പാലാ: ഓട്ടോറിക്ഷകളിൽ മീറ്റര് പതിപ്പിക്കുന്നത് മാസത്തില് രണ്ടു ദിവസമാക്കി കുറച്ചതോടെ പ്രതിസന്ധിയിലായി ഓട്ടോറിക്ഷാ തൊഴിലാളികള്. മുന്പ് ലീഗല് മെട്രോളജി വകുപ്പ് എല്ലാ ബുധനാഴ്ചകളിലും നടത്തിയിരുന്ന മീറ്റര് പതിപ്പിക്കല് രണ്ടു ദിവസമാക്കി ചുരുക്കുകയായിരുന്നു. 100 വണ്ടികള്ക്ക് വരെയാണ് പരിശോധനയെങ്കിലും അതിന്റെ രണ്ടിരട്ടിയലധികം വാഹനങ്ങള് എത്തുന്നതോടെ പ്രദേശത്ത് ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
ചെത്തിമറ്റത്തിനു സമീപം പുതിയകാവ് ദേവീക്ഷേത്രം റോഡിലാണ് പരിശോധനയ്ക്കായെത്തുന്ന ഓട്ടോറിക്ഷകള് പാര്ക്ക് ചെയ്യുന്നത്. ഇടുങ്ങിയ റോഡില് വാഹനങ്ങള് കൂടി എത്തുന്നതോടെ വാഹനക്കുരുക്കും രൂപപ്പെട്ടു. രണ്ട് ഉദ്യോഗസ്ഥര് മാത്രമാണ് പരിശോധനയ്ക്ക് ഉണ്ടായിരുന്നത്. ഒരു ദിവസത്തെ ഓട്ടം നഷ്ടപ്പെടുത്തിയാണ് മീറ്റര് പതിപ്പിക്കാനെത്തുന്നതെന്ന് ഡ്രൈവര്മാര് പറയുന്നു.
മീനച്ചില് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്നിന്നുള്ള ഓട്ടോകളാണ് മീറ്റര് പതിക്കാനായി പാലായിലെത്തുന്നത്. മീറ്റര് പതിപ്പിക്കുന്ന ദിവസങ്ങളുടെ എണ്ണം വര്ധിപ്പിക്കണമെന്നും കൂടുതല് ഉദ്യോസ്ഥരെ നിയമിക്കണമെന്നും ഓട്ടോ ഡ്രൈവര്മാര് ആവശ്യപ്പെട്ടു
Tags : nattu vishesaham Legal Metrology Department