Kerala
കൊച്ചി: താരസംഘടനയായ അമ്മയുടെ ജോയിന്റ് സെക്രട്ടറിയായിരുന്ന അന്‍സിബ ഹസന് രാജിവച്ചത് വ്യക്തിപരമായ കാരണങ്ങളാലും തൊഴില്‍പരമായ തിരക്കുകൾ മൂലമാണെന്നും അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്. താരത്തിന്റെ രാജി സംഘടന അംഗീകരിച്ചതായും അവര്‍ വ്യക്തമാക്കി.
കൊച്ചിയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനു ശേഷമാണു ശ്വേതാ മേനോന് ഔദ്യോഗിക വിശദീകരണം നല്‍കിയത്. ഫെബ്രുവരി 21ഓടെ തന്നെ അന്‍സിബ രാജിക്കത്ത് നല്‍കിയിരുന്നു. തൊഴില്‍പരമായ തിരക്കുകള്‍ ഉള്ളതിനാല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് ഈ തീരുമാനമെന്ന് അന്‍സിബ അറിയിച്ചതായി ശ്വേതാ മേനോന് പറഞ്ഞു.
ഇതൊരു നിസ്വാര്‍ഥ സേവനമാണ്. സംഘടനയുടെ മീറ്റിംഗുകളില്‍ കൃത്യമായി പങ്കെടുക്കാനോ സജീവമായി പ്രവര്‍ത്തിക്കാനോ സാധിക്കാത്ത സാഹചര്യത്തില്‍ മെംബറായി തുടരുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു അന്‍സിബ. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍വച്ച് അന്‍സിബയെ വിളിച്ചു സംസാരിച്ചിരുന്നു. രാജി അംഗീകരിക്കണമെന്ന് അന്‍സിബ ആവശ്യപ്പെട്ടതോടെ എല്ലാവരും ചേര്‍ന്ന് അത് പാസാക്കിയെന്നും ശ്വേതാ മേനോന് പറഞ്ഞു.
ശ്വേതാ മേനോന് അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇലക്ഷനില്‍ എതിരില്ലാതെ തെരഞ്ഞ െടുക്കപ്പെട്ട ഒരേയൊരു സ്ഥാനാര്‍ഥി അന്‍സിബ ഹസന് ആയിരുന്നു.
International
ലണ്ടൻ: എപ്സ്റ്റീൻ ബന്ധമുള്ള പീറ്റർ മാൻഡൽസണിനെ യുഎസ് അംബസഡറായി നിയമിച്ചതിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറുടെ രാജിക്കായി വീണ്ടും ശബ്ദമുയർത്തി പ്രതിപക്ഷം.
മാൻഡൽസണിന്റെ പശ്ചാത്തലം പരിശോധിക്കാതെയാണ് സ്റ്റാർമർ സർക്കാർ നിയമനം നല്‍കിയതെന്ന് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണിത്.
ദേശസുരക്ഷയെ വഞ്ചിച്ച സ്റ്റാർമർ രാജിവയ്ക്കണമെന്ന് മുഖ്യ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ് കിമി ബാഡനോക്ക് സോഷ്യൽ മീഡിയയിൽ കുറിച്ചു. പാർലമെന്റിനെയും ബ്രിട്ടീഷ് ജനതയെയും തെറ്റിദ്ധരിപ്പിച്ച പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് ലിബറൽ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവിയും ആവശ്യപ്പെട്ടു.
അതേസമയം, പശ്ചാത്തല പരിശോധനയിലുണ്ടായ വീഴ്ചയെക്കുറിച്ച് സ്റ്റാർമറിനോ വിദേശകാര്യമന്ത്രിക്കോ അറിവുണ്ടായിരുന്നില്ലെന്ന് സർക്കാർ വക്താവ് പ്രതികരിച്ചു.
