ബോളിവുഡ് താരമാണെങ്കിലും സമൂഹമാധ്യമങ്ങളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറുകയാണ് വിദ്യാ ബാലൻ. സിനിമകളിലെ ഹിറ്റ് കോമഡി രംഗങ്ങൾ കോർത്തിണക്കി താരം ഒരുക്കുന്ന ഇൻസ്റ്റാഗ്രാം റീലുകൾക്ക് വലിയ ആരാധകവൃന്ദമാണുള്ളത്.
പഞ്ചാബി ഹൗസിലെ രമണനെയും മൂക്കില്ലാ രാജ്യത്തെ ചിരിമുഹൂർത്തങ്ങളുമെല്ലാം മികച്ച രീതിയിൽ അവതരിപ്പിച്ച നടി ഇപ്പോഴിതാ മറ്റൊരു കിടിലൻ വീഡിയോയുമായി എത്തിയിരിക്കുകയാണ്.
ഉർവശിയും മീരാ ജാസ്മിനും പ്രധാന വേഷങ്ങളിലെത്തിയ സൂപ്പർഹിറ്റ് ചിത്രം അച്ചുവിന്റെ അമ്മയിലെ രസകരമായ ഒരു ഭാഗമാണ് വിദ്യ ഇത്തവണ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പുനഃസൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിൽ വളരെ രസകരമായി മുറി ഇംഗ്ലീഷ് സംസാരിച്ചുകൊണ്ട് പാചകം ചെയ്യുന്ന ഉർവശിയുടെ കഥാപാത്രത്തെയാണ് അതിമനോഹരമായ ഭാവങ്ങളോടെ വിദ്യാ ബാലൻ അവതരിപ്പിച്ചത്.
തനിക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയായ ഉർവശി ചേച്ചിയുടെ ഒരു രംഗമാണിതെന്നും ഇതിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ വന്നിട്ടുണ്ടെങ്കിൽ ചേച്ചി തന്നോട് ക്ഷമിക്കണമെന്നും വീഡിയോയ്ക്ക് താഴെ കുറിപ്പായി അവർ ചേർത്തിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒമ്പത് ലക്ഷത്തിലധികം ആളുകളാണ് ഈ കടുക് വറക്കൽ വീഡിയോ കണ്ടുകഴിഞ്ഞത്.
മലയാളികളും അന്യഭാഷക്കാരുമായി നിരവധി ആളുകളാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. വിദ്യാ ബാലനും ഉർവശിയും ഒന്നിച്ച് ഒരു സിനിമയിൽ അഭിനയിക്കുന്നത് കാണാൻ ആഗ്രഹമുണ്ടെന്ന് പ്രമുഖ സംവിധായിക അഞ്ജലി മേനോൻ കമന്റ് ചെയ്തു.
ഡയലോഗുകൾ ഒന്നും മനസിലായില്ലെങ്കിലും നടിയുടെ ഭാവപ്രകടനങ്ങൾ നൂറു ശതമാനവും മികച്ചതാണെന്ന് അന്യഭാഷാ ആരാധകർ അഭിപ്രായപ്പെട്ടപ്പോൾ, തങ്ങളുടെ പ്രിയപ്പെട്ട ഉർവശിയുടെ ഡയലോഗ് പ്രിയനടിയായ വിദ്യാ ബാലനിലൂടെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷമാണ് മലയാളികൾ പങ്കുവെക്കുന്നത്.
Tags : AchuvinteAmma Mollywood MalayalamCinema Bollywood MalayalamMovies