മാധവ് സുരേഷിനെ കേന്ദ്രകഥാപാത്രമാക്കി സുജിത്ത് എസ്. നായർ സംവിധാനം ചെയ്ത 'അങ്കം അട്ടഹാസം' എന്ന ചിത്രത്തിന് നേരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് നടൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
തലസ്ഥാന നഗരിയിലെ ഗുണ്ടാസംഘങ്ങൾക്കിടയിലുള്ള കുടിപ്പകയുടെ കഥ പറയുന്ന ഈ ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രദർശനത്തിനെത്തിയത്. എന്നാൽ റിലീസിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായം രേഖപ്പെടുത്തിയ പ്രമുഖ റിവ്യൂവറായ അശ്വിൻ ഭരദ്വാജിന്റെ കുറിപ്പിന് താഴെ മാധവ് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 'ലെൻസ്മെൻ റിവ്യൂസ്' എന്ന ഇൻസ്റ്റഗ്രാം പേജിൽ 'തമ്പാനൂർ മാർക്കോ' എന്ന തലക്കെട്ടോടെ പങ്കുവെച്ച പോസ്റ്റിന് താഴെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
അശ്വിന്റെ സത്യസന്ധമായ വിലയിരുത്തലിന് നന്ദി പറഞ്ഞ മാധവ്, കഥയുടെ വരുംഭാഗങ്ങൾ പുറത്തുവരുമ്പോൾ ഈ കാഴ്ചപ്പാടുകളിൽ മാറ്റമുണ്ടാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
നിലവിലെ പരിമിതികൾക്കിടയിലും ക്രിയേറ്റീവ് ടീമിന് മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധ്യമായ ഒരു ബഡ്ജറ്റ് ലഭ്യമായിരുന്നുവെന്നും, 2028-ൽ നമുക്ക് വീണ്ടും കാണാമെന്നും താരം കുറിച്ചു. 'പോര്' എന്ന ഹാഷ് ടാഗോടെയാണ് അദ്ദേഹം ഈ കമന്റ് അവസാനിപ്പിച്ചത്.
നേരത്തെ അഭിനയിച്ച സിനിമകളിലെ പ്രകടനങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ നിരന്തരം ട്രോളുകൾക്ക് ഇരയാകാറുള്ള മാധവ്, ഇത്തവണ വിമർശനങ്ങളെ ശാന്തതയോടെ നേരിട്ടത് ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മഖ്ബൂൽ സൽമാൻ, നന്ദു, അന്ന രാജൻ എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
അംബികയാണ് ചിത്രത്തിലെ നായിക. സംവിധായകൻ സുജിത്തും അനിൽകുമാർ ജിയും ചേർന്ന് തിരക്കഥയൊരുക്കിയ സിനിമ നിർമ്മിച്ചിരിക്കുന്നത് അനിൽകുമാർ ജിയും സാമുവൽ മത്തായും ചേർന്നാണ്. ശിവൻ എസ്. സംഗീതാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
Tags : MadhavSuresh MovieReview Mollywood MalayalamCinema AngamAttahasam