International
ബെയ്റൂട്ട്: രാജ്യത്തിന്റെ തെക്കൻ ഭാഗത്തുള്ള ക്രൈസ്തവ ഗ്രാമങ്ങൾ ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ വത്തിക്കാന്റെ ഇടപെടല്‍ തേടി ലബനന്.
ഹിസ്ബുള്ളയുടെ നുഴഞ്ഞുകയറ്റവും ഇസ്രേലി ആക്രമണങ്ങളും പ്രദേശത്തെ ക്രൈസ്തവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നും സമീപദിവസങ്ങളിൽ ചുറ്റുമുള്ള അപകടങ്ങൾക്കിടയിലും താമസക്കാർ വീടുകളിൽത്തന്നെ തുടരാൻ തീരുമാനിച്ചിരിക്കുകയാണെന്നും ലബനൻ വിദേശകാര്യ മന്ത്രി യൂസഫ് റാഗി വത്തിക്കാനെ അറിയിച്ചു.
രാജ്യങ്ങളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ സെക്രട്ടറി ആർച്ച്ബിഷപ് പോൾ ഗല്ലാഗറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ലബനനിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ചും തെക്കൻ അതിർത്തി ഗ്രാമങ്ങൾ നേരിടുന്ന ദുഷ്കരമായ സാഹചര്യങ്ങളെക്കുറിച്ചും റാഗി വിശദീകരിച്ചത്.
ലബനൻ ഭരണകൂടത്തെയും അതിന്റെ ഔദ്യോഗിക സൈനിക സ്ഥാപനങ്ങളെയും സ്ഥിരമായി പിന്തുണച്ചിട്ടുള്ള ഗ്രാമങ്ങളിലെ ക്രിസ്ത്യൻ സാന്നിധ്യം നിലനിർത്താൻ സഹായിക്കുന്നതിന് ഇടപെടാനും മധ്യസ്ഥത വഹിക്കാനും അദ്ദേഹം വത്തിക്കാനോട് ആവശ്യപ്പെട്ടു.
District News
തൃശൂർ: കേരളത്തിലെ പട്ടയവിതരണരംഗത്തു ശ്രദ്ധേയമായ ഇടപെടലാണു സംസ്ഥാനസർക്കാർ നടത്തുന്നതെന്നു മന്ത്രി കെ. രാജൻ. തൃശൂർ താലൂക്കിലെ പട്ടയപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നടത്തിയ അദാലത്തുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിലാണ് പ്രതികരണം.
നാലേകാൽ ലക്ഷത്തിലേറെ പട്ടയങ്ങളാണ് ഇതുവരെ വിതരണം പൂർത്തിയാക്കിയത്. അഞ്ചു ലക്ഷത്തോളം പട്ടയങ്ങൾ ഈ സർക്കാരിന്റെ കാലയളവിൽ വിതരണംചെയ്യാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് റവന്യൂ വകുപ്പ്. പത്തുവർഷംകൊണ്ട് ഈ താലൂക്കിൽമാത്രം 2444 പട്ടയങ്ങളാണു വിതരണം ചെയ്തത്. ഇനി നടക്കാൻ പോകുന്ന പട്ടയമേളയിൽ മലയോരമേഖലയിൽ നൂറിലധികം പട്ടയങ്ങൾകൂടി വിതരണം ചെയ്യാനാകും.
മലയോര പട്ടയവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ അനുവദിച്ച ഭൂമിയാണ് ആദ്യം വിതരണം ചെയ്യുകയെന്നും മന്ത്രി പറഞ്ഞു. സ്റ്റേ പട്ടയവുമായി ബന്ധപ്പെട്ട അപേക്ഷകളും അസൈൻമെന്റ് ഓർഡർ ലഭിച്ച് തുക അടയ്ക്കുന്നതിൽ കാലതാമസം വരുത്തിയവർക്കു മാപ്പാക്കി പട്ടയം അനുവദിക്കുന്നതിനുള്ള അപേക്ഷകളുമാണ് അദാലത്തിൽ പരിഹരിച്ചത്.
വിലങ്ങന്നൂർ ദർശന ഓഡിറ്റോറിയത്തിൽ നടന്ന പത്രസമ്മേളനത്തിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ലാൻഡ് റവന്യൂ കമ്മീഷണർ കെ. ജീവൻബാബു തുടങ്ങിയവർ പങ്കെടുത്തു.
National
ന്യൂഡല്‍ഹി: 14 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു മതവിദ്യാഭ്യാസം നല്‍കുന്നതിന് ബന്ധപ്പെട്ട സ്കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും രജിസ്ട്രേഷന് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി.
ബന്ധപ്പെട്ട അഥോറിറ്റിയെ വിഷയം പരിഗണിക്കാന്‍ വിസമ്മതിച്ചാല്‍ ഇടപെടാമെന്നു വ്യക്തമാക്കിയാണ് ജസ്റ്റീസുമാരായ ദീപാങ്കര്‍ ദത്ത, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയെ ബെഞ്ച് ഹര്‍ജി തള്ളിയത്.
14 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു മതപരമായ പ്രബോധനമോ വിദ്യാഭ്യാസമോ നല്കുന്ന എല്ലാ സ്ഥാപനങ്ങളും ഭരണഘടനയുടെ വിവിധ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ നിർദേശിക്കണമെന്നാണ് ഹര്‍ജിക്കാരനായ അശ്വനി കുമാര്‍ ഉപാധ്യായ റിട്ട് ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടത്.
District News
കൽപ്പറ്റ: സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസ് ഇടപെടൽ കൂടുതൽ കാര്യക്ഷമവും ക്രമബദ്ധവുമാക്കുന്നതിനായി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി ആന്റി റയറ്റ് ഡ്രിൽ പരിശീലനം സംഘടിപ്പിച്ചു.
പൊതുസമാധാനവും നിയമവ്യവസ്ഥയും നിലനിർത്തുന്നതിനിടെ നേരിടേണ്ടിവരുന്ന അക്രമസാഹചര്യങ്ങൾ കൃത്യതയോടെ പ്രതിരോധിക്കാനുള്ള പരിശീലനമാണ് നൽകിയത്. പുത്തൂർവയൽ എആർ ക്യാന്പിൽ പരേഡിന് മാനന്തവാടി ഡിവൈഎസ്പി വി.കെ. വിശ്വംഭരൻ നേതൃത്വം നൽകി. ഡിഎച്ച്ക്യു സബ് ഇൻസ്പെക്ടർ ജോസ് ജോർജ്, സബ് ഇൻസ്പെക്ടർ റോയ് എന്നിവർ ക്ലാസുകൾ നയിച്ചു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നും യൂണിറ്റുകളിൽ നിന്നുമായി 40 ഓളം പോലീസ് ഉദ്യോഗസ്ഥർ പരേഡിൽ പങ്കെടുത്തു.
ജനക്കൂട്ട നിയന്ത്രണം, അപ്രതീക്ഷിത സംഘർഷ സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ, നിയമപരമായ ഇടപെടൽ രീതികൾ തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലനം. അക്രമ സാഹചര്യം നേരിടുന്നതിനും പൊതുസമാധാനം നിലനിർത്തുന്നതിനുമുള്ള പ്രായോഗിക പരിശീലനങ്ങൾ നൽകി. അക്രമസാഹചര്യങ്ങളിൽ ഇടപെടുന്പോൾ പോലീസ് ഉദ്യോഗസ്ഥർ സ്വന്തം സുരക്ഷയ്ക്കും മുൻഗണന നൽകേണ്ടതിന്റെ പ്രാധാന്യവും പരിശീലനത്തിൽ ഊന്നിപ്പറഞ്ഞു.