അമ്പലപ്പുഴ: തെരഞ്ഞെടുപ്പിന് മുൻപ് ഉദ്ഘാടനം. പിന്നീട് നിർമാണം നിലച്ചു. നാട്ടുകാർ യാത്രാദുരിതത്തിൽ.
പുന്നപ്ര വടക്ക് പഞ്ചായത്തിലെ കപ്പക്കട പത്തിൽപ്പാലം മുതൽ ആറ്റുതീരം വരെയുള്ള റോഡിന്റെ നിർമാണോദ്ഘാടനം 2025 നവംമ്പർ 4ന് എച്ച്. സലാം എംഎൽഎ നിർവഹിച്ചിരുന്നു. റോഡിലെ മെറ്റൽ ഇളക്കി ഇട്ടശേഷം കുറച്ചു സ്ഥലങ്ങളിൽ തോടിന്റെ അരികിൽ പിച്ചിംഗും കെട്ടി പണി നിർത്തിവച്ചു. വർഷങ്ങളായി വാഹന ഗതാഗതമോ കാൽനട യാത്രയോ പോലും ദുഷ്കരമായ ഇവിടെ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നത് നാട്ടുകാരുടെ ദീർഘകാലമായ ആവശ്യമായിരുന്നു ഉടൻ നിർമാണം പൂർത്തിയാക്കുമെന്നാണ് ഉദ്ഘാടന വേളയിൽ എംഎൽഎ പറഞ്ഞത്.
1.38 കോടി രൂപ ചെലവിൽ 700 മീറ്റർ നീളത്തിലും, 4.5 മീറ്റർ വീതിയിലുമാണ് റോഡ് പുനർനിർമാണം ആരംഭിച്ചത്. 80 വയസിനു മുകളിൽ പ്രായമുള്ള കിടപ്പുരോഗികളും പ്രദേശത്ത് താമസക്കാരായുണ്ട്.
സ്ത്രീകളും കുട്ടികളുമടക്കം റോഡിലൂടെ സഞ്ചരിക്കാനാവാത്ത സ്ഥിതിയിലാണ്. ആംബുലൻസോ, ഓട്ടോറിക്ഷയോ വരാത്തതിനാൽ കസേരയിൽ ഇരുത്തി ഒരു കി. മീറ്റർ കല്ലിനു മുകളിലൂടെ നടന്നാണ് പഴയ നടക്കാവിലെത്തിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
തക്ക സമയത്ത് ചികിത്സ നൽകാൻ പോലും ആകാതെ രോഗികളുടെ നില വഷളായ സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് സമയത്ത് നാട്ടുകാരെ കബളിപ്പിക്കാനായാണ് ഉദ്ഘാടന മാമാങ്കം നടത്തിയതെന്നുമാണ് നാട്ടുകാർ പറയുന്നത്.
പഴയ നടക്കാവ് റോഡിൽനിന്നു കൃഷി സാധനങ്ങൾ പാടശേഖരങ്ങളിലേക്ക് എത്തിക്കുന്നതും നെല്ല് സംഭരിച്ച് ദേശീയപാതയിലേക്ക് എത്തിക്കുന്നതും ഈ റോഡിലൂടെയാണ്.
റോഡ് തകർന്ന് നടക്കാനാവാത്ത സ്ഥിതിയിലായതിനാൽ ഇടവഴികളിൽക്കൂടി നടന്നാണ് നാട്ടുകാർ ദേശീയപാതയിലെത്തുന്നത്. അധികൃതർ ഇടപെട്ട് എത്രയും പെട്ടെന്ന് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.