Movies
ഇന്ദ്രൻസും മധുബാലയും പ്രധാന വേഷങ്ങളിലെത്തിയ "ചിന്ന ചിന്ന ആസൈ' തിയറ്ററുകളിൽ റിലീസ് ചെയ്ത് നാലു ദിവസം പിന്നിടുമ്പോഴുള്ള ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ പുറത്ത്. മികച്ച പ്രേക്ഷക പ്രതികരണവും പോസിറ്റീവ് റിവ്യൂകളും നേടിയ ചിത്രം ബോക്സ് ഓഫീസിൽ സമ്മിശ്ര പ്രതികരണവുമായി മുന്നേറുകയാണ്. ആദ്യ നാലു ദിവസം ആകെ 87 ലക്ഷം രൂപ ഗ്രോസ് കളക്ഷൻ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റ് സാക്നിൽക്കിന്റെ റിപ്പോർട്ട്. റിലീസ് ദിനത്തിൽ 17 ലക്ഷം രൂപയാണ് ചിത്രം നേടിയത്. തുടർന്നുള്ള ദിവസങ്ങളിൽ യഥാക്രമം 18 ലക്ഷം, 29 ലക്ഷം, 13 ലക്ഷം എന്നിങ്ങനെയായിരുന്നു കളക്ഷൻ.
Movies
ഹാസ്യാനുകരണ കലയുടെ തമ്പുരാനായ സലിം കുമാർ വിടവാങ്ങിയിരിക്കുന്നു. ചിരിച്ച് ചിരിച്ച് കണ്ണുനിറഞ്ഞു എന്നു പറയുന്നതുപോലെ മലയാളികളെ ഒട്ടേറെ തവണ ചിരിപ്പിച്ച് അദ്ദേഹം ഇപ്പോൾ നമ്മുടെയുള്ളിൽ കണ്ണീർചാല് തീർത്ത് വിട പറഞ്ഞിരിക്കുന്നു.
നെഞ്ചിനൊരു കനപ്പെട്ട വേദനയാണ് സലിംകുമാറിന്റെ വിയോഗം. സലിം കുമാറിന്റെ സ്വതസിദ്ധമായ ആ തമാശ പറിച്ചിലുകളുടെ ആരാധകരായിരുന്നു മലയാളികളിൽ ഭൂരിഭാഗം പേരും.
പറവൂരിലെ ഗ്രാമത്തിൽ നിന്നും വളർന്ന് കേരളക്കരയാകെ നെഞ്ചേറ്റിയ ആ മനുഷ്യൻ ആദ്യം മിമിക്രി വേദികളിൽ ആളുകളെ ചിരിപ്പിച്ചു. പിന്നീട് അത് മലയാളസിനിമകളിലേയ്ക്കായി. ചെറിയ വേഷങ്ങളിൽ നിന്നും മുഴുനീള കഥാപാത്രമായി മാറുമ്പോഴും സലിം കുമാർ പല ഭാവങ്ങളായി നമ്മുടെ മുന്നിൽ തെളിഞ്ഞു.
സലിം കുമാറിന്റെ സിനിമയിലെ പല സംഭാഷണങ്ങളും ഇപ്പോഴും ആരെങ്കിലുമൊക്കെ തമാശരൂപേണ വായ്മൊഴി പോലെ പറഞ്ഞുപോകാറുണ്ടാകും.
പുലിവാൽ കല്യാണത്തിലെ മണവാളനെ, കല്യാണരാമനിലെ പ്യാരി, മീശ മാധവനിലെ അഡ്വ. മുകുന്ദനുണ്ണി, പാണ്ടിപ്പടയിലെ ഉമാകണ്ടൻ, മായാവിയിലെ കുട്ടിസ്രാങ്ക്, ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രം അങ്ങനെ എത്രയെത്ര കഥാപാത്രങ്ങളിലൂടെ അദ്ദേഹം നമ്മളെ ചിരിപ്പിച്ചു.
ഹാസ്യത്തെ നെഞ്ചോട് ചേർത്ത സലിം കുമാർ അതിൽ മാത്രം ഒതുങ്ങിയില്ല. അഭിനയത്തിന്റെ തീവ്രഭാവം തനിക്കും ഉണ്ടെന്ന് ഒറ്റസിനിമയിലൂടെ അദ്ദേഹം തെളിയിച്ചു.
2004-ൽ കമൽ സംവിധാനം ചെയ്ത പെരുമഴക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് നിരൂപക പ്രശംസ ലഭിച്ചതിന് ശേഷം സലിം കുമാറിന് സ്വഭാവ വേഷങ്ങളും വഴങ്ങുമെന്ന് തെളിഞ്ഞു.
ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ അച്ഛൻ വേഷം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവായിരുന്നു. ഈ വേഷം അദ്ദേഹത്തിന് രണ്ടാമത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്തു.
ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ മലയാളസിനിമ ലോകത്തെ സലിം കുമാർ ഞെട്ടിച്ചു. 2010 ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ആ ചിത്രത്തിലൂടെ സ്വന്തമാക്കിയപ്പോൾ ചിരിപ്പിക്കാൻ മാത്രമല്ല കരയിപ്പിക്കാനും അദ്ദേഹത്തിന് കഴിയുമെന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞു. ആ വർഷത്തെ കേരളസംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരവും അദ്ദേഹത്തിന് തന്നെ ലഭിച്ചു. എന്നാൽ സലിമിന്റെ അഭിനയപാടവത്തെ തിരിച്ചറിഞ്ഞവരാരും ഇത് അപ്രതീക്ഷിതമെന്നു പറയില്ല.
സലിം കുമാർ രചനയും സംവിധാനവും നിർവഹിച്ച കറുത്ത ജൂതൻ 47-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച കഥയ്ക്കുള്ള അവാർഡ് നേടി. ജയറാമിനെ നായകനാക്കി ദൈവമേ കൈതൊഴാം കെ. കുമാർ ആകണം എന്ന ചിത്രം 2018-ൽ ആദ്യമായി സംവിധാനം ചെയ്തു. ഈശ്വര വാഴക്കില്ലെല്ലോ എന്ന പേരിൽ ഒരു ഓർമ്മക്കുറിപ്പും അദ്ദേഹം എഴുതിയിട്ടുണ്ട്.
Movies
മാധവ് സുരേഷിനെ കേന്ദ്രകഥാപാത്രമാക്കി സുജിത്ത് എസ്. നായർ സംവിധാനം ചെയ്ത 'അങ്കം അട്ടഹാസം' എന്ന ചിത്രത്തിന് നേരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് നടൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
തലസ്ഥാന നഗരിയിലെ ഗുണ്ടാസംഘങ്ങൾക്കിടയിലുള്ള കുടിപ്പകയുടെ കഥ പറയുന്ന ഈ ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രദർശനത്തിനെത്തിയത്. എന്നാൽ റിലീസിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായം രേഖപ്പെടുത്തിയ പ്രമുഖ റിവ്യൂവറായ അശ്വിൻ ഭരദ്വാജിന്റെ കുറിപ്പിന് താഴെ മാധവ് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 'ലെൻസ്മെൻ റിവ്യൂസ്' എന്ന ഇൻസ്റ്റഗ്രാം പേജിൽ 'തമ്പാനൂർ മാർക്കോ' എന്ന തലക്കെട്ടോടെ പങ്കുവെച്ച പോസ്റ്റിന് താഴെയാണ് താരം തന്‍റെ നിലപാട് വ്യക്തമാക്കിയത്.
അശ്വിന്റെ സത്യസന്ധമായ വിലയിരുത്തലിന് നന്ദി പറഞ്ഞ മാധവ്, കഥയുടെ വരുംഭാഗങ്ങൾ പുറത്തുവരുമ്പോൾ ഈ കാഴ്ചപ്പാടുകളിൽ മാറ്റമുണ്ടാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
നിലവിലെ പരിമിതികൾക്കിടയിലും ക്രിയേറ്റീവ് ടീമിന് മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധ്യമായ ഒരു ബഡ്ജറ്റ് ലഭ്യമായിരുന്നുവെന്നും, 2028-ൽ നമുക്ക് വീണ്ടും കാണാമെന്നും താരം കുറിച്ചു. 'പോര്' എന്ന ഹാഷ് ടാഗോടെയാണ് അദ്ദേഹം ഈ കമന്റ് അവസാനിപ്പിച്ചത്.
നേരത്തെ അഭിനയിച്ച സിനിമകളിലെ പ്രകടനങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ നിരന്തരം ട്രോളുകൾക്ക് ഇരയാകാറുള്ള മാധവ്, ഇത്തവണ വിമർശനങ്ങളെ ശാന്തതയോടെ നേരിട്ടത് ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മഖ്ബൂൽ സൽമാൻ, നന്ദു, അന്ന രാജൻ എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
അംബികയാണ് ചിത്രത്തിലെ നായിക. സംവിധായകൻ സുജിത്തും അനിൽകുമാർ ജിയും ചേർന്ന് തിരക്കഥയൊരുക്കിയ സിനിമ നിർമ്മിച്ചിരിക്കുന്നത് അനിൽകുമാർ ജിയും സാമുവൽ മത്തായും ചേർന്നാണ്. ശിവൻ എസ്. സംഗീതാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
Movies
ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രം 'അതിരടി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
റിയ ഷിബു, സരിൻ ഷിഹാബ് എന്നീ നായികമാരും പോസ്റ്ററിൽ ഇടംപിടിച്ചിട്ടുണ്ട്. മെയ് 14-ന് ആഗോളതലത്തിൽ റിലീസ് ചെയ്യാനിരിക്കുന്ന ഈ മാസ് കോമഡി ക്യാമ്പസ് ആക്ഷൻ ചിത്രം ഡോ. അനന്തു എന്‍റർടൈൻമെന്‍റ്സ്, ബേസിൽ ജോസഫ് എന്‍റർടൈൻമെന്‍റ്സ് എന്നീ ബാനറുകളിൽ ഡോ. അനന്തു എസ്, ബേസിൽ ജോസഫ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.
സമീർ താഹിറും ടൊവിനോ തോമസും ചിത്രത്തിന്‍റെ സഹനിർമ്മാതാക്കളാണ്. സാം ബോയ് എന്ന കോളേജ് വിദ്യാർഥിയായി ബേസിൽ ജോസഫും, ശ്രീക്കുട്ടൻ വെള്ളായണി എന്ന ഗായകനായി ടൊവിനോ തോമസും വേഷമിടുമ്പോൾ, വിനീത് ശ്രീനിവാസൻ വിനീത് ശ്രീനിവാസനായി തന്നെയാണ് ചിത്രത്തിൽ എത്തുന്നത്.
സ്വാതി ആർ. കൃഷ്ണ എന്ന കഥാപാത്രത്തെയാണ് റിയ ഷിബു അവതരിപ്പിക്കുന്നത്. സംഗീത സംവിധായകൻ ഷാൻ റഹ്മാനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ടെന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു.
നേരത്തെ പുറത്തിറങ്ങിയ ക്യാരക്ടർ പോസ്റ്ററുകളും ടൈറ്റിൽ ടീസറും ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. മിന്നൽ മുരളിക്ക് ശേഷം ടൊവിനോയും ബേസിലും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ബേസിൽ ജോസഫിന്‍റെ ആദ്യ നിർമ്മാണ സംരംഭം എന്ന നിലയിലുള്ള ആകാംക്ഷയും പ്രേക്ഷകർക്കിടയിലുണ്ട്.
കാമ്പസ് പശ്ചാത്തലത്തിൽ ആക്ഷനും കോമഡിയും സമന്വയിപ്പിച്ച് ഒരുക്കുന്ന ചിത്രം വെക്കേഷൻ കാലത്ത് തിയേറ്ററുകളിൽ വലിയ ആഘോഷമാക്കാൻ കഴിയുന്ന രീതിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. പോൾസൺ സ്കറിയയും അരുൺ അനിരുദ്ധനും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. സാമുവൽ ഹെൻറി ഛായാഗ്രഹണവും വിഷ്ണു വിജയ് സംഗീതസംവിധാനവും നിർവഹിക്കുന്നു. എഡിറ്റിംഗ് ചമൻ ചാക്കോയാണ്.
Viral
മലയാള സിനിമയിൽ 'വെള്ളം' എന്ന ചിത്രത്തിലൂടെ നിർമ്മാതാവായി ശ്രദ്ധ നേടിയ മുരളി കുന്നുംപുറത്തിന്‍റെ ദുരിതാവസ്ഥയും പ്രതിസന്ധികളും വെളിപ്പെടുത്തുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നു.
ബിസിനസിലും സിനിമ നിർമ്മാണത്തിലും തുടർച്ചയായി നേരിട്ട തിരിച്ചടികൾ തന്‍റെ ജീവിതത്തെ വലിയ പ്രതിസന്ധിയിലാക്കിയെന്ന് അദ്ദേഹം വീഡിയോയിലൂടെ പങ്കുവെക്കുന്നു.
കടുത്ത സാമ്പത്തിക ബാധ്യതകളും ചതികളും തന്നെ ആത്മഹത്യയിലേക്ക് എത്തിച്ചുവെന്ന് പറയുന്ന മുരളി, താൻ നേരിട്ട പ്രയാസങ്ങളെക്കുറിച്ച് വികാരാധീനനായി സംസാരിക്കുന്നുണ്ട്.
ബിസിനസ് മേഖലയിൽ വിശ്വസിച്ച് കൂടെ പ്രവർത്തിച്ചവരിൽ നിന്നും നേരിട്ട വഞ്ചനകൾ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയത്. ഇതിനിടയിലാണ് സിനിമാ നിർമ്മാണത്തിലേക്കും കടന്നുവന്നത്.
വെള്ളം എന്ന ചിത്രത്തിന് ശേഷം നിർമ്മിച്ച 'നദികളിൽ സുന്ദരി യമുന', 'സുമതി വളവ്' എന്നീ ചിത്രങ്ങൾ വലിയ സാമ്പത്തിക പരാജയമാണ് സമ്മാനിച്ചതെന്ന് അദ്ദേഹം പറയുന്നു.
സിനിമയെക്കുറിച്ച് ധാരണയില്ലാത്തവർ തന്നെ കബളിപ്പിച്ച് പണം വാങ്ങുകയായിരുന്നുവെന്നും, വിശ്വാസ വഞ്ചനയും ആസൂത്രിതമായ ചതിയുമാണ് തന്‍റെ പരാജയത്തിന് പിന്നിലെന്നും മുരളി ആരോപിക്കുന്നു.
ഏഴ് കോടിയോളം രൂപയുടെ കടബാധ്യതയാണ് ഈ സിനിമകളുടെ പരാജയത്തിലൂടെ ഉണ്ടായതെന്നും, ഇത് ജീവിതം വഴിമുട്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കടം നൽകിയവരിൽ നിന്നും കടുത്ത സമ്മർദ്ദങ്ങൾ നേരിടുന്നുണ്ട്.
തന്‍റെ കുടുംബത്തോടൊപ്പം ഇനിയും ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിലും, ഇപ്പോഴത്തെ സാഹചര്യത്തിൽ മുന്നോട്ട് പോകാൻ കഴിയാത്ത വിധം മാനസികമായും സാമ്പത്തികമായും തകർന്നുപോയിരിക്കുന്നുവെന്ന് കണ്ണീരോടെ പറയുന്ന മുരളി, തന്നെ ചതിച്ചവർക്കെതിരെയും കടുത്ത ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.
താൻ കാരണം ബുദ്ധിമുട്ടുകൾ നേരിട്ടവരോട് മാപ്പ് പറയുന്നതായും വീഡിയോയിൽ അദ്ദേഹം വ്യക്തമാക്കുന്നു.
Viral
മലയാളികളുടെ പ്രിയ താരം മംമ്ത മോഹൻദാസിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇൻഡോനേഷ്യയിലെ ബാലിയിൽ വെക്കേഷൻ ആഘോഷിക്കുന്ന താരം അതീവ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.
ഇളം നീല നിറത്തിലുള്ള വസ്ത്രമണിഞ്ഞ് പൂൾ ബെഡിൽ ആശ്വാസത്തോടെ കിടക്കുന്ന മംമ്തയെയാണ് ചിത്രങ്ങളിൽ കാണുന്നത്. താരത്തിന്‍റെ സ്റ്റൈലിഷ് ലുക്കും പ്രസന്നമായ മുഖവും ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
ഓരോ പ്രതിസന്ധിയെയും പുഞ്ചിരിയോടെ നേരിടുന്ന മംമ്തയുടെ ഈ ചിത്രങ്ങൾ അതിജീവനത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും അടയാളമായിട്ടാണ് പലരും വിലയിരുത്തുന്നത്. 'മയൂഖം' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മംമ്ത പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.
അഭിനയത്തോടൊപ്പം തന്നെ സംഗീത ലോകത്തും മംമ്ത ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഗായികയെന്ന നിലയിൽ തെന്നിന്ത്യൻ ഭാഷകളിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ച താരം ഒരു മികച്ച പെർഫോമർ കൂടിയാണ്.
ഫോറൻസിക്, മ്യാവൂ തുടങ്ങിയ ചിത്രങ്ങളിലൂടെ സമീപകാലത്തും മികച്ച പ്രകടനം കാഴ്ചവെച്ച താരം പ്രേംപാറ്റ എന്ന സിനിമയുടെ പണിപ്പുരയിലാണ് താരം ഇപ്പോൾ.
Movies
മലയാള ചലച്ചിത്ര രംഗത്ത് നടനായും സംവിധായകനായും ശ്രദ്ധേയനായ ജോർജ് കോര വിവാഹിതനാകുന്നു. ഗ്രേസ് സക്കറിയയാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ വിവരം ചിത്രങ്ങൾ സഹിതം ജോർജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
ചലച്ചിത്ര മേഖലയിലെ സുഹൃത്തുക്കളും ആരാധകരും ഉൾപ്പെടെ നിരവധി പേർ താരത്തിന് ആശംസകളുമായി എത്തിക്കഴിഞ്ഞു. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത 'പ്രേമം' എന്ന ചിത്രത്തിലൂടെയാണ് ജോർജ് കോര അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.
തുടർന്ന് 'മുകുന്ദനുണ്ണി അസോസിയേറ്റ്സ്', 'ജാനകി ജാനേ', 'ക്രിസ്റ്റി' തുടങ്ങിയ സിനിമകളിലെ മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.
അഭിനയത്തിന് പുറമെ രചനാ രംഗത്തും സംവിധാനത്തിലും വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നിവിൻ പോളി നായകനായ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന ചിത്രത്തിന് അൽത്താഫ് സലിമിനൊപ്പം തിരക്കഥയൊരുക്കിയത് ജോർജ് കോരയായിരുന്നു.
പിന്നീട് ഡൗൺ സിൻഡ്രോം ബാധിച്ച ഗോപീകൃഷ്ണനെ കേന്ദ്രകഥാപാത്രമാക്കി 'തിരികെ' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് അദ്ദേഹം സംവിധായകനായും അരങ്ങേറ്റം കുറിച്ചു.
2023-ൽ പുറത്തിറങ്ങിയ 'തോൽവി എഫ്സി' എന്ന ചിത്രമാണ് ജോർജ് കോര ഏറ്റവും ഒടുവിലായി സംവിധാനം ചെയ്തത്. ഈ ചിത്രത്തിലെ പ്രകടനത്തിനും മേക്കിംഗിനും വലിയ രീതിയിലുള്ള പ്രശംസകൾ ലഭിച്ചിരുന്നു.
Kerala
കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ നിര്‍മാണ കമ്പനിയായ വേഫറര്‍ ഫിലിംസിന്‍റെ പേരില്‍ കാസ്റ്റിംഗ് കൗച്ച് നടത്തിയ കേസില്‍ അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു അറസ്റ്റില്‍.
എറണാകുളം സൗത്ത് പോലീസ് എസ്എച്ച്ഒ പി.ആര്‍. സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് രാവിലെ ദിനിലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.
വേഫറര്‍ ഫിലിംസിന്‍റെ പേര് പറഞ്ഞ് എറണാകുളം സ്വദേശിയായ യുവതിയെ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. കഴിഞ്ഞ മാസമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാളെ എറണാകുളത്തെ വീട്ടില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ സംഭവത്തില്‍ ഹണി ട്രാപ്പ് നടന്നുവെന്നാണ് ദിനില്‍ ബാബുവിന്‍റെ മൊഴി. പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
Kerala
കൊച്ചി: തനിക്കെതിരെയുള്ള സിനിമാതാരം ഹരീഷ് കണാരന്‍റെ ആരോപണങ്ങൾ തള്ളി പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. സിനിമയിൽ താൻ ആരുടെയും അന്നം മുടക്കിയിട്ടില്ലെന്നും അന്നം നൽകുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
എആർഎമ്മിൽ നിന്ന് സിനിമയുടെ പ്രൊഡ്യൂസറും സംവിധായകനുമാണ് ഹരീഷിനെ ഒഴിവാക്കിയത്. ഷൂട്ടിംഗിനു തുടർച്ചയായി അന്പതു ദിവസത്തെ ഡേറ്റ് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം വഴങ്ങിയില്ല. ഇടയ്ക്ക് മറ്റു പരിപാടികൾക്കോ സ്റ്റേജ് ഷോകൾക്കോ പോകരുതെന്നും പറഞ്ഞിരുന്നു.
അഞ്ചു ലക്ഷമായിരുന്നു പ്രതിഫലം വാഗ്ദാനം ചെയ്തത്. 15 ലക്ഷം വേണമെന്ന് ഹരീഷ് നിർബന്ധം പറഞ്ഞു. ഇക്കാരണങ്ങളാണ് എആർഎമ്മിൽ നിന്നു പുറത്താകാൻ ഇടയാക്കിയത്.
ഹരീഷിന്‍റെ വെളിപ്പെടുത്തലുകളിൽ ചിലതു സത്യങ്ങളുണ്ട്. അതിനേക്കാൾ വസ്തുതാവിരുദ്ധമായ കാര‍്യങ്ങളാണ്. റേയ്ച്ചൽ എന്ന തന്‍റെ സിനിമയുടെ റിലീസ് അടുത്ത 12നാണ്. അതിനുശേഷം ഹരീഷിന്‍റെ ആരോപണങ്ങൾക്കെതിരെ വിശദമായ മറുപടിയും നിയമപരമായ നടപടികളും സ്വീകരിക്കുമെന്നും ബാദുഷ പറഞ്ഞു.
കടം ചോദിച്ച 20 ലക്ഷം രൂപ തിരിച്ചുചോദിച്ചതിനു ബാദുഷ തനിക്കു എആർഎം ഉൾപ്പടെ സിനിമകളിലെ അവസരം കളഞ്ഞെന്ന് ഹരീഷ് ആരോപിച്ചിരുന്നു. സിനിമയുടെ പ്രമോഷൻ പരിപാടിയിലായിരുന്നു ഹരീഷിന്‍റെ വെളിപ്പെടുത്തൽ.