District News
മൂവാറ്റുപുഴ: സമാധാനപരവും പ്രശ്നരഹിതവുമായ തെരഞ്ഞെടുപ്പ് നടത്തുക എന്ന ലക്ഷ്യത്തോടെ പോലീസിന്റെ കനത്ത സംവിധാനങ്ങളും സാന്നിധ്യവും ഉറപ്പുവരുത്താന്‍ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ കീഴിലുള്ള പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ റൂട്ട് മാര്‍ച്ച് നടത്തി. പോലീസുകാര്‍ക്കൊപ്പം ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്സ് ഉള്‍പ്പെടെയുള്ളവരും അണിനിരന്നു.
മൂവാറ്റുപുഴ പുളിഞ്ചോട് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച റൂട്ട്മാര്‍ച്ച് പേഴയ്ക്കാപ്പിള്ളി ജംഗ്ഷനില്‍ സമാപിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് കീഴിലുള്ള വാഴക്കുളം, കല്ലൂര്‍ക്കാട്, പോത്താനിക്കാട്, കോതമംഗലം, കുട്ടമ്പുഴ, ഊന്നുകല്‍, മുവാറ്റുപുഴ, മുവാറ്റുപുഴ ട്രാഫിക്, കോതമംഗലം ട്രാഫിക് തുടങ്ങിയ സ്റ്റേഷനുകളിലെ പോലീസുകാര്‍ റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തു.
മൂവാറ്റുപുഴ ഡിവൈഎസ്പി പി. അബ്ദുല്‍ മുനീര്‍, മൂവാറ്റുപുഴ സ്റ്റേഷന് ഹൗസ് ഓഫീസര്‍ അനില്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് റൂട്ട് മാര്‍ച്ച് നടന്നത്.
District News
കരുനാഗപ്പള്ളി: ഗുണ്ടാപകയിലെ കൊലപാതങ്ങൾക്ക് ശേഷം പ്രകോപനപരമായ പോർ വിളികൾ ഉയർന്ന കരുനാഗപ്പള്ളിയിലെ കടത്തൂർ ഭാഗത്ത് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ എം. ഹേമലതയുടെ നേതൃത്വത്തിൽ പോലീസ് ഇന്നലെ റൂട്ട് മാർച്ച് നടത്തി.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി മേഖലയിൽ ക്രമസാധാനം ഉറപ്പിക്കാനാണ് കൊല്ലം സിറ്റി പോലീസ് ഉദ്യോഗസ്ഥരും പോലീസ് സേനാംഗങ്ങളും കേന്ദ്ര സായുധ സേനാംഗങ്ങളും സംയുക്തമായി റൂട്ട് മാർച്ച് നടത്തിയത്.
അതേസമയം ഗുണ്ടാപകയിലെ കൊലപാതങ്ങൾക്ക് ശേഷം സാമൂഹികാന്തരീക്ഷം കലുഷിതമാക്കുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ പ്രചരണങ്ങൾ നടത്തിയ സംഭവത്തിൽ കൊല്ലം സിറ്റി പോലീസ് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.
ദിവസങ്ങൾക്ക് മുമ്പാണ് കരുനാഗപ്പള്ളിയിൽ മുൻവിരോധത്താൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. തുടർന്ന് കരുനാഗപ്പള്ളിയിൽ ശക്തമായ പോലീസ് നിരീക്ഷണം തുടർന്നു വരവേയാണ് സോഷ്യൽ മീഡിയയിലൂടെ രണ്ട് സംഘങ്ങൾക്കുമിടയിൽ വിദ്വേഷം വളർത്തുന്ന രീതിയിൽ പ്രചരണങ്ങൾ നടന്നത്. സൈബർ ക്രൈം പോലീസ് സ്റ്റേഷനിലാണ് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തത്. കഴിഞ്ഞദിവസം കരുനാഗപ്പള്ളിയിലും സൈബർ പോലീസ് സ്റ്റേഷനിലുമായി ഇത്തരം പ്രചരണം നടത്തിയതിന് ഒരോ കേസുകൾ വീതം രജിസ്റ്റർ ചെയ്തിരുന്നു.
District News
മൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി മൂവാറ്റുപുഴയില്‍ പോലീസും കേന്ദ്ര സായുധ വിഭാഗവും സംയുക്ത റൂട്ട് മാര്‍ച്ച് നടത്തി.
മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് കീഴിലുള്ള പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തു. പോലീസുകാര്‍ക്കൊപ്പം ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്സ് ഉള്‍പ്പെടെ പങ്കെടുത്ത മാര്‍ച്ച് മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് വെള്ളൂര്‍കുന്നത്ത് സമാപിച്ചു. 150 ഓളം പോലീസുകാരും കേന്ദ്ര സായുധ വിഭാഗവും റൂട്ട് മാര്‍ച്ചിന്റെ ഭാഗമായി.
District News
ചെറുതോണി: ഇടുക്കി നിയോജകമണ്ഡലത്തിലെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി നാളെ മുതൽ 12 വരെ എൽഡിഎഫ് വികസന മുന്നേറ്റം നടത്തുമെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി റോഷി അഗസ്റ്റിനാണ് ജാഥാ ക്യാപ്റ്റൻ.
പത്തു വർഷത്തിനിടെ സംസ്ഥാനത്ത് വിവിധ മേഖലകളിൽ കൈവരിച്ച വികസന നേട്ടങ്ങളും മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികളും ജനങ്ങളിൽ എത്തിക്കുകയാണ് ജാഥയുടെ ലക്ഷ്യമെന്ന് നേതാക്കൾ പറഞ്ഞു.
ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ മേഖലകളിലെ പുരോഗതിയോടൊപ്പം സാമൂഹ്യ ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ സംസ്ഥാനത്ത് വലിയ മാറ്റം സൃഷ്ടിക്കാനായതായി എൽഡിഎഫ് നേതാക്കൾ പറഞ്ഞു.
ഇടുക്കി മണ്ഡലത്തിൽ മെഡിക്കൽ കോളജ് വികസനം, മലയോര ഹൈവേ ഉൾപ്പെടെയുള്ള റോഡ് വികസനങ്ങൾ, പാലങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ നടപ്പാക്കി.സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം റോമിയോ സെബാസ്റ്റ്യൻ ജാഥയുടെ മാനേജരായും സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എം.കെ. പ്രിയൻ വൈസ് ക്യാപ്റ്റനായും പങ്കെടുക്കും.
നാളെ രാവിലെ 8.30 ന് മൂലമറ്റത്ത് മന്ത്രി വി.എൻ. വാസവൻ ജാഥ ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിലെ യോഗങ്ങളിൽ ജോസ് കെ. മാണി എംപി, സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ. സലീംകുമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്ന് പത്രസമ്മേളനത്തിൽ എൽഡിഎഫ് നേതാക്കളായ റോമിയോ സെബാസ്റ്റ്യൻ, ഷാജി കാഞ്ഞമല, അനിൽ കൂവപ്ലാക്കൽ, ഷിജോ തടത്തിൽ, ജയിംസ് മ്ലാക്കുഴി എന്നിവർ അറിയിച്ചു.
Kerala
കൊച്ചി: എറണാകുളം പിഎസ്സി ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. പിഎസ്സി റാങ്ക് ലിസ്റ്റിൽ നിയമനം നടക്കാത്തതിലും പിൻവാതിൽ നിയമനങ്ങൾ നടക്കുന്നുവെന്ന ആരോപണങ്ങളിലും പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുന്നത്.
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സിജോയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള പിഎസ്സി ഓഫീസിലാണ് പ്രതിഷേധം നടക്കുന്നത്. 30 ഓളം പ്രവർത്തകരാണ് പ്രതിഷേധിക്കുന്നത്.
ഒന്നാം റാങ്ക് കിട്ടിയവർക്ക് പോലും നിയമനം ലഭിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പരാതി ഉയർന്നിരുന്നു. പ്രവർത്തകർ പിഎസ്സി ഓഫീസിനകത്തേക്ക് ഇരച്ചു കയറി, ഉപരോധിച്ചു കൊണ്ടാണ് പ്രതിഷേധിക്കുന്നത്.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഭായ് കോളനിക്കെതിരെയുള്ള ബഹുജന പ്രക്ഷോഭത്തില്‍ അറസ്റ്റ്. അന്യസംസ്ഥാന തൊഴിലാളി നല്കിയ പരാതിയില്‍ വെങ്ങോല പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.
ഭായ് കോളനി കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന സജീവാണ്. ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രക്ഷോഭിച്ചത്. ഇതിനിടെ അന്യസംസ്ഥാന തൊഴിലാളികളും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമായി സംഘര്‍ഷാവസ്ഥ ഉണ്ടാലുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അന്യസംസ്ഥാന തൊഴിലാളിയുടെ പരാതിയില്‍ വെങ്ങോല പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്.
അടുത്തിടെയായി ഭായ് കോളനിയില്‍ താമസിക്കുന്നവരും നാട്ടുകാരും തമ്മില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും മയക്കുമരുന്ന് കച്ചവടവും ഇവിടെ നടക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇവിടെ പോലീസ് റെയ്ഡും തുടരെ നടക്കുന്നുണ്ട്.
അന്യസംസ്ഥാന തൊഴിലാളികള്‍ പരസ്യമായി ലഹരി ഉപയോഗിക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. എക്സൈസ് ഉദ്യോഗസ്ഥര്‍ കേസ് എടുക്കാറുണ്ടെങ്കിലും ചെറിയ അളവില്‍ മാത്രം ലഹരി സൂക്ഷിക്കുന്നതിനാല്‍ ഇവര്‍ക്ക് ജാമ്യം ലഭിക്കാറുണ്ട്.
പരസ്യമായി ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിരുന്നു. കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ടു വന്നാല്‍ തല്ലും എന്നെഴുതിയ ഒരു ബോര്‍ഡും നാട്ടുകാര്‍ പ്രദേശത്ത് സ്ഥാപിച്ചിരുന്നു.
Kerala
തിരുവനന്തപുരം: കേരള എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അധ്യാപകരുടെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തും. രാവിലെ 10ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്നാണ് മാർച്ച് ആരംഭിക്കുക.
മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന ധർണ ഉദ്ഘാടനം ചെയ്യും.
കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി, ശിവഗിരി മഠം സ്കൂൾ കോർപറേറ്റ് മാനേജർ വിശാലാനന്ദ സ്വാമികൾ, എംഇഎസ് സ്കൂൾ മാനേജ്മെന്റ് പ്രതിനിധി കെ.എ ഹാഷിം എന്നിവർ പങ്കെടുക്കും.
Kerala
തൃശൂർ: ശബരിമല സ്വർണക്കൊള്ളയ്ക്കെതിരെയും തൊഴിലുറപ്പ് പദ്ധതി കേന്ദ്രസർക്കാർ അട്ടിമറിച്ചെന്നും ആരോപിച്ച് യൂത്ത്കോൺഗ്രസ് തൃശൂർ കളക്ടറേറ്റിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം.
പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജെനീഷ് അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രവർത്തകർ പോലീസ് മർദിച്ചെന്നാരോപിച്ച് സ്റ്റേഷനിൽ മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
സ്റ്റേഷന്റെ അകത്തേക്ക് തള്ളിക്കയറാനും പ്രവർത്തകർ ശ്രമിച്ചു. പരിക്കേറ്റ രണ്ട് കോൺഗ്രസ് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് വിട്ടയച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ യൂത്ത്കോൺഗ്രസ് നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജി. ജനീഷ്, അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ഒന്നിലധികം തവണ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. പോലീസ് വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി.
പലർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. പലർക്കും പരിക്കേറ്റു. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ സ്ഥലത്ത് തുടരുകയാണ്. ഇത് അന്തിമസമരം അല്ലെന്നും തലസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും തുടർ സമരങ്ങൾ ഉണ്ടാകുമെന്നും യൂത്ത്കോൺഗ്രസ് അധ്യക്ഷൻ ഒ.ജെ. ജനീഷ് പ്രതികരിച്ചു.
National
കോല്‍ക്കത്ത: ഓണറേറിയം വര്‍ധിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നലെ പശ്ചിമബംഗാള്‍ ആരോഗ്യ വകുപ്പ് ആസ്ഥാനത്തേക്ക് ആശാ തൊഴിലാളികള്‍ നടത്തിയ മാര്‍ച്ച് കോല്‍ക്കത്ത നഗരത്തെ സ്തംഭിപ്പിച്ചു.
മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ലെന്നും തുച്ഛമായ തുക മാത്രമാണ് ലഭിക്കുന്നതെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. മാര്‍ച്ച് പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് കോല്‍ക്കത്തയിലെ എസ്പ്ലനേഡിലും സാള്‍ട്ട് ലേക്കിലും ആയിരക്കണക്കിന് ആശാ തൊഴിലാളികള്‍ പ്രധാന പാതകള്‍ ഉപരോധിച്ചു.
വിവിധ ജില്ലകളില്‍നിന്നെത്തിയ പ്രതിഷേധക്കാരെ ഇന്നലെ രാവിലെ മുതല്‍ സീല്‍ദ, ഹൗറ റെയില്‍വേ സ്റ്റേഷനുകളില്‍നിന്നു പുറത്തിറങ്ങിയപ്പോള്‍ പോലീസ് തടഞ്ഞു. നിരവധി സ്ഥലങ്ങളില്‍ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനു കാരണമായി.
ആരോഗ്യവകുപ്പ് ആസ്ഥാനമായ ‘സ്വാസ്ഥ്യ ഭവന്’ സ്ഥിതി ചെയ്യുന്ന സാള്‍ട്ട് ലേക്കിലേക്കു ചില പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ ചാടിക്കടക്കാന്‍ ശ്രമിച്ചു. സാള്‍ട്ട് ലേക്കിലെ ചില ഭാഗങ്ങളില്‍ വാഹന ഗതാഗതം രണ്ടു മണിക്കൂറിലധികം തടസപ്പെട്ടു.
ഓണറേറിയം പ്രതിമാസം 5,500 രൂപയില്‍നിന്ന് 15,000 രൂപയാക്കണമെന്നും അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് നല്‍കണമെന്നുമാണ് ആശാ വര്‍ക്കര്‍മാരുടെ പ്രധാന ആവശ്യം.
Kerala
കോട്ടയം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം. മന്ത്രിയുടെ കോട്ടയം ഏറ്റുമാനൂരിലെ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഷോൺ ജോർജ് അടക്കമുള്ള നേതാക്കളാണ് മാർച്ചിന് നേത്യത്വം നൽകിയത്.
പ്രവർത്തകർ പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ വന്നതോടെയാണ് പോലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചത്. അതേസമയം, തിരുവനന്തപുരത്ത് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വസതിയിലേക്കും ബിജെപി മാർച്ച് നടത്തി.
മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. സ്വർണക്കൊള്ളയിൽ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് വി. മുരളീധരൻ ആവശ്യപ്പെട്ടു.
District News
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിയുടെ അന്വേഷണം മന്ദഗതിയിലാണെന്നും എസ്ഐടി ഉന്നതരെ സംരക്ഷിക്കുന്നുവെന്നും ആരോപിച്ച് എസ്ഐടി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാർച്ച് നടത്തി.
ജില്ലാ പ്രസിഡന്റ് നേമം ഷജീർ അധ്യക്ഷത വഹിച്ച മാർച്ച് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു. ജയിലിൽ കിടക്കുന്ന പദ്മകുമാർ, മുൻ മന്ത്രി കടകംപള്ളിക്കെതിരെ മൊഴി നൽകിയിട്ടും നടപടി സ്വീകരിക്കാത്തത് മുഖ്യമന്ത്രിയുടെ ഇടപെടൽ വ്യക്തമാക്കുന്നു എന്നു സംസ്ഥാന പ്രസിഡന്റ് ആരോപിച്ചു.
മാർച്ച് ബാരിക്കേഡുവച്ച് പോലീസ് തടഞ്ഞു. നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോകാത്തത് കൊണ്ട് പ്രവർത്തകരെ ലാത്തികൊണ്ടു കുത്തി തള്ളി മാറ്റാൻ ശ്രമിച്ചു. ഒടുവിൽ പോലീസുമായി പ്രവർത്തകർ സംഘർഷത്തിലായി. ജില്ലാ പ്രസിഡന്റ് നേമം ഷജീർ, സംസ്ഥാന സെക്രട്ടറിമാരായ ഋഷി എസ്. കൃഷ്ണൻ, അജയ് കുര്യാത്തി, ഫൈസൽ നന്നാട്ടുകാവ്, ശ്യാം വെള്ളറട, റമീസ് ഹുസൈൻ, ജില്ലാ സെക്രട്ടറിമാരായ സജിൻ വെല്ലൂർക്കോണം, രേഷ്മ പട്ടം, സുജിത് കോവളം, ഹരി പെരിങ്ങമല, അജീഷ് നാഥ് തുടങ്ങിയവർ നേതൃത്വം നൽകി.