2024ലാണ് മാൻഡൽസൺ യുഎസ് അംബാസഡറായി നിയമിക്കപ്പെട്ടത്. ജയിലിൽ മരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജഫ്രി എപ്സ്റ്റീനുമായി അടുത്ത ബന്ധമുണ്ടെന്ന കാര്യം പുറത്തുവന്നതോടെ മാൻഡൽസണിനു രാജിവയ്ക്കേണ്ടിവന്നു.
ഫെബ്രുവരിയിൽ ബ്രിട്ടീഷ് പോലീസ് മാൻഡൽസണിനെ അധികാര ദുർവിനിയോഗത്തിന് അറസ്റ്റ് ചെയ്തെങ്കിലും അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.
Business
ന്യു ഡൽഹി : എയർ ഇന്ത്യ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കാംബെൽ വിൽസൺ രാജിവച്ചു. പുതിയ പിൻഗാമിയെ തെരഞ്ഞെടുക്കുന്നതുവരെ അദേഹം പദവിയിൽ തുടരുമെന്നും കമ്പനി അറിയിച്ചു. 2027 ജൂലൈയിൽ അദേഹത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഈ പിന്മാറ്റം. കഴിഞ്ഞ ആഴ്ച നടന്ന ബോർഡ് യോഗത്തിൽ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചതായും പുതിയ സിഇഒയെ ഉടൻ പ്രഖ്യാപിക്കുമെന്നുമാണ് ടാറ്റ ഗ്രൂപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചത്.
2025 ജൂണിലുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തെത്തുടർന്നും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള ആവർത്തിച്ചുള്ള സംഭവങ്ങളെത്തുടർന്നും അദ്ദേഹത്തിന്റെ രാജിയെക്കുറിച്ച് നേരത്തെ തന്നെ ചർച്ചകൾ നടന്നിരുന്നു. പീറ്റർ എൽബെഴ്സ് രാജിവെച്ചതിനുശേഷം ഇൻഡിഗോ സിഇഒ ആയി വില്ലി വാൽഷ് നിയമിതനായതിന് പിന്നാലെയാണ് വിൽസന്റെ പടിയിറക്കം.
സിംഗപ്പൂർ എയർലൈൻസിന്റെ സബ്സിഡിയറിയായ സ്കൂട്ടിൽ നിന്നാണ് വിൽസൺ 2022ൽ എയർ ഇന്ത്യയിലെത്തിയത്.ടാറ്റയുടെ വിഹാൻ.എഐ എന്ന പഞ്ചവത്സര പദ്ധതിയിലൂടെ എയർ ഇന്ത്യയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക എന്നതായിരുന്നു വിൽസന്റെ പ്രധാന ലക്ഷ്യം.
മധ്യേഷ്യയിലെ സംഘർഷങ്ങളും പാകിസ്ഥാൻ വ്യോമപാതയിലെ നിയന്ത്രണങ്ങളും കാരണം വിമാനങ്ങൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നത് പ്രവർത്തനച്ചെലവ് വർദ്ധിപ്പിച്ചു. ഉയർന്ന വ്യോമയാന ഇന്ധന വിലയും ലാഭക്ഷമതയെ ബാധിച്ചിട്ടുണ്ട്. 2026 സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യ ഏകദേശം 20,000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Kerala
കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണം ക്ലൈമാക്സില്‍ എത്തി നില്‍ക്കവെ ട്വന്റി 20യിലെ പൊട്ടിത്തെറി രാഷ്ട്രീയ വിവാദമായി മാറുന്നു. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന് രാജി വച്ചതോടെ ട്വന്റി 20ക്ക് പൂതൃക്കയിലെ ഭരണം നഷ്ടമായി. നറുക്കെടുപ്പിലൂടെയായിരുന്നു പൂതൃക്കയില്‍ ട്വന്റി 20 അധികാരത്തില്‍ എത്തിയത്.
ട്വന്റി 20 എന്‍ഡിഎയില്‍ ലയിച്ചതിന് പിന്നാലെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക് ചേക്കേറിയിരുന്നു. രാജിവച്ചതായി അറിയിച്ചു കൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ പൂജ ജോമോന് പറഞ്ഞ വാക്കുകളും പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. പാര്‍ട്ടിയില്‍ നിന്നും രാജിവച്ച മെമ്പര്‍ ബസ് ഇടിച്ച് മരിച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് പൂജയുടെ ആവശ്യം.
ബിജെപിയോടു കൂട്ടുചേര്‍ന്നതില്‍ പ്രതിഷേധിച്ച് ഇന്നലെയാണ് രാജി സമര്‍പ്പിച്ചതെന്ന് അവര്‍ പറഞ്ഞു. മതേതര രാഷ്ട്രീയ കാഴ്ചപ്പാടാണു തനിക്കുള്ളതെന്നും ആ നിലപാടിന്റെ അടിസ്ഥാനത്തില്‍ വിജയിപ്പിച്ച ജനങ്ങളോടു ചെയ്യുന്ന വഞ്ചനയാണ് എന്‍ഡിഎയില്‍ ചേര്‍ന്നതെന്നും പൂജ ജോമോന് പറഞ്ഞു. ട്വന്റി 20 എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നത് അനുകൂലിക്കാത്തതിനാല്‍ പാര്‍ട്ടിയിലെ മറ്റ് വാര്‍ഡ് അംഗങ്ങള്‍ തന്നെ ഒറ്റപ്പെടുത്തിയതായും അവര്‍ പറഞ്ഞു.
ട്വന്റി 20 എന്ന സ്വാതന്ത്ര പ്രസ്ഥാനത്തിലൂടെയാണ് പ്രസിഡന്റ് ആയത്. എന്നാല്‍ എന്റെ ആദര്‍ശങ്ങക്കും ചിന്താഗതികള്‍ക്കും വിരുദ്ധമായി അവര്‍ എന്‍ഡിഎയില്‍ ചേര്‍ന്നു. അവരുടെ ആദര്‍ശങ്ങളും തത്വങ്ങളും എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് പ്രസിഡന്റ് സ്ഥാനവും ട്വന്റി 20 മെമ്പര്‍ സ്ഥാനവും രാജിവയ്ക്കാന്‍ തീരുമാനിച്ചത്. ജയിപ്പിച്ച പാര്‍ട്ടിയാണെങ്കിലും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല.
സാബു എം. ജേക്കബ് വിളിച്ച് ഭീഷണിപ്പെടുത്തി. രാജി വയ്ക്കുകയാണോ, രാജി വച്ച ഒരു മെമ്പര്‍ സ്കൂള്‍ ബസ് ഇടിച്ച് ഒരു പോറല്‍ പോലും ഇല്ലാതെ മരണപ്പെട്ടു. അവരുടെ കുടുംബവും നശിച്ചു പോയി. അത് ദൈവം വരുത്താതെ ഇരിക്കട്ടെ എന്ന് സാബു ജേക്കബ് വിളിച്ചു പറഞ്ഞു. ഒട്ടും താല്പര്യമില്ലാത്തതു കൊണ്ട് മാത്രമാണ് രാജി സമര്‍പ്പിക്കുന്നത് എന്ന് പൂജ ജോമോന് പറഞ്ഞു.
അതേസമയം, എന്‍ഡിഎ പ്രവേശനത്തെ തുടര്‍ന്ന് നിരവധി നേതാക്കളും മെമ്പര്‍മാരും ട്വന്റി 20യില്‍ നിന്നും രാജിവച്ച് പോയതിനാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അഭിനേതാക്കളെയും റിയാലിറ്റി ഷോ താരങ്ങളെയുമാണ് സാബു ജേക്കബ് പരിഗണച്ചത്. ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയും സംവിധായകനുമായ അഖില്‍ മാരാര്‍, നടി അഞ്ജലി നായര്‍ അടക്കം ട്വന്റി 20 സ്ഥാനാര്‍ഥികളാണ്. ലക്ഷ്മിപ്രിയക്കും വീണ നായര്‍ക്കും വോട്ട് ഇല്ലാത്തതിനാല്‍ സ്ഥാനാര്‍ഥികളെ മാറ്റുകയായിരുന്നു.
Kerala
തൊടുപുഴ: കെഎസ്യു സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന വാര്‍ത്ത അവാസ്തവമാണെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.ഇടുക്കി, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ തന്റെ പേര് ഉള്‍പ്പെട്ടിരുന്നു.
സീറ്റ് ലഭിക്കാത്തതില്‍ പരിഭവമില്ല. സംഘടനയില്‍ ഉറച്ചുനില്‍ക്കുമെന്നും യുഡിഎഫിന്റെ വിജയമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ചുമതലയില്‍നിന്നു രാജി നല്‍കിയിട്ടില്ലെന്ന് ഫേസ് ബുക്കിലും അദ്ദേഹം കുറിച്ചു.
Kerala
തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറും ഭാര്യയും തമ്മിലുള്ള പ്രശ്നം മാപ്പ് പറഞ്ഞതു കൊണ്ടുമാത്രം തീരില്ലെന്ന് ആവർത്തിച്ച് കോൺഗ്രസ്. ഗണേഷ് മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ്.
ഗണേഷിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിഷേധം നടത്താനൊരുങ്ങുകയുമാണ് യൂത്ത് കോൺഗ്രസ്. വിഷയത്തിൽ മുഖ്യമന്ത്രിക്കും പോലീസിനുമെതിരെയും വിമർശനം ശക്തമാക്കുകയാണ്. മന്ത്രിയുടെ ഭാര്യ പരാതി ഉന്നയിച്ചിട്ടും പോലീസ് അനങ്ങിയില്ലെന്നും ഒത്തുതീർപ്പിനായി കുറ്റകൃത്യം മറച്ചു വച്ചുവെന്നുമാണ് വിമർശനം.
അതേസമയം, ഗണേഷ് കുമാർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും മുൻ ഡിജിപി ആർ. ശ്രീലേഖക്കുമെതിരെ ഡിജിപിക്ക് പരാതി നൽകിയിരുന്നു യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലാണ് പരാതി നൽകിയത്.
ഗുരുതരമായ കുറ്റം അറിഞ്ഞിട്ടും മറച്ചുവച്ചെന്നാണ് പരാതിയിലെ ആരോപണം. കഴിഞ്ഞ ദിവസം ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ പ്രശ്നം മുഖ്യമന്ത്രിയുടെ മകളോടും ശ്രീലേഖയോടും സംസാരിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരുവർക്കുമെതിരെ യൂത്ത് കോൺഗ്രസ് തിരിഞ്ഞത്.
National
ോഗോഹട്ടി: ഹൈക്കമാൻഡ് ഇടപെടലിനെത്തുടർന്ന് ആസാം കോൺഗ്രസ് മുൻ അധ്യക്ഷൻ ഭൂപെൻ ബോറ രാജി പിൻവലിച്ചുവെന്ന് ആസാമിന്റെ ചുമതലയുള്ള എഐസിസി നേതാവ് ജിതേന്ദ്ര സിംഗ്.
ബോറയുടെ രാജി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സ്വീകരിച്ചില്ലെന്നും ബോറയുമായി രാഹുൽഗാന്ധി 15 മിനിറ്റ് സംസാരിച്ചുവെന്നും ജിതേന്ദ്ര പറഞ്ഞു.
അതേസമയം, രാജിതീരുമാനം പുനഃപരിശോധിക്കാൻ സമയം വേണമെന്നാണ് ബോറ കോൺഗ്രസ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ രാവിലെയാണ് ബോറ രാഡജി പ്രഖ്യാപിച്ചത്.
ജിതേന്ദ്ര സിംഗ്, ഗൗരവ് ഗൊഗോയി, പ്രദ്യുത് ബർദലോയി എംപി, ദേബബ്രത സൈക്കിയ തുടങ്ങിയ നേതാക്കൾ ബോറയുടെ വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു. 2021 മുതൽ 2025 വരെ ഭൂപെൻ ബോറ പിസിസി അധ്യക്ഷനായിരുന്നു.
Kerala
കൊച്ചി: ബിജെപി കോതമംഗലം മണ്ഡലം കമ്മിറ്റി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പു കേസില്‍ നടപടിയുമായി ബിജെപി ജില്ലാ നേതൃത്വം.
ആരോപണ വിധേയനായ ടി.എസ്. സുനീഷിന്റെ രാജി നേതൃത്വം എഴുതി വാങ്ങി. അതേസമയം, കോതമംഗലം ഓഫീസിനു മുന്നില്‍ നടന്ന കുത്തിയിരിപ്പു നാടകം പാര്‍ട്ടിയെ മോശമാക്കുന്നതിനു വേണ്ടി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നു ബിജെപി ജില്ലാ പ്രസിഡന്റ് പി.പി. സജീവ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
സൈബർ കേസ് ഒതുക്കി തീര്‍ക്കാമെന്നു പറഞ്ഞ് കോമതംഗലം ബിജെപി മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ ടി.എസ്. സുനീഷും ഉണ്ണികൃഷ്ണന് മാങ്ങോടും 10,58,000 രൂപ തട്ടിയെന്ന് ആരോപിച്ച് ചേലാട് സ്വദേശിയായ ജോര്‍ജും കുടുംബവുമാണ് ബിജെപി ഓഫീസിനു മുന്നില്‍ ഇന്നലെ കുത്തിയിരിപ്പു സമരം നടത്തിയതു വാർത്തകളിൽ നിറഞ്ഞിരുന്നു.
പരാതിക്കു കാരണമായ സാമ്പത്തിക ഇടപാടുകളും വ്യാജ സര്‍ട്ടിഫിക്കറ്റ് നിർമാണവും ബോധ്യമായതോടെ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിനു സമഗ്രമായ പോലീസ് അന്വേഷണം വേണമെന്നു ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം പരാതിക്കാരനെ ബോധിപ്പിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ കക്ഷികളുമായി കൂട്ടുചേര്‍ന്ന നടത്തിയിട്ടുള്ള ഒരു പൊറാട്ട് നാടകം മാത്രമാണ് കുത്തിയിരിപ്പു സമരം. വ്യാജപ്രചരണങ്ങളില്‍ പൊതുജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും വീണുപോകില്ലെന്നു പാര്‍ട്ടിക്ക് ഉത്തമ ബോധ്യമുണ്ടെന്നും ബിജെപി ജില്ലാ ഘടകത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
പ്രസ്താവനയുടെ പൂര്‍ണരൂപം:
ബിജെപി കോതമംഗലം മണ്ഡലം കമ്മിറ്റി ഓഫീസ് മുമ്പാകെ നടത്തിയ കുത്തിയിരുപ്പ് നാടകത്തിന് ഹേതുവായ കാരണത്തെ സംബന്ധിച്ച് ജില്ല ഓഫീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുകയും ലഭിച്ച പരാതിയുടെ നിജസ്ഥിതി മനസിലാക്കുന്നതിന് പാര്‍ട്ടിയുടെ ജില്ല ജനറല്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തുകയും ചെയ്തു.
അവര്‍ നടത്തിയ അന്വേഷണത്തില്‍ രാജ്യത്തിന്റെ സുസ്ഥിരതയെ ബാധിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട നിയമസഹായം ചെയ്യുന്നതിനു വേണ്ടി സംസ്ഥാനത്തിന് അകത്തും പുറത്തുമായിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുമായും അഭിഭാഷകരുമായി പണ ഇടപാടുകള്‍ നടത്തിയിട്ടുള്ളതായി ബോധ്യപ്പെടുