Kerala
കൊച്ചി: മോഡലിംഗിന്റെ മറവില്‍ മനുഷ്യക്കടത്തും പെണ്‍വാണിഭവും നടത്തിയ കേസില്‍ അറസ്റ്റിലായ സിന്ധുവിന്റെ നിയന്ത്രണത്തില്‍ കൂടുതല്‍ ഏജന്റുമാര്‍ ഉണ്ടെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. മുഖ്യസൂത്രധാരന്‍ മാവേലിക്കര സ്വദേശി ബിലാലി(ശ്രീകുമാര്‍)ല്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ഏജന്റുമാര്‍ക്കായി അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏജന്റുമാരുടെ വിശദാംശങ്ങള്‍ ബിലാല്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. വിദേശത്ത് ഉയര്‍ന്ന പ്രതിഫലത്തില്‍ ജോലി, മോഡലിംഗ് രംഗത്തും ഇതുവഴി സിനിമയിലും സീരിയലിലും അവസരം തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇരകളെ കണ്ടെത്തിയിരുന്നതെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ബിലാലിന് പുറമേ കേസില്‍ ഇതിനകം അറസ്റ്റിലായ സിന്ധു, പി. മഞ്ജിമ, അലീന എബ്രഹാം എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുളള തയ്യാറെടുപ്പിലാണ് അന്വേഷക സംഘം. വിദേശത്തുള്ള രണ്ട് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. അലീനയുടെ ലിവിംഗ് പാര്‍ട്ണറായ ഗുണ്ടാ നേതാവ് ഔറംഗസേബിനെ കണ്ടെത്തുന്നതിനായും പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: ദുബായ് കേന്ദ്രീകരിച്ച് മോഡലിംഗിന്റെ മറവിലെ പെൺവാണിഭ കേസിൽ അറസ്റ്റിലായ ബിലാൽ നിരവധി യുവതികളെ വിദേശത്തേക്ക് കടത്തിയതായി കൊച്ചി പോലീസിന്റെ കണ്ടെത്തൽ. ഒരു യുവതിയെ വിദേശത്ത് എത്തിച്ചാൽ ഏജന്റായ ബിലാലിന് ഒരുലക്ഷം രൂപ വരെ ലഭിച്ചിരുന്നതായും പിന്നീട് മാസംതോറും കമ്മീഷൻ വേറെയും ലഭിച്ചിരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കി.
കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും അന്വേഷണ സംഘം പറഞ്ഞു. അറസ്റ്റിലായ മൂന്നാം പ്രതി അലീന സെക്സ് റാക്കറ്റിലെ പ്രധാന കണ്ണിയാണെന്ന് സ്ഥിരീകരിക്കുന്ന ശബ്ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കൊച്ചി കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി.
മോഡലുകൾക്ക് വിദേശത്ത് വൻ അവസരങ്ങളും ലക്ഷങ്ങളുടെ പ്രതിഫലവും വാഗ്ദാനം ചെയ്താണ് ബിലാലും സംഘവും പെൺകുട്ടികളെ വലയിൽ വീഴ്ത്തുന്നത്. പെൺകുട്ടികളുടെ സാഹചര്യങ്ങൾ മുതലെടുത്താണ് ഇടപാടുകൾ നടക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഫാഷൻ ഷോകളിലടക്കം എത്തിയാണ് പ്രതികൾ യുവതികളെ കണ്ടെത്തുന്നത്. ഇതിന് ബിലാലിന് കൊച്ചി കേന്ദ്രീകരിച്ച് സംഘങ്ങളുണ്ട്.
ചാരുംമൂട് സ്വദേശിയാണ് ശ്രീകുമാറെന്ന ബിലാല്‍. സംഘം യുവതികളെ അയച്ചത് ദുബായിലെ എലൈസ ഇവന്റ് എന്ന സ്ഥാപനത്തിലേക്കാണെന്നും ഒന്നാം പ്രതി സിന്ധുവിന്റെ ഉടമസ്ഥതയിലാണ് സ്ഥാപനമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇരകളില്‍നിന്ന് വിസയ്ക്കും ടിക്കറ്റിനുമായി 4,70,000 രൂപ സിന്ധു കൈപ്പറ്റിയെന്നും ബിലാലിന്റെ പേരില്‍ നിരവധി ബാങ്ക് അക്കൗണ്ടുകളും സിം കാര്‍ഡുകളുമുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
Kerala
കൊച്ചി: മോഡലിംഗിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടത്തിയ കേസില്‍ അറസ്റ്റിലായ മാവേലിക്കര സ്വദേശി ബിലാല്‍ എന്ന ശ്രീകുമാറിനെതിരെ കൂടുതല്‍ കണ്ടെത്തലുകള്‍.
മോഡലിംഗിന്റെ ആകര്ഷത്വത്തിലും വിദേശ ജോലി വാഗ്ദാനത്തിലും വീഴാതെ സെക്സ് മാഫിയക്കൊപ്പം ദുബായിയിലേക്ക് പോകാന്‍ താത്പര്യമില്ലാതിരുന്ന യുവതികളെയും സംഘത്തിലേക്ക് എത്തിച്ചിരുന്നത് ബിലാല്‍ ആയിരുന്നു.
യുവതികളുടെ വീട്ടുകാരുമായി സംസാരിച്ച് ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശ്വസിപ്പിച്ച് സംഘത്തോടൊപ്പം ചേരാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഇയാള്‍ ദുബായിയില്‍ ജോലി ചെയ്യുമ്പോഴാണ് മുഖ്യപ്രതി സിന്ധുവുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് സെക്സ് റാക്കറ്റിന്റെ പ്രവര്‍ത്തനം സജീവമായതോടെ ജോലി ഉപേക്ഷിച്ച് ബിലാല്‍ കേരളത്തിലേക്ക് എത്തുകയായിരുന്നുവെന്നാണ് വിവരം.
അതേസമയം കേസില്‍ ഇനി പിടിയാലാകാനുള്ളത് ദുബായിലുള്ള രണ്ടാം പ്രതി ഷംലയും അഞ്ചാം പ്രതി റഹ്മത്തുമാണ്. ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കുമെന്നാണ് അറിയുന്നത്. സിന്ധുവിന്റെ നിര്‍ദേശപ്രകാരം ദുബായില്‍ സെക്സ്റാക്കറ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് ഷംലയും റഹ്മത്തുമാണ്.
സിന്ധുവിന് ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്നതും കണ്ടെത്തിയിട്ടുണ്ട്. നാലാം പ്രതി അലീന എബ്രഹാമിന്റെ സുഹൃത്തും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഔറംഗസീബിന് സിന്ധു പണം അയച്ചു നല്‍കിയതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി റഫീഖിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെവിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം റിമാന്‍ഡിലായ മുഖ്യപ്രതി സിന്ധുവിന് അന്താരാഷ്ട്ര മനുഷ്യക്കടത്ത്–സെക്സ് റാക്കറ്റുമായി ബന്ധമുണ്ട്.
14 വര്‍ഷമായി ദുബായില്‍ ഇവന്റ് മാനേജ്മെന്റ് പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്ന് സിന്ധു മൊഴി നല്‍കിയിട്ടുണ്ട്. വര്‍ഷത്തില്‍ മൂന്നു പരിപാടി വരെ സംഘടിപ്പിക്കും. സെലിബ്രിറ്റികളും ഷോയില്‍ പങ്കെടുക്കാറുണ്ടെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഷോയില്‍ പങ്കെടുത്ത താരങ്ങളുടെ മൊഴിയെടുക്കാനാണ് പോലീസ് നീക്കം.
കേസില്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന സിന്ധു, മഞ്ജിമ, അലീന ഏബ്രഹാം എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. രണ്ടു ദിവസത്തിനകം അന്വേഷണ സംഘം കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. അതേസമയം ഇന്നലെ അറസ്റ്റിലായ ബിലാലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Kerala
കൊച്ചി: മോഡലിംഗിന്റെ മറവില്‍ യുവതികളെ വിദേശത്തേക്ക് എത്തിച്ച് ലൈംഗിക ചൂഷണം നടത്തിയ കേസില്‍ സിനിമാ - സീരിയല്‍ താരങ്ങള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍. മുഖ്യപ്രതി സിന്ധുവിന്റെ ഇവന്റ് മാനേജ്മെന്റ് കമ്പനിയുമായി ചില താരങ്ങള്‍ക്ക് ബന്ധമുണ്ട് എന്നാണ് വിവരമെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.
സിന്ധുവിനെ ഇന്ന് മരട് പോലീസ് സ്റ്റേഷനില്‍ എത്തിക്കും. ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വഴിയാണ് സിനിമ-സീരിയല്‍ താരങ്ങള്‍ക്ക് പങ്കുണ്ടെന്ന വിവരം ലഭിച്ചത്. ചില ബിസിനസുകളുടെയും സ്ഥാപനങ്ങളുടെയും മറവില്‍ നീക്കങ്ങള്‍ നടത്തുന്നതായാണ് പോലീസ് സംശയിക്കുന്നത്. ഇതുവരെ ഒരു താരങ്ങളുടെയും പേരിലേക്ക് പോലീസ് എത്തിയിട്ടില്ല.
നടന്നത് സംഘടിതമായ കുറ്റകൃത്യമാണ് നടന്നതെന്നും പോലീസ് വ്യക്തമാക്കി. വിസിറ്റിംഗ് വിസയില്‍ വിദേശത്തേക്ക് എത്തിക്കുന്ന മോഡലുകളുടെ ചിത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് അയച്ചു നല്‍കിയാണ് ഡീല്‍ ഉറപ്പിക്കുന്നത്. സിന്ധുവാണ് കേസിലെ മുഖ്യപ്രതി. അലീന സിന്ധുവിന്റെ ഏജന്റ് ആണ്.
ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പിടിയിലായ പ്രതികള്‍ക്ക് കൊച്ചിയിലെ ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പരാതിക്കാരിയെ പ്രതി അലീന വിളിച്ച് ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശത്തില്‍ ഗുണ്ടയെക്കുറിച്ച് പറയുന്നുണ്ട്.
ഫാഷന്‍ ഷോയില്‍ പങ്കെടുപ്പിക്കാനെന്ന വ്യാജേനയാണ് അലീന മോഡലുകളെ ദുബായിലെത്തിച്ചത്. യുവതികളെ ലഹരി നല്കി മയക്കിയ ശേഷം ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും യുവതികളെ പലര്‍ക്കും കാഴ്ചവച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
Kerala
കൊച്ചി: മോഡലിംഗിന്റെ പേരിൽ യുവതികളെ ദുബായിലെത്തിച്ച് ക്രൂരപീഡനത്തിനിരയാക്കിയെന്ന് പരാതി. പീഡനത്തിന് ഒത്താശ ചെയ്ത രണ്ട് യുവതികളെ മരട് പോലീസ് അറസ്റ്റ് ചെയ്തു. സിന്ധു, അലീന എന്നിവരാണ് അറസ്റ്റിലായത്.
നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അലീന. കൊച്ചിയിൽ നിന്നും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും യുവതികളെ മോഡലിംഗിന്റെ പേരിൽ ദുബായിലേക്കും മറ്റ് ജിസിസി രാജ്യങ്ങളിലേക്കും എത്തിക്കുന്നതിന്റെ പ്രധാന ബുദ്ധികേന്ദ്രം അലീനയും സിന്ധുവുമാണ്.
വിദേശത്ത് ഹോട്ടലിൽ എത്തിച്ച് ലഹരി മരുന്ന് നൽകി യുവതികളെ അബോധാവസ്ഥയിലാക്കി ഒന്നിലധികം ആളുകൾ പീഡനത്തിനിരയാക്കും. ഈ ദൃശ്യങ്ങൾ പകർത്തും. തുടർന്ന് പീഡന ദൃശ്യങ്ങൾ കാണിച്ച് വീണ്ടും ഇവരെ പീഡിപ്പിക്കും. ഭീഷണിക്ക് വഴങ്ങാത്ത യുവതികളുടെ ബന്ധുക്കൾക്ക് പീഡനദൃശ്യങ്ങൾ അയച്ചു നൽകും.
അഞ്ച്പേർ പീഡനത്തിനിരയായെന്നും ഇതിൽ മൂന്നുപേർ പരാതി നൽകിയെന്നും പോലീസ് പറയുന്നു. മൂന്നുപേരുടെ രഹസ്യമൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിലാണ് അലീന, സിന്ധു എന്നിവരിലേക്ക് അന്വേഷണം എത്തിയത്. സിന്ധുവിനെ മുംബൈയിലെത്തിയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കൊച്ചിയിലെത്തിക്കും.
സംഭവത്തിൽ നിരവധിയാളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. നേരത്തെ, ബാറിൽ അടിയുണ്ടാക്കിയതിന് അലീന അറസ്റ്റിലായിരുന്നു. ഗുണ്ടാസംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചു.
തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള യുവതികളും പീഡനത്തിനിരയായിട്ടുണ്ടന്ന് പോലീസ് അറിയിച്ചു.