പത്തനംതിട്ട: കേരളത്തിൽ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ആയിരക്കണക്കിന് ഉദ്യോഗസ്ഥർക്ക് സ്വന്തം വോട്ടവകാശം വിനിയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇതിനുള്ള അവസരം നൽകണമെന്ന് കെപിഎസ്ടിഎ.
വോട്ടവകാശം വിനിയോഗിക്കുന്നതിനെക്കുറിച്ച് ബോധവത്കരണം നടത്തുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ ബോധപൂർവം വോട്ടവകാശം നിഷേധിക്കുന്നത് അവകാശലംഘനവും തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നതുമാണെന്ന് കെപിഎസ്ടിഎ അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് ജോലിക്കു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ ഒന്നു മുതൽ വോട്ട് ചെയ്യാൻ അവസരം ഒരുക്കുമെന്ന് പറയുകയും വോട്ട് ചെയ്യുന്നതിന് വേണ്ടി മൂന്നുതവണ വരെ ഫെസിലിറ്റേഷൻ സെന്ററുകളിൽ പോയിട്ടും ബാലറ്റ് എത്തിയില്ല എന്ന കാരണത്താൽ വോട്ട് ചെയ്യാതെ തിരികെ പോകേണ്ടിവരികയും ചെയ്തു.
അവരവർ താമസിക്കുന്ന നിയോജകമണ്ഡലത്തിലെ കേന്ദ്രത്തിൽ ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ച് ആ മണ്ഡലത്തിലെ എല്ലാവർക്കും അവിടെത്തന്നെ വോട്ട് ചെയ്യാൻ അവസരം ഒരുക്കിയിരുന്നെങ്കിൽ യാതൊരു പ്രയാസവും ഇല്ലാതെ എല്ലാവർക്കും വോട്ടവകാശം വിനിയോഗിക്കാൻ കഴിയുമായിരുന്നു. എന്നാൽ ബോധപൂർവം കൃത്യമായ സംവിധാനം ഏർപ്പെടുത്താതെ പോളിംഗ് ഉദ്യോഗസ്ഥരെ പരമാവധി ബുദ്ധിമുട്ടിക്കുകയും അതിലൂടെ വോട്ടവകാശം നിഷേധിക്കുകയുമാണ് ചെയ്തിട്ടുള്ളത്.
തന്റേതല്ലാത്ത കാരണത്താൽ വോട്ടവകാശം നിഷേധിക്കപ്പെട്ടവർക്ക് വോട്ട് രേഖപ്പെടുത്തി ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകുന്നതിന് ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിച്ച് വോട്ട് ചെയ്യുന്നതിന് അവസരം നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ്, സെക്രട്ടറി വി.ജി. കിഷോർ, ട്രഷറർ ബിറ്റി അന്നമ്മ തോമസ് എന്നിവർ ആവശ്യപ്പെട്ടു.
Tags : nattu vishesaham Postal voting KPSTA