റോഷൻ മാത്യു
റോഷന് മാത്യു വീണ്ടും പോലീസ് വേഷത്തിലെത്തിയ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് എം. പദ്മകുമാർ സംവിധാനം ചെയ്ത ‘ഉയിര്’. സിഐ അന്‍ഷാദ് എന്ന യഥാര്‍ഥ പോലീസ് ഓഫീസറുടെ ഔദ്യോഗിക ജീവിതത്തിലെ ഒരു സംഭവത്തില്‍ നിന്നു രൂപപ്പെടുത്തിയതാണു തിരക്കഥ. ചിത്രത്തില്‍ പ്രൊബേഷന്‍ എസ്ഐ അജീബ് റഹ്മാനായി വേഷമിട്ട റോഷന് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
ഈ സിനിമയിലേക്ക് അടുപ്പിച്ചത്..?
സംവിധായകന് അയച്ചു തന്ന ഒരു ലേഖനത്തിലാണ് ഈ സിനിമയുടെ ആശയം ആദ്യം വായിച്ചത്. ഇതിന്റെ കഥാവിവരണം കേട്ടത് ഈ കേസ് യഥാര്‍ഥത്തില്‍ അന്വേഷിച്ച സിഐ അന്‍ഷാദില്‍ നിന്നാണ്. തന്റെ അനുഭവങ്ങള്‍ ഒാരോന്നും ഓര്‍ത്തെടുത്ത് അദ്ദേഹം പറഞ്ഞപ്പോള്‍ അതിലുള്ള ഇമോഷന് എനിക്ക് അതേപോലെ കിട്ടി. എം. പദ്മകുമാറിനൊപ്പം ഒരു സിനിമ എന്നത് ഒരുപാടു നാളത്തെ ആഗ്രഹവുമായിരുന്നു.
‘ഉയിര്’ എന്ന ടൈറ്റില്‍..?
.jpg1785129726.jpg)
സിനിമയുടെ മൊത്തത്തിലുള്ള ഫീലിംഗ് പ്രതിഫലിക്കുന്ന ഒരു വാക്ക് എന്ന നിലയിലാണ് ഈ ടൈറ്റില്‍. മലയാളത്തിലും തമിഴിലും വായിക്കാനാവുന്ന വാക്കാണത്. ഭാഷയുടെ അതിരുകള്‍ കടന്നുകിടക്കുന്ന ഒരു സ്വഭാവം ഈ കഥയ്്ക്കുണ്ട്. ഇതിലെ രണ്ടു കുട്ടികൾ സംസാരിക്കുന്നതും തമിഴാണ്.
കാണാതായ കുട്ടികളെ തേടിയുള്ള യാത്രയല്ലേ..?

അതിനപ്പുറം നമ്മള് കൊണ്ടുവന്ന ഒരു ഇമോഷണല്‍ ലെയര്‍ ഇതിലുണ്ട്. പതിവ് ഇന്‍വെസ്റ്റിഗേറ്റീവ് സിനിമകളില്‍ നിന്നു മാറി വിചിത്രവും അപ്രതീക്ഷിതവുമായ രീതിയിലാണ് കഥാ സഞ്ചാരം. ഒരാള്‍ വന്ന് ഒരു കൂട്ടം പോലീസുകാരെ കഥകള്‍ പറഞ്ഞ് വിശ്വസിപ്പിക്കുകയും പറ്റിക്കുകയും ചെയ്യുന്നു എന്ന വൈചിത്ര്യമാണ് പ്രേക്ഷകരെ കുറച്ചുകൂടി രസിപ്പിക്കുന്നത്.
ദിന്‍നാഥില്‍ നിന്ന് അജീബിനെ വേറിട്ടുനിര്‍ത്തുന്നത്..?

‘റോന്തി’ലെ സിപിഒ ദിന്‍നാഥിന് അതൊരു സര്‍ക്കാര്‍ ജോലി മാത്രമാണ്. പ്രൊബേഷനറി എസ്ഐ ആയി നില്ക്കുന്ന സമയത്തുതന്നെ കഴിവു തെളിയിക്കണമെന്ന് ആഗ്രഹിക്കുന്ന യാളാണ് അജീബ്. ജീവിക്കാന്‍ വേണ്ടി ഒരു ജോലി ചെയ്യുന്നതും അര്‍പ്പണമനോഭാവത്തിൽ ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസമാണ് ഇവരിൽ പ്രകടമാകുന്നത്.
പോലീസ് വേഷം; തയാറെടുപ്പുകള്‍..?
അതു വിശ്വസനീയമായി ചെയ്യണമെങ്കില്‍ പോലീസ് കാര്യങ്ങളുടെ വിശദാംശങ്ങളറിയണം. ഇതിന്റെ എഴുത്തുകാരിൽ ഒരാളായ ഷാജി മാറാട് ഇപ്പോഴും സര്‍വീസിലുള്ള പോലീസുകാരനാണ്. സ്വാഭാവികമായും ആ ഒരു ഡീറ്റെയിലിംഗ് ഇതിലുണ്ട്. ഞാന്‍ ‘റോന്തി'നുവേണ്ടി ഷാഹിക്കും ഷാജി മാറാടിനും വേറെ കുറെ പോലീസുകാർക്കുമൊപ്പം ഏറെ സമയം ചെലവഴിച്ച് റിസേര്‍ച്ച് ചെയ്തത് ഇതിലും ഗുണകരമായി.
സഹോദരിയെ നഷ്ടമായതിന്റെ ട്രോമയുള്ള കഥാപാത്രം?
സിഐ അന്‍ഷാദിന് അത്തരം ട്രോമയൊന്നുമില്ല. അദ്ദേഹം നല്ലൊരു മനുഷ്യനും പോലീസുകാരനും ആയതുകൊണ്ട് കേസിനു പിന്നാലെപോയി ആ കുട്ടികളെ കണ്ടുപിടിച്ചു. പക്ഷേ, സിനിമയില്‍ പ്രേക്ഷകര്‍ക്ക് ഒരു കഥാപാത്രത്തിനൊപ്പം നില്ക്കാന് തോന്നണമെങ്കില്‍ അതിനു തക്കതായ കാരണങ്ങള്‍ നമ്മള് കൊടുക്കണം. അങ്ങനെയെടുത്ത ക്രിയേറ്റീവ് തീരുമാനങ്ങളിലൊന്നാണ് അജീബിന്റെ ട്രോമ. യഥാര്‍ഥ സംഭവത്തെ സിനിമാപരമായ സ്വാതന്ത്ര്യമെടുത്ത് അവര്‍ പൊളിച്ചെഴുതി.
എം. പദ്മകുമാറിനൊപ്പം...?
അഭിനേതാക്കളെ വിശ്വസിച്ച് കഥാപാത്രം ഏല്‍പ്പിക്കുന്ന സംവിധായകനാണ് പദ്മകുമാര്‍. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ നിന്നു നമ്മള് വഴിമാറിയെന്നു തോന്നിയാല്‍ മാത്രമായിരിക്കും അതിനെ വീണ്ടും ട്രാക്കിലേക്ക് പിടിച്ചിടാൻ അദ്ദേഹം വരിക. കഥയുടെ ഇമോഷണല്‍ കോര്‍ പിടിച്ചുതന്നെ മുമ്പോട്ടു പോകുന്ന രീതി. ഓരോ സീനിലും നമ്മള് പ്രേക്ഷകരിലേക്ക് എത്തിക്കേണ്ട ഇമോഷന് എവിടെയാണ്, എന്തിലാണു ഫോക്കസ് ചെയ്യേണ്ടത് എന്നതിലൊക്കെ അദ്ദേഹത്തിനുള്ള വ്യക്തത നടനെന്ന രീതിയില്‍ എനിക്കു ഗുണകരമായി.
സഹതാരങ്ങള്‍ സ്വാധീനിച്ചത്...?

സബ് ഇന്‍സ്പെക്ടര്‍ ജോയി എന്ന വേഷം ചെയ്ത ബൈജു സന്തോഷായിരുന്നു സെറ്റിലെ പ്രധാന എനര്‍ജി കേന്ദ്രം. അദ്ദേഹത്തിന്റെ പക്കല്‍ എല്ലാ സന്ദര്‍ഭങ്ങള്‍ക്കും പറ്റിയ കഥകളുണ്ടാവും. ‘ഡീയസ് ഈറ’യില്‍ അഭിനയിച്ച അതുല്യയാണ് എന്റെ ഭാര്യവേഷത്തില്‍. ഏറെ പൊട്ടന്‍ഷ്യലുള്ള അഭിനേത്രി. രാക്ഷസനിലും ബ്ലാസ്റ്റിലും അഭിനയിച്ച വിനോദ് സാഗറിന്റെ കഥാപാത്രമാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്. ആ വേഷം കിട്ടുമോ എന്നു ഞാന്‍ സംവിധായകനോടു തമാശയ്ക്കു ചോദിച്ചിരുന്നു.
ഇനി വരാനുള്ള സിനിമകള്‍..?

സുവിന് സോമശേഖരന്‍ സംവിധാനം ചെയ്ത ‘ശനി’. അര്ജുന് അശോകന്, ബാലു വര്‍ഗീസ്, ഗൗരി എന്നിവര്‍ക്കൊപ്പം. ഛായാഗ്രഹണം വേണു. നിമിഷയും ഞാനും പ്രധാന വേഷങ്ങളിലുള്ള ‘ചേര’. ഒരു ഹിന്ദി സീരീസിലാണ് ഇനി അഭിനയിക്കുന്നത്.
Tags : Roshan Mathew interview uyir movie malayalam cinema malayalam movie cinema mollywood