കൊച്ചി: മോഡലിംഗിന്‍റെ മറവിലെ സെക്‌സ് റാക്കറ്റ് കേസില്‍ പരാതി നല്‍കിയതിന് പിന്നാലെ ഗുണ്ടാ നേതാവ് ഭീഷണിപ്പെടുത്തിയതായി യുവതി. ഗുണ്ടാ നേതാവ് ഔറംഗസേബിനെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് യുവതി പരാതി നല്‍കി. സെക്‌സ് റാക്കറ്റിനെതിരെ താന്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്നാണ് യുവതിയുടെ പരാതി.
വിദേശത്തുള്ള സുഹൃത്തിന്‍റെ ഫോണിലേക്കാണ് ഗുണ്ടാ നേതാവിന്‍റെ ശബ്ദ സന്ദേശം എത്തിയത്. കേസ് പിന്‍വലിച്ചല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരും. നിങ്ങളെയൊക്കെ വീട്ടില്‍ കയറി മര്‍ദിക്കും എന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതിയില്‍ പറയുന്നത്.
പരാതി പരിശോധിക്കാനായി കൊച്ചി സിറ്റി സൈബര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. കേസിലെ നാലാം പ്രതിയായ അലീനയുടെ സുഹൃത്താണ് എറണാകുളത്തെ ഗുണ്ടാ നേതാവായ ഔറംഗസേബ്. പോലീസ് നിരീക്ഷണത്തിലുള്ള ഗുണ്ടാ നേതാവാണ് ഔറംഗസേബ്.
പ്രധാന പ്രതിയായ സിന്ധുവിന്‍റെ അക്കൗണ്ടില്‍ നിന്നും ഔറംഗസേബിന്‍റെ അക്കൗണ്ടിലേക്ക് പണം കൈമാറിയിട്ടുണ്ട് എന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇയാള്‍ക്ക് സെക്‌സ് റാക്കറ്റ് കേസുമായി എന്താണ് ബന്ധമെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
Tags : Sex racket modeling Arrest