District News
എടത്വ: എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി ടൗണ്‍ കപ്പേളയില്‍ പരിശുദ്ധ വ്യാകുലമാതാവിന്റെ തിരുനാളിന് കൊടികയറി. ഫൊറോന വികാരി ഫാ. ജോസഫ് കളരിക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. സെബാസ്റ്റ്യന്‍ കളത്തിപ്പറമ്പിൽ, ഫാ. മാര്ട്ടിന് തൈപ്പറമ്പിൽ, ഫാ. തോമസ് കാരേക്കാട്, ഫാ. ജിതിന് നമ്പിയത്ത് എന്നിവര്‍ സഹകാർമികരായിരുന്നു.
തുടര്‍ന്ന് ലദീഞ്ഞും വിശുദ്ധകുര്‍ബാനയും വചനസന്ദേശവും നടന്നു. കൈക്കാരന്മാരായ മനോജ് മാത്യൂ പുത്തന്‍വീട്ടില്‍, സിബിച്ചന് കോനാട്ട്, സാബു ആശാംപറമ്പിൽ, ജീസസ് മീറ്റ് പ്രസിഡന്റ് സാബു കരിക്കംപള്ളി, സെക്രട്ടറി കുട്ടപ്പന് ഓടേറ്റിൽ, ബാബു കണ്ണന്തറ, ഷാജി കാഞ്ഞൂപ്പള്ളിൽ, അജി ജോസഫ് വാഴപ്പറമ്പിൽ, ബിന്സപ്പന് കണ്ടത്തിപ്പറമ്പില്‍, ദിലീപ് മോന് തൈപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി. തിരുനാള്‍ ഇന്ന് നടക്കും.
വൈകുന്നേരം നാലിന് തിരുനാള്‍ കുര്‍ബാന ഫാ. തോമസ് കാരയ്ക്കാട് കാർമികത്വം വഹിക്കും. തുടര്‍ന്ന് കൊടിയിറക്കും എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലേയ്ക്ക് പ്രദക്ഷിണവും നടക്കും. പള്ളിയിലെത്തിച്ചേരുമ്പോള് ലദീഞ്ഞും സമാപന പ്രാര്‍ത്ഥനയും സ്നേഹവിരുന്നും നടക്കും.
District News
അമ്പലപ്പുഴ: പ്രതിഷേധങ്ങൾ മറികടന്ന് താത്കാലിക ജീവനക്കാരിക്ക് ഓഫീസ് മുറി നൽകി. ആലപ്പുഴ മെഡിക്കൽ കോളജിൽ പുതുതായി നിർമാണം പൂർത്തിയാക്കിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലാണ് കോളജിലെ താത്കാലിക ജീവനക്കാരിക്ക് ഓഫീസ് മുറി നൽകിയത്.
കോളജിലെ വിദ്യാർഥികളിൽനിന്ന് ഹോസ്റ്റൽ ഫീസ് വാങ്ങാനായി ചുമതലപ്പെടുത്തിയ ജീവനക്കാരിയാണ് ഇവർ. ഇതിന്റെ മറവിൽ സ്വന്തം വീട്ടിൽ കോളജ് വിദ്യാർഥികളെ താമസിപ്പിച്ച് പണം വാങ്ങുന്നത് വിവാദമായിരുന്നു. ഭരണകക്ഷിയുടെ പിൻബലത്തോടെ കോളജിന്റെയും ഹോസ്റ്റലിന്റെയും നിയന്ത്രണം ഇവർ ഏറ്റെടുത്തത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു.
ഇതിനിടയിലാണ് പുതുതായി നിർമിച്ച അക്കാഡമിക് ബ്ലോക്കിൽ തനിക്ക് ഓഫീസ് മുറി വേണമെന്ന് ഇവർ പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടത്. എന്നാൽ, കോളജിലെ മറ്റ് ജീവനക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് ഇവർക്ക് അക്കാഡമിക് ബ്ലോക്കിൽ മുറി നൽകുന്നത് ഒഴിവാക്കി.
ഇതിനു പകരം തനിക്ക് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഓഫീസ് മുറി നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതാണ് ഇപ്പോൾ പ്രിൻസിപ്പലും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ചേർന്ന് നൽകിയിരിക്കുന്നത്. സർക്കാർ ജീവനക്കാർക്ക് മാത്രം അവകാശപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ സർക്കാരുമായി യാതൊരു ബന്ധവുമില്ലാത്ത സിപിഎം പ്രവർത്തകയായ താത്കാലിക ജീവനക്കാരിക്ക് ഓഫീസ് മുറി നൽകിയത് ജീവനക്കാരുടെയിടയിൽ വലിയ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
District News
പത്തനംതിട്ട: കേരളത്തിൽ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ആയിരക്കണക്കിന് ഉദ്യോഗസ്ഥർക്ക് സ്വന്തം വോട്ടവകാശം വിനിയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇതിനുള്ള അവസരം നൽകണമെന്ന് കെപിഎസ്ടിഎ.
വോട്ടവകാശം വിനിയോഗിക്കുന്നതിനെക്കുറിച്ച് ബോധവത്കരണം നടത്തുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ ബോധപൂർവം വോട്ടവകാശം നിഷേധിക്കുന്നത് അവകാശലംഘനവും തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നതുമാണെന്ന് കെപിഎസ്ടിഎ അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് ജോലിക്കു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ ഒന്നു മുതൽ വോട്ട് ചെയ്യാൻ അവസരം ഒരുക്കുമെന്ന് പറയുകയും വോട്ട് ചെയ്യുന്നതിന് വേണ്ടി മൂന്നുതവണ വരെ ഫെസിലിറ്റേഷൻ സെന്ററുകളിൽ പോയിട്ടും ബാലറ്റ് എത്തിയില്ല എന്ന കാരണത്താൽ വോട്ട് ചെയ്യാതെ തിരികെ പോകേണ്ടിവരികയും ചെയ്തു.
അവരവർ താമസിക്കുന്ന നിയോജകമണ്ഡലത്തിലെ കേന്ദ്രത്തിൽ ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ച് ആ മണ്ഡലത്തിലെ എല്ലാവർക്കും അവിടെത്തന്നെ വോട്ട് ചെയ്യാൻ അവസരം ഒരുക്കിയിരുന്നെങ്കിൽ യാതൊരു പ്രയാസവും ഇല്ലാതെ എല്ലാവർക്കും വോട്ടവകാശം വിനിയോഗിക്കാൻ കഴിയുമായിരുന്നു. എന്നാൽ ബോധപൂർവം കൃത്യമായ സംവിധാനം ഏർപ്പെടുത്താതെ പോളിംഗ് ഉദ്യോഗസ്ഥരെ പരമാവധി ബുദ്ധിമുട്ടിക്കുകയും അതിലൂടെ വോട്ടവകാശം നിഷേധിക്കുകയുമാണ് ചെയ്തിട്ടുള്ളത്.
തന്റേതല്ലാത്ത കാരണത്താൽ വോട്ടവകാശം നിഷേധിക്കപ്പെട്ടവർക്ക് വോട്ട് രേഖപ്പെടുത്തി ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകുന്നതിന് ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിച്ച് വോട്ട് ചെയ്യുന്നതിന് അവസരം നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ്, സെക്രട്ടറി വി.ജി. കിഷോർ, ട്രഷറർ ബിറ്റി അന്നമ്മ തോമസ് എന്നിവർ ആവശ്യപ്പെട്ടു.
District News
വൈക്കം: കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായലിന് കുറുകെ 12 കിലോമീറ്റർ ദൂരം നീന്തി കീഴടക്കി പതിനൊന്നുകാരൻ. തമിഴ്നാട് സ്വദേശിയും പെരുമ്പാവൂർ യൂണിയൻ ബാങ്ക് ചീഫ് മാനേജരുമായ ഐ. അരവിന്ദൻ-പി. ദിവ്യ ദമ്പതികളുടെ മകനും ആലുവ കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർഥിയുമായ എ. ചെമ്പിയാനാണ് വേൾഡ് റിക്കാർഡിനായി ഈ സാഹസിക കൃത്യം വിജയകരമായി പൂർത്തിയാക്കിയത്.
ചേർത്തല കര്യാത്ത് കടവിൽനിന്ന് ഇന്നലെ രാവിലെ 7.08ന് ആരംഭിച്ച നീന്തൽ വൈക്കം കായലോര ബീച്ചിൽ 9.59ന് എത്തിച്ചേർന്നു. വിജയശ്രീലാളിതനായി തിരിച്ചെത്തിയ ചെമ്പിയാനെ വൈക്കം നഗരസഭാ ചെയർമാൻ അബ്ദുൾസലാം റാവുത്തർ, വെറ്ററൻ നീന്തൽ താരം പ്രഫ. കെ.സി. സെബാസ്റ്റ്യൻ, റിട്ട. ബിഎസ്എഫ് സൈനികനും നീന്തൽ താരവുമായ കെ.എൻ. ബൈജു എന്നിവർ ചേർന്നു സ്വീകരിച്ചു.
കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ് നീന്തൽ പരിശീലകൻ ബിജു തങ്കപ്പന്റെ ശിക്ഷണത്തിൽ മൂവാറ്റുപുഴയാറിൽ ഏഴു മാസത്തോളം കഠിന പരിശീലനം നടത്തിയാണ് ചെമ്പിയാൻ വേമ്പനാട്ടുകായലിൽ നീന്താൻ പ്രാപ്തനായത്. മകനെ നീന്തൽ പഠിപ്പിക്കണമെന്ന ആഗ്രഹത്തിലാണ് പരിശീലിപ്പിച്ചതെന്നും ചെമ്പിയാന്റെ താത്പര്യം കണക്കിലെടുത്താണ് ഇത്തരമൊരു സാഹസിക ഉദ്യമത്തിന് മുതിർന്നതെന്നും മാതാപിതാക്കളായ അരവിന്ദനും ദിവ്യയും പറഞ്ഞു.
നടുക്കായലിൽ എത്തിയപ്പോൾ ശക്തമായ ഓളം നീന്തൽ തടസപ്പെടുത്തിയെങ്കിലും പരിശീലനത്തിന്റെ പിൻബലത്താൽ നീന്തിക്കയറാൻ കഴിഞ്ഞെന്നും ഒന്നാം ക്ലാസുകാരിയായ അനുജത്തി മാതിനിയെ കായലിൽ നീന്തിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ചെമ്പിയാൻ പറഞ്ഞു.
വൈക്കം കായലോര ബീച്ചിൽനടന്ന അനുമോദന സമ്മേളനം നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു.
District News
കോട്ടയം: ഇത്തവണ വിഷുവിനു കണികാണാന്‍ കുടുംബശ്രീയുടെ കണിവെള്ളരികള്‍. കുടുംബശ്രീ നെടുംകുന്നം ഗ്രീന്‍വാലി ജെഎല്‍ജി ഗ്രൂപ്പിന്റെയും തലയാഴം രാഗം ജെഎല്‍ജി ഗ്രൂപ്പിന്റെയും കണിവെള്ളരികളാണ് വിപണിയിലെത്താന്‍ തയാറെടുക്കുന്നത്.
ഗ്രീന്‍ വാലി ജെഎല്‍ജി ഗ്രൂപ്പ് വര്‍ഷങ്ങളായി കാര്‍ഷികരംഗത്ത് സജീവമാണ്. മുളയന്വേലിയില് മൂന്നേക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് ഇവര്‍ കൃഷി ചെയ്യുന്നത്. ഇതില്‍ ഒന്നരയേക്കര്‍ സ്ഥലമാണ് കണിവെള്ളരി കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നത്. ബാക്കി സ്ഥലത്ത് പയര്‍, ചീര, കോവല്‍, വഴുതന, ചേന, ചേമ്പ്, കപ്പ, കാച്ചില്, മഞ്ഞള്‍, ഇഞ്ചി, ശീമച്ചേമ്പ് തുടങ്ങിയ വിളകളാണ് കൃഷി ചെയ്യുന്നത്. കുടുംബശ്രീ ഔട്ട്ലെറ്റുകള്, പച്ചക്കറിക്കടകള്‍, കുടുംബശ്രീ വിപണനമേളകള് എന്നിവയാണ് പ്രധാന വിപണിയെന്നും ഗ്രീന്‍വാലി ജെഎല്‍ജി ഗ്രൂപ്പ് അംഗം റോസിലി വര്‍ഗീസ് പറയുന്നു. സിവിത വിജില്‍, റോസമ്മ ജോസഫ്, അന്നമ്മ തോമസ്, ബീന മാത്യു എന്നിവരും റോസിലിക്കൊപ്പം കാര്‍ഷികരംഗത്ത് സജീവമാണ്. നഷ്ടമായാലും ലാഭമായാലും അത് നേരിടാനുള്ള മനസോടെ വേണം കൃഷിയിലേക്കിറങ്ങാവൂ എന്നേ ഇവര്‍ക്ക് പറയാനുള്ളൂ.
തലയാഴം രാഗം ജെഎല്‍ജി ഗ്രൂപ്പ് അരയേക്കറിലാണ് കണി വെള്ളരി കൃഷി ചെയ്യുന്നത്. നാലുപേര്‍ ചേര്‍ന്നാണ് കൃഷി. ഇതിനു പുറമേയാണ് ജെഎല്‍ജി അംഗമായ മിനി ഷാജി വട്ടക്കരി പാടശേഖരത്തില്‍ ഒന്നര ഏക്കറില്‍ കണിവെള്ളരി കൃഷി ചെയ്യുന്നത്. ആറു മാസം നെല്‍കൃഷിയുള്ള പാടമാണിത്.
നവംബര്‍ മാസം അവസാനത്തോടെ കൊയത്തു കഴിയുന്ന പാടത്ത് ഡിസംബര്‍ ആദ്യത്തോടെ വെള്ളരിക്കു രു കുത്തും. ഫെബ്രുവരി ആദ്യമാകുമ്പോഴേക്കും പൂ കുത്തിത്തുടങ്ങും. വിഷുവിനാണ് കാര്യമായ വിളവെടുപ്പ്. കഴിഞ്ഞ മാസം മഴ പെയ്തതിനാല്‍ വെള്ളരിച്ചെടികളില് കുറേ ചീഞ്ഞു പോയത് വിളവിനെ ബാധിച്ചിട്ടുണ്ടെന്ന് മിനി പറയുന്നു. കഴിഞ്ഞ വര്‍ഷം ഒന്നര ഏക്കറില്‍നിന്ന് 25 ക്വിന്റലോളം വിളവ് ലഭിച്ചിരുന്നു.
ഇത്തവണ വിളവ് കുറവായതിനാല്‍ വില അല്‍പ്പം കൂടുതല്‍ കിട്ടമെന്ന പ്രതീക്ഷയിലാണിവര്‍. ഇപ്പോള്‍ കിലോ 15 രൂപമുതല്‍ 18 രൂപവരെയാണ് കണിവെള്ളരിയുടെ വില. വിഷുവാകുമ്പോഴേക്കും കിലോയ്ക്ക് 24 രൂപ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.വര്‍ഷങ്ങളായി കൃഷി ചെയ്യുന്നതിനാല്‍ സ്ഥിരമായി കണിവെള്ളരി എടുക്കാന്‍ വരുന്ന കച്ചവടക്കാരുണ്ട്.
District News
കോട്ടയം: കടുത്ത വേനല്‍ മൂലം പശുക്കളുടെ പാലുത്പാദനം മാത്രമല്ല പാലിലെ കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവ കുറയാനും കാരണമാകും. പശുക്കളുടെ പ്രത്യുത്പാദനത്തെയും വേനല്‍ ബാധിക്കും. മദിലക്ഷണങ്ങള്‍ കൃത്യമായി പ്രകടമാക്കാത്തത് കടുത്ത വേനലില്‍ സാധാരണയാണ്.
കര്‍ഷകര്‍ ശ്രദ്ധിക്കണം
പശു, എരുമ
മേല്‍ക്കൂരയ്ക്ക് മുകളില്‍ പച്ചക്കറി പന്തല്‍, സ്പ്രിംഗ്ളര്‍, നനച്ച ചാക്കിടുന്നത് ഒരു പരിധിവരെ തൊഴുത്തിനുള്ളിലെ അന്തരീക്ഷ ഊഷ്മാവ് കുറയ്ക്കുന്നതിന് സഹായിക്കും.
പ്ലാസ്റ്റിക്, ജിഐ ഷിറ്റുകളാല് മേഞ്ഞ തൊഴുത്തുകളില്‍ സാധാരണ കോണ്ക്രീറ്റ്റൂഫു കൊണ്ടുള്ള തൊഴുത്തുകളെക്കാള് ചൂട് കൂടുതലായിരിക്കും. ഇത്തരം തൊഴുത്തുകള്‍ക്ക് മുകളില്‍ ഓല, പച്ചപ്പുല്ല് എന്നിവ വിരിക്കാവുന്നതാണ്.
നേരിട്ട് പശുക്കളുടെ ശരീരത്തില്‍ വെള്ളമൊഴിക്കുന്നതിനേക്കാള് ഉത്തമം മേല്‍ക്കൂരയുടെ മുകൾഭാഗം നനയ്ക്കുന്നതാണ്.
തൊഴുത്തില്‍ ഫാന്‍ വച്ചുകൊടുക്കുക. (സീലിംഗ് ഫാനുകളേക്കാള്‍ നല്ലത് വശങ്ങളില്‍നിന്നുള്ള ഫാനുകളാണ്)
രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ പൊള്ളുന്ന വെയിലില്‍ തുറസായ സ്ഥലത്ത് കെട്ടിയിടുന്നത് ഒഴിവാക്കുക.
ശുദ്ധമായ കുടിവെള്ളം എപ്പോഴും ലഭ്യമായിരിക്കണം.
പരമാവധി പച്ചപ്പുല്ല് കൊടുക്കാന്‍ ശ്രദ്ധിക്കണം.
കാലിത്തീറ്റ രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തുന്നത് ശരീര ഊഷ്മാവ് കുറയ്ക്കുന്നതിന് സഹായിക്കും.
ധാതുലവണ മിശ്രിതം, പ്രോബയോട്ടിക്സ്, ഇലക്രോളൈറ്റ്സ്, എന്നിവ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം തീറ്റയില്‍ ഉള്‍പ്പെടുത്തണം.
പശുക്കളെ വില്‍ക്കുന്ന, കൈമാറ്റം ചെയ്യുന്ന സാഹചര്യത്തില്‍ യാത്രകള്‍ രാവിലെയും വൈകുന്നേരവുമായി പരിമിതപ്പെടുത്തണം.
എരുമകള്‍
എരുമകള്‍ക്ക് വിയര്‍പ്പ് ഗ്രന്ഥികള്‍ കുറവായതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. വെള്ളം നിറച്ച് മുങ്ങിക്കിടക്കാന്‍ പാകത്തിലുള്ള ടാങ്കുകള്‍ ഒരുക്കേണ്ടതാണ്.
പന്നികള്‍
കേരളത്തില്‍ താരതമ്യേന കൂടുതലുള്ളത് വിദേശയിനം ക്രോസ് ബ്രഡ് പന്നികളാണ്. ഇത്തരം പന്നികള്‍ക്ക് ചൂട് താങ്ങാന്‍ ബുദ്ധിമുട്ടാണ് എപ്പോഴും ശുദ്ധമായ കുടിവെള്ളം നല്‍കുന്നതും നന കൊടുക്കാനും ശ്രദ്ധിക്കണം. പ്രോബയോട്ടിക്സ്, ധാതുലവണ മിശ്രിതം ചൂടുകാലത്ത് അവശ്യമാണ്.
വളര്‍ത്തുപക്ഷികള്‍
വളര്‍ത്തുപക്ഷികള്‍ക്ക് തണുത്ത വെള്ളം കുടിക്കാനായി ലഭ്യമാക്കണം. വൈറ്റമിന്‍ സി, ഇലക്ട്രോലൈറ്റ് പ്രോബയോട്ടിക്സ് എന്നിവ കുടിവെള്ളത്തില്‍ കൂടി നല്‍കുന്നത് ചൂടിനെ പ്രതിരോധിക്കാന്‍ സഹായിക്കും. മേല്‍ക്കൂരയ്ക്കു മുകളില്‍ ചാക്ക് നനച്ച് ഇടാവുന്നതാണ്.
അരുമ മൃഗങ്ങള്‍
വിദേശയിനം നായ്ക്കള്‍, പൂച്ചകള്‍, കിളികള്‍ എന്നിവയെ യാത്ര ചെയ്യിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. യാത്രകള്‍ രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തണം. തീറ്റ രാവിലെയും വൈകിട്ടും അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞ സമയങ്ങളിലാക്കി ക്രമപ്പെടുത്തണം.
കുടിക്കാനുള്ള ശുദ്ധമായ വെള്ളം എപ്പോഴും കൂട്ടില്‍ വയ്ക്കണം. കിളികള്‍ക്ക് കുളിക്കാനുള്ള വെള്ളവും ക്രമീകരിക്കുക. നിര്‍ജലീകരണം പ്രതിരോധശേഷി കുറക്കുന്നത് മൂലം മറ്റ് അസുഖങ്ങള്‍ പിടിപെടാനുള്ള സാധ്യതയുമുണ്ട്. നനഞ്ഞ ടവല്‍ ഉപയോഗിച്ച് തുടക്കുന്നതും പൊതിയുന്നതും ചൂട് കുറയ്ക്കും.
മൃഗങ്ങളിലെ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍
ശാരീരിക അസ്വസ്ഥത, കിതപ്പ്, തളര്‍ച്ച, ഭക്ഷണത്തോട് മടുപ്പ്, ഉയര്‍ന്ന ഹൃദയമിടിപ്പ്, പനി, വായില്‍നിന്ന് നുരയും പതയും വരിക, നാക്ക് പുറത്തേക്ക് തള്ളിവിടുക, പൊള്ളിയ പാടുകള്‍ എന്നിവ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍തന്നെ ചികിത്സ തേടുക.
District News
കോട്ടയം: അന്തരിച്ച സിസ്റ്റര്‍ ആന്‍ ഗൊരേത്തി കുന്നശേരി (89) വിദ്യാഭ്യാസ ആതുരമേഖലകളിലെ സജീവ സാന്നിധ്യമായിരുന്നു.
മോനിപ്പള്ളി എംയുഎം ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്റര്‍ എന്ന നിലയില്‍ ആതുര സേവന രംഗത്തും സജീവമായിരുന്ന സിസ്റ്റര്‍ ആന്‍ ഗൊരേത്തി കടുത്തുരുത്തി, കൈപ്പുഴ, നട്ടാശേരി സ്കൂളുകളില്‍ അധ്യാപികയായി നൂറുകണക്കിനു വിദ്യാര്‍ഥികള്‍ക്ക് അറിവിന്റെ അക്ഷരങ്ങള്‍ പകര്‍ന്നു നല്കി.
കോട്ടയം അതിരൂപതയിലെ സെന്റ് ജോസഫ്സ് സന്യാസിനീ സമൂഹാംഗമായ സിസ്റ്റര്‍ ആന്ഗൊരേത്തി, ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ സഹോദരിയാണ്. സെന്റ് ജോസഫ്സ് സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍, ജനറല്‍ കൗണ്‍സിലര്‍, നോവിസ് മിസ്ട്രസ്, സുപ്പീരിയര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹ സേവനമാണ് നടത്തിയത്. സിസ്റ്റര്‍ ആനിന്റെ ശിക്ഷണത്തില്‍ പഠിച്ചുവളര്‍ന്നവര്‍ ഇന്ന് ഉന്നതനിലകളില്‍ ശോഭിക്കുന്നുണ്ട്.
തെള്ളകം മദ്നഹാ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പലായും കടുത്തുരുത്തി, കൈപ്പുഴ, നട്ടാശേരി, കോട്ടയം, പാഴുത്തുരുത്ത്, മോനിപ്പള്ളി, കാരിത്താസ് എന്നീ മഠങ്ങളിലും സ്വിറ്റ്സര്‍ലന്‍ഡിലും സിസ്റ്റര്‍ ആന്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്. കടുത്തുരുത്തി കുന്നശേരി പരേതരായ ജോസഫ്-അന്നമ്മ ദന്പതികളുടെ മകളാണ്. ഡോ. ജോസഫൈന്, സാവിയോ, ആന്‍സി വെട്ടത്തുകണ്ടത്തില്‍, പരേതരായ തങ്കമ്മ ഏബ്രഹാം, സിസ്റ്റര്‍ പയസ്, കെ.ജെ. ജോണ്‍ എന്നിവര്‍ മറ്റു സഹോദരങ്ങളാണ്.
സിസ്റ്റര്‍ ആന്‍ ഗൊരേത്തിയുടെ സംസ്കാരം ഇന്നു രാവിലെ 10ന് തെള്ളകം 101 കവലയിലുള്ള അനുഗ്രഹമഠം ചാപ്പലില്‍ ശുശ്രൂഷയ്ക്കുശേഷം മഠം വക സെമിത്തേരിയില്‍ നടക്കും.
District News
കോട്ടയം: വൈക്കം നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന ബസേലിയോസ് കോളജിലെ സ് ട്രോംഗ് റൂമിന്റെ താക്കോലുകള്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉയര്‍ന്നെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ.
ഉയര്‍ന്ന ആശങ്കകള്‍ പിന്നീട് പരിഹരിക്കപ്പെട്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. സ്ട്രോംഗ് റൂം പരിസരത്ത് സുരക്ഷാ സേന തോക്കു ചൂണ്ടിയെന്നത് വാസ്തവ വിരുദ്ധമാണ്.
സിഎപിഎഫ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തോക്കു ചൂണ്ടിയിട്ടില്ല. സ്ട്രോംഗ് റൂമിന്റെ താക്കോലുകള്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉന്നയിക്കപ്പെട്ട സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന്റെ പൊതു നിരീക്ഷകര്‍ക്കൊപ്പമാണ് താന്‍ സ്ഥലത്തെത്തിയതെന്ന് കളക്ടര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങള്‍ പാലിച്ച് നിരീക്ഷകരുടെയും വരണാധികാരിയുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ തികച്ചും സുതാര്യമായാണു വിഷയം പരിഗണിച്ചത്. ഒരുഘട്ടത്തിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുകയോ സുരക്ഷാ ഉദ്യോഗസ്ഥര്‍ തോക്കു ചൂണ്ടുകയോ ചെയ്തിട്ടില്ലെന്നും ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ പറഞ്ഞു.
District News
കോട്ടയം: സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം പാലാ പിടിച്ചെടുക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വിലയിരുത്തല്‍. ജില്ലയിലെ ഒമ്പത് മണ്ഡലം കമ്മിറ്റികളില്‍നിന്നു ലഭിച്ച വിശദമായ കണക്കുകള്‍ പരിശോധിച്ചാണ് ജില്ലാ സെക്രട്ടേറിയറ്റ് ഈ നിഗമനത്തിലെത്തിയത്.
വൈക്കം, ഏറ്റുമാനൂര്‍, ചങ്ങനാശേരി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി എന്നിവയാണ് എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റുകള്‍. ശക്തമായ ത്രികോണ മത്സരം നടന്ന പാലായില്‍ ഇത്തവണ ജോസ് കെ. മാണി വിജയിക്കുമെന്നാണ് സിപിഎമ്മിന്റെ ഉറച്ച വിശ്വാസം.
പതിനായിരത്തിനടത്ത് വോട്ടുകള്‍ക്ക് വിജയിക്കുമെന്നാണ് താഴേത്തട്ടില്‍നിന്ന് ബൂത്ത് ഏജന്റുമാർ നല്കിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റുമാനൂരില്‍ അവസാന നിമിഷം യുഡിഎഫിന് ശക്തമായ മത്സരം നടത്താനായെന്നാണ് യോഗം വിലയിരുത്തിയത്.
എങ്കിലും വി.എന്‍. വാസവന്റെ വ്യക്തിബന്ധങ്ങളും മറ്റും വിജയത്തിന്റെ ഘടകകങ്ങളാകുമെന്നാണു പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. സിപിഐയിലുണ്ടായ പ്രശ്നങ്ങളും കെ. അജിത്തിന്റെ സ്ഥാനാര്‍ഥിത്വവും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മികവും വൈക്കത്ത് എല്‍ഡിഎഫിനെ ചെറുതായിട്ടല്ല വിഷമിപ്പിച്ചത്. എങ്കിലും പതിനായിരത്തില്‍ കുറയാതെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍.
കാഞ്ഞിരപ്പള്ളിയില്‍ എന്‍. ജയരാജ് മികച്ച വിജയം നേടുമെന്ന് വിലയിരുത്തിയ യോഗം പൂഞ്ഞാറിലും ചങ്ങനാശേരിയിലും കടുത്ത മത്സരം നേരിടേണ്ടിവന്നെന്നാണു വിലയിരുത്തിയത്. ചെറിയ പരാജയഭീതി പൂഞ്ഞാര്‍ മണ്ഡലം കമ്മിറ്റി നല്‍കുന്നുണ്ട്. ചങ്ങനാശേരിയിലും ശക്തമായ പോരാട്ടമാണ് നടന്നത്. ഇവിടെ ജോബ് മൈക്കിള്‍ എംഎല്‍എ എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്നാണ് മണ്ഡലം കമ്മിറ്റി നല്കിയ റിപ്പോര്‍ട്ടിലുള്ളത്.
കടുത്തുരുത്തിയില്‍ ശക്തമായ പോരാട്ടം നടത്താന്‍ എല്ഡിഎഫിനായെങ്കിലും വിജയം മണ്ഡലം കമ്മിറ്റി ഉറപ്പിക്കുന്നില്ല. അനുകൂല ഘടകങ്ങള്‍ പലതുണ്ടായെങ്കിലും വോട്ടായി പ്രതിഫലിച്ചോ എന്നറിയാന്‍ കഴിയില്ല. സിപിഎം മത്സരിച്ച കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ നല്ല മത്സരം നടത്താനായെന്നാണ് മണ്ഡലം കമ്മിറ്റി റിപ്പോര്ട്ടിന്മേല് ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തിയത്.
കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം കുറയുമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പുതുപ്പള്ളിയില്‍ അഭിമാനകരമായ മത്സരം നടത്താനായെന്നു മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തലും റിപ്പോര്‍ട്ടും ഇന്നു നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു കൈമാ=
District News
കോരുത്തോട്: പ്രമുഖ മൊബൈൽ സേവനദാതാക്കളുടെ നെറ്റ്വർക്ക് കവറേജ് ലഭിക്കാത്തത് കോരുത്തോട്ടിലും പരിസര പ്രദേശങ്ങളിലും നാട്ടുകാർക്കും വ്യാപാരികൾക്കും ദുരിതമാകുന്നു.
രണ്ടു മലനിരകളുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന പള്ളിപ്പടി നിവാസികൾക്കാണ് ദുരിതം ഏറെയും. കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിനും അത്യാവശ്യ ഘട്ടങ്ങളിൽ ഫോൺ ഉപയോഗിക്കുന്നതിനും കഴിയാത്ത സ്ഥിതിയാണ് നാട്ടുകാർക്ക്.
നെറ്റ്വർക്ക് ഇല്ലാത്തതുമൂലം റേഷൻകടകളുടെ ഉൾപ്പെടെ പ്രവർത്തനം അവതാളത്തിലായിരിക്കുകയാണ്. ഇ-പോസ് മെഷീനുകൾ പ്രവർത്തനരഹിതമാകുന്നതാണ് റേഷൻകടകളുടെ പ്രവർത്തനം താളംതെറ്റിക്കുന്നത്. ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്താൻ ഇന്റർനെറ്റ് അത്യാവശ്യമാണെന്നിരിക്കേ സിഗ്നൽ ലഭിക്കാത്തതുമൂലം പലർക്കും റേഷൻ വാങ്ങാൻ കഴിയുന്നില്ല.
ഫോൺ വിളിക്കാനോ ഇന്റർനെറ്റ് ഉപയോഗിക്കാനോ ഉയർന്ന പ്രദേശങ്ങൾ തേടി പോകേണ്ട അവസ്ഥയാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു. സമീപ പ്രദേശങ്ങളിൽ ടവറുകൾ ഉണ്ടെങ്കിലും പള്ളിപ്പടി ഭാഗത്തേക്ക് സിഗ്നലുകൾ എത്തുന്നില്ലെന്നാണ് പരാതി. ടവറുകളിലെ ട്രാൻസ്മിറ്ററുകൾ മറ്റു ദിശകളിലേക്കു തിരിച്ചുവച്ചിരിക്കുന്നതുമൂലം തങ്ങൾ അവഗണിക്കപ്പെടുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അടിയന്തരമായി മൊബൈൽ നെറ്റ്വർക്കിംഗ് കവറേജ് പ്രശ്നം പരിഹരിക്കാൻ അധികാരികൾ തയാറാകണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
District News
പാലാ: ഓട്ടോറിക്ഷകളിൽ മീറ്റര്‍ പതിപ്പിക്കുന്നത് മാസത്തില്‍ രണ്ടു ദിവസമാക്കി കുറച്ചതോടെ പ്രതിസന്ധിയിലായി ഓട്ടോറിക്ഷാ തൊഴിലാളികള്‍. മുന്‍പ് ലീഗല്‍ മെട്രോളജി വകുപ്പ് എല്ലാ ബുധനാഴ്ചകളിലും നടത്തിയിരുന്ന മീറ്റര്‍ പതിപ്പിക്കല്‍ രണ്ടു ദിവസമാക്കി ചുരുക്കുകയായിരുന്നു. 100 വണ്ടികള്‍ക്ക് വരെയാണ് പരിശോധനയെങ്കിലും അതിന്റെ രണ്ടിരട്ടിയലധികം വാഹനങ്ങള്‍ എത്തുന്നതോടെ പ്രദേശത്ത് ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
ചെത്തിമറ്റത്തിനു സമീപം പുതിയകാവ് ദേവീക്ഷേത്രം റോഡിലാണ് പരിശോധനയ്ക്കായെത്തുന്ന ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇടുങ്ങിയ റോഡില്‍ വാഹനങ്ങള്‍ കൂടി എത്തുന്നതോടെ വാഹനക്കുരുക്കും രൂപപ്പെട്ടു. രണ്ട് ഉദ്യോഗസ്ഥര്‍ മാത്രമാണ് പരിശോധനയ്ക്ക് ഉണ്ടായിരുന്നത്. ഒരു ദിവസത്തെ ഓട്ടം നഷ്ടപ്പെടുത്തിയാണ് മീറ്റര്‍ പതിപ്പിക്കാനെത്തുന്നതെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
മീനച്ചില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഓട്ടോകളാണ് മീറ്റര്‍ പതിക്കാനായി പാലായിലെത്തുന്നത്. മീറ്റര്‍ പതിപ്പിക്കുന്ന ദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും കൂടുതല്‍ ഉദ്യോസ്ഥരെ നിയമിക്കണമെന്നും ഓട്ടോ ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു