എയര് തുടങ്ങിയ കമ്പനികളുടെ വിമാനങ്ങളാണ് സര്വീസ് നടത്തുന്നത്.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗതം തടസമില്ലാതെ തുടരുന്നു. ഇന്ന് പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് ആകെ 58 വിമാന സർവീസുകൾ നടത്താൻ ഇന്ത്യൻ എയർലൈനുകൾ പദ്ധതിയിട്ടിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ തുടങ്ങിയ പ്രമുഖ എയർലൈനുകളെല്ലാം ഈ സർവീസുകളുടെ ഭാഗമാണ്. പ്രവാസികളുടെയും മറ്റ് യാത്രക്കാരുടെയും സൗകര്യാർത്ഥം വിമാനങ്ങൾ കൃത്യസമയത്ത് പറക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.
ഇറാൻ ഉൾപ്പെടെയുള്ള മേഖലകളിൽ നിലനിൽക്കുന്ന അസ്ഥിരത കണക്കിലെടുത്ത്, വിമാനങ്ങളുടെ പാതയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ വിമാനങ്ങൾ റദ്ദാക്കപ്പെടുമെന്ന ആശങ്കയിലായിരുന്ന പ്രവാസികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. വിദേശകാര്യ മന്ത്രാലയവും സിവിൽ ഏവിയേഷൻ മന്ത്രാലയവും സ്ഥിതിഗതികൾ ഓരോ മണിക്കൂറിലും വിലയിരുത്തുന്നുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ കൂടുതൽ വിമാനങ്ങൾ അയക്കുന്ന കാര്യവും പരിഗണനയിലാണ്.
Kerala
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില് 58 സര്വീസുകള് റദ്ദാക്കി. കൊച്ചിയില് നിന്നും പുറപ്പെടേണ്ട 31 സര്വീസുകളും എത്തിച്ചേരണ്ട 27 സര്വീസുകളുമാണ് റദ്ദാക്കിയത്.
കുവൈറ്റ്, അബുദാബി, ജിദ്ദ, മസ്കറ്റ്, റാസല്ഖൈമ, ദോഹ, ബഹ്റൈന് തുടങ്ങിയ ഗള്ഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളും അവിടെ നിന്നും എത്തേണ്ട വിമാനങ്ങളുമാണ് റദ്ദു ചെയ്തത്.
എന്നാല് കൊച്ചിയില് നിന്നും മൂന്നു വിമാനങ്ങള് ഇന്ന് ഗള്ഫിലേക്ക് സര്വീസ് നടത്തുന്നുണ്ട്. 8.10നും 2.25നും മസ്കറ്റിലേക്ക് ഒമാന് എയര്വേസ് സര്വീസ് നടത്തും. 11.30ന് ജിദ്ദയിലേക്ക് സൗദി എയര്ലൈന്സ് സര്വീസ് നടത്തും. ഇറാന് - ഇസ്രയേല് - അമേരിക്ക സംഘര്ഷത്തെ തുടര്ന്ന് കഴിഞ്ഞ ദിവസം 23 സര്വീസുകളായിരുന്നു റദ്ദാക്കിയിരുന്നത്.
സംഘര്ഷം മൂന്നാം ദിവസവും തുടരുകയാണ്. ഖമനയ്യുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗള്ഫ് രാജ്യങ്ങളിലേക്ക് ആക്രമണം കടുപ്പിച്ചത്.
ലെബനനില് നിന്ന് ഹിസ്ബുള്ളയെ ഉപയോഗിച്ചും ഇസ്രയേലിനെതിരെ ഇറാന് പൊരുതുന്നുണ്ട്. ദുബായി വിമാനത്താവളം, ബുര്ജ് ഖലീഫ, ബഹ്റൈനിലെയും കുവൈത്തിലെയും ഖത്തറിലെയും അമേരിക്കന് സൈനികത്താവളങ്ങള് എന്നിവിടങ്ങളാണ് ഇറാന് ലക്ഷ്യമിട്ടത്.
National
ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ 128 വിമാന സർവീസുകൾ റദ്ദാക്കി. എട്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. 200 ഓളം സർവീസുകൾ വൈകി.
ഡൽഹി വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന 64 സർവീസുകളും ഇവിടേയ്ക്ക് വരുന്ന 64 സർവീസുകളും റദ്ദാക്കിയെന്നും എട്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും അധികൃതർ പറഞ്ഞു.
അതേസമയം, ഡൽഹിയിലും വടക്കേ ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞ് തുടരുകയാണ്.
National
മുംബൈ: ഇൻഡിഗോ വിമാനസർവീസുകൾ കൂട്ടത്തോടെ റദ്ദാക്കുന്നത് തുടരുന്നു. രാജ്യത്തെ പ്രധാനപ്പെട്ട രണ്ടു വിമാനത്താവളങ്ങളായ ഡൽഹി, ബംഗളുരു എന്നിവിടങ്ങളിൽ നിന്നുള്ള 159 വിമാനങ്ങളാണ് വെള്ളിയാഴ്ച ഇൻഡിഗോ റദ്ദാക്കിയത്.
വ്യഴാഴ്ച ഇരുനൂറിലേറെ സർവീസുകൾ രണ്ടു വിമാനത്താവളങ്ങളിൽ നിന്നായി ഇൻഡിഗോ റദ്ദാക്കിയിരുന്നു.
National
ന്യൂഡൽഹി: രാജ്യത്തെ വിമാനയാത്രക്കാരെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട ഇൻഡിഗോ വിമാന സർവീസുകളുടെ കൂട്ട റദ്ദാക്കൽ ഒരാഴ്ച പിന്നിട്ടു.
കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഇന്നലെവരെ 4500ലധികം സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. ഡിജിസിഎയുടെ പുതുക്കിയ ചട്ടങ്ങൾ പിൻവലിച്ചതിനാൽ പ്രതിദിനം പ്രവർത്തിപ്പിക്കുന്ന സർവീസുകളുടെ എണ്ണം ഇൻഡിഗോ വർധിപ്പിച്ചെങ്കിലും ഇന്നലെയും രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽനിന്ന് അഞ്ഞൂറിലധികം സർവീസുകൾ റദ്ദാക്കപ്പെട്ടു.
പ്രതിസന്ധി തുടങ്ങിയതു മുതലുള്ള ഏഴുദിവസം വരെ 5.5 ലക്ഷം ഇൻഡിഗോ ടിക്കറ്റുകളാണ് റദ്ദ് ചെയ്യപ്പെട്ടത്. റദ്ദാക്കലുകൾ ബാധിച്ച യാത്രക്കാർക്ക് ഇതുവരെ റീഫണ്ട് ഇനത്തിൽ 827 കോടി രൂപ നൽകിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. 9000 ബാഗുകളിൽ 4500 ബാഗുകൾ യാത്രക്കാർക്ക് കൈമാറിയിട്ടുണ്ട്. ശേഷിക്കുന്ന ബാഗുകൾ 24 മണിക്കൂറിനുള്ളിൽ കൈമാറുമെന്നു കേന്ദ്രം അറിയിച്ചു.
ഇൻഡിഗോയെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി
അതിനിടെ വിമാനങ്ങൾ കൂട്ടമായി റദ്ദ് ചെയ്യപ്പെടുന്നതിൽ ഇൻഡിഗോയെ കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹൻ നായിഡു കുറ്റപ്പെടുത്തി. വിമാനങ്ങളുടെ കൂട്ട റദ്ദാക്കലിനെ സംബന്ധിച്ചു രാജ്യസഭയിൽ ഉയർന്നൊരു ചോദ്യത്തിനു ഇൻഡിഗോയുടെ ഫ്ലൈറ്റ് ക്രൂവിനു ഡ്യൂട്ടി അനുവദിക്കുന്നതിലും ആഭ്യന്തര സംവിധാനത്തിലും പ്രശ്നങ്ങളുണ്ടായതു മൂലം ഉടലെടുത്ത പ്രതിസന്ധി എന്നാണ് കേന്ദ്രമന്ത്രി വിശേഷിപ്പിച്ചത്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ വ്യോമയാനരംഗത്ത് കൂടുതൽ കന്പനികൾ കടന്നുവരേണ്ടതിന്റെ ആവശ്യകതയും നായിഡു ചൂണ്ടിക്കാട്ടി.
അതിനിടെ ഫ്ലൈറ്റ് റദ്ദാക്കലുകളിൽ അന്വേഷണം നടത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിയോഗിച്ച നാലംഗ അന്വേഷണസമിതി ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സിനെയും സിഒഒ ഇസിദ്രെ പോർക്വുറാസിനെയും നാളെ ചോദ്യം ചെയ്യാൻ വിളിച്ചേക്കും. സംഭവത്തിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം ആവശ്യപ്പെട്ടു ജോണ് ബ്രിട്ടാസ് എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചിട്ടുണ്ട്. വിഷയത്തിൽ ജുഡീഷൽ ഇടപെടൽ ആവശ്യപ്പെട്ടു ഡൽഹി ഹൈക്കോടതിക്കു മുന്പാകെ എത്തിയ പൊതുതാത്പര്യ ഹർജി നാളെ പരിഗണിക്കും.
National
ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട സാങ്കേതിക പ്രശ്നങ്ങൾക്ക് പിന്നാലെ വിമാന സര്വീസുകള് സാധാരണ നിലയിലേക്ക് നീങ്ങുന്നു എന്ന് ഇന്ഡിഗോ.
നെറ്റ്വര്ക്ക് കണക്റ്റിവിറ്റിയുടെ 95 ശതമാനവും പുനഃസ്ഥാപിച്ചെന്നും ശനിയാഴ്ച 138 ഇടങ്ങളിലേക്ക് നിശ്ചയിച്ചിരുന്ന 135 സര്വീസുകള് വിജയകരമായി പൂര്ത്തിയാക്കിയെന്നും ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.
പ്രതിസന്ധിയുടെ അഞ്ചാം ദിവസമായ ഇന്ന് നൂറുകണക്കിന് വിമാനങ്ങള് റദ്ദാക്കിയിരുന്നു. ഇതോടെ ബംഗളൂരു, മുംബൈ വിമാനത്താവളങ്ങള്ക്ക് പുറത്ത് യാത്രക്കാര് തടിച്ചു കൂടി.
ഇന്ഡിഗോ പ്രതിസന്ധിയില് ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് കേന്ദ്രസര്ക്കാര് എന്നും റിപ്പോര്ട്ടുകളുണ്ട്. ഇന്ഡിഗോ അധികൃതരെ വ്യോമയാന മന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു.
ഇന്ഡിഗോയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് വ്യോമയാന മന്ത്രി റാം മോഹന് നായിഡു വ്യക്തമാക്കിയിരുന്നു. ഇന്ഡിഗോ ടിക്കറ്റ് കാന്സലേഷനുകളുമായി ബന്ധപ്പെട്ട എല്ലാ റീഫണ്ടും ഞായറാഴ്ച രാത്രി എട്ടിനു മുന്പായി യാത്രക്കാര്ക്ക് നല്കണമെന്നു കേന്ദ്രം ഉത്തരവിട്ടു.
റീഷെഡ്യൂളിംഗ് ചാര്ജുകള് ഈടാക്കാന് പാടില്ല. റീഫണ്ടില് കാലതാമസം വരുത്തിയാല് കര്ശന നടപടിയുണ്ടാകും. നവംബര് ഒന്നിനു പ്രാബല്യത്തിലായ പൈലറ്റ് ഡ്യൂട്ടി ചട്ടത്തിലെ ചില വ്യവസ്ഥകളില് 2026 ഫെബ്രുവരി 10 വരെ ഇന്ഡിഗോയ്ക്ക് ഇളവു നല്കുകയും ചെയ്തിട്ടുണ്ട്.
National
ന്യൂഡല്ഹി: റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് റീഫണ്ട് ചെയ്യുന്ന പ്രക്രിയ ഞായറാഴ്ച വൈകുന്നേരത്തോടെ പൂര്ത്തിയാക്കാന് ഇന്ഡിഗോയോട് ആവശ്യപ്പെട്ട് കേന്ദ്രസര്ക്കാര്.
യാത്രക്കാരുടെ ബാഗേജുകള് രണ്ടു ദിവസത്തിനകം മടക്കിനല്കിയെന്ന് ഉറപ്പാക്കാനും കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്ദേശിച്ചു.
ഇൻഡിഗോയിൽ ജീവനക്കാരുടെ ക്ഷാമം മൂലം സര്വീസുകള് മുടങ്ങുന്നത് ശനിയാഴ്ച അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. റീഫണ്ട് പ്രക്രിയയില് എന്തെങ്കിലും കാലതാമസം ഉണ്ടാവുകയോ നിര്ദേശം പാലിക്കാതെ വരികയോ ചെയ്താല് നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി.
റദ്ദാക്കിയതോ തടസപ്പെട്ടതോ ആയ എല്ലാ വിമാന സര്വീസുകളുടെയും റീഫണ്ട് പ്രക്രിയ ഞായറാഴ്ച രാത്രി എട്ടോടെ പൂര്ത്തിയാക്കണമെന്നാണ് മന്ത്രാലയത്തിന്റെ പ്രസ്താവനയില് പറയുന്നത്.
അതേസമയം, സാഹചര്യം മുതലെടുത്ത് മറ്റ് വിമാനക്കമ്പനികള് ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്ത്തുന്നതും ഇരുട്ടടിയായി. അവസരം മുതലാക്കരുതെന്ന് വിമാന കമ്പനികള്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം കര്ശന നിര്ദേശം നല്കിയിട്ടുണ്ട്.
National
ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ 800 വിമാന സർവീസുകൾ വൈകി. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും വൈകിയിട്ടുണ്ട്.
പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നാണ് ഡൽഹി വിമാനത്താവള അധികൃതർ പറയുന്നത്. ആയിരക്കണക്കിന് യാത്രക്കാരാണ് ഇതോടെ ബുദ്ധിമുട്ടിലായിരിക്കുന്നത്. ടിക്കറ്റെടുത്ത യാത്രക്കാർ വിമാന കമ്പനികളുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
എയർ ട്രാഫിക് കൺട്രോൾ ഡാറ്റയുമായി ബന്ധപ്പെട്ട ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റമാണ് തകരാറിലായത്. നിലവിൽ ഉദ്യോഗസ്ഥർ നേരിട്ടാണ് ഫ്ലൈറ്റ് മാന്വൽ കൈകാര്യം ചെയ്യുന്നതെന്നും ഇതാണ് വിമാനങ്ങൾ വൈകാൻ കാരണമാകുന്നതെന്നുമാണ് അധികൃതർ പറയുന്നത്.
പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരയടക്കം വിന്യസിച്ച് തീവ്ര ശ്രമം തുടരുകയാണ്. ഡൽഹിയിൽ നിന്ന് പോകേണ്ടിയിരുന്ന ആയിരക്കണക്കിന് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയാണ്.
ഡൽഹിയിൽ നിന്നും പുറപ്പെടുന്ന യാത്രക്കാർ വിമാനകമ്പനികളുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടണമെന്നും നിശ്ചയിച്ച സമയത്തിലും നേരത്തെ വിമാനത്താവളത്തിലെത്തണമെന്നും വിമാന കമ്പനികൾ മാർഗനിർദേശം പുറത്തിറക്കി.
National
ന്യൂഡൽഹി: എയർ ട്രാഫിക് കൺട്രോൾ (എടിസി) സംവിധാനത്തിലെ തകരാറുമൂലം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ തടസപ്പെട്ടു.
നൂറിലേറെ വിമാനങ്ങൾ വൈകിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും വിമാനത്താവളാധികൃതർ നിർദേശം നൽകി.
ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എടിസി തകരാറുമൂലമാണ് യാത്ര വൈകുന്നതെന്നും യാത്രക്കാർക്കാവശ്യമായ സഹായത്തിന് ക്യാബിൻ ക്രൂവും മറ്റു ജീവനക്കാരും സജ്ജമാണെന്നും എയർ ഇന്ത്യ അറിയിച്ചു.
Kerala
സ്വന്തം ലേഖകൻ
ന്യൂഡല്ഹി: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തില് വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കാന് കര്ശന നടപടികളുമായി വ്യോമയാന മന്ത്രാലയം. ഇതുസംബന്ധിച്ച് പുതിയ കരട് നിയമം പുറപ്പെടുവിച്ചു. വിമാനത്താവളങ്ങൾക്കു ചുറ്റുമുള്ള നിശ്ചിത പ്രദേശത്ത് വ്യോമയാന സുരക്ഷയ്ക്കു ഭീഷണിയാകുന്ന നിർമിതികളിൽ നിയന്ത്രണം കൊണ്ടുവരുന്നതാണ് പുതിയ നിയമം. വ്യോമപാതയ്ക്കു തടസമാകുന്ന കെട്ടിടങ്ങളും മരങ്ങളും നീക്കം ചെയ്യണമെന്നോ അവയുടെ ഉയരം കുറയ്ക്കണമെന്നോ ഉടമസ്ഥരോട് കർശനമായി നിയമം ആവശ്യപ്പെടുന്നു. കഴിഞ്ഞ 18ന് പുറപ്പെടുവിച്ച കരട് നിയമം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ ഔദ്യോഗികമായി മാറും.
വിമാനത്താവളങ്ങൾക്കു ചുറ്റുമുള്ള നിശ്ചിത പ്രദേശത്തു വിമാനങ്ങൾക്ക് അപകടകരമാകുന്ന കെട്ടിടങ്ങളോ മരങ്ങളോ ഉണ്ടെങ്കിൽ അവ റിപ്പോർട്ട് ചെയ്ത് ഉടമസ്ഥർക്കു നോട്ടീസ് അയക്കാൻ കരട് നിയമം അധികൃതർക്ക് നിർദേശം നൽകുന്നു. വ്യോമയാന അധികാരികളിൽനിന്നു നോട്ടീസ് ലഭിച്ച് 60 ദിവസത്തിനകം ഉടമസ്ഥൻ കെട്ടിടങ്ങളും മരങ്ങളും നീക്കം ചെയ്യാനോ അവയുടെ ഉയരം കുറയ്ക്കുവാനോ വേണ്ട നടപടികൾ സ്വീകരിക്കണം.
നിർദേശങ്ങൾ പാലിക്കാത്ത പക്ഷം വിമാനത്താവളത്തിന്റെ ഓഫീസർ ഇൻചാർജ് ജില്ലാ കളക്ടർക്കു റിപ്പോർട്ട് നൽകുകയും നിർമിതി തകർക്കുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യും. ഉത്തരവുകൾക്കെതിരേ ഫസ്റ്റ് അല്ലെങ്കിൽ സെക്കൻഡ് അപ്പീൽ ഓഫീസർക്കു ഹർജി നൽകാൻ ഉടമസ്ഥർക്ക് അവകാശമുണ്ട്. ഉത്തരവുകൾ പാലിക്കുന്നവർ നഷ്ടപരിഹാരത്തിന് അർഹരാണെന്നും എന്നാൽ വിജ്ഞാപനം പുറപ്പെടുവിച്ചതിനുശേഷം വ്യോമയാന സുരക്ഷയ്ക്കു ഭീഷണിയായി നിർമിക്കുന്ന പുതിയ നിർമിതികൾക്ക് നഷ്ടപരിഹാരത്തിന് അവകാശമില്ലെന്നും കരട് നിയമത്തിൽ വ്യക്തമാക്കുന്നു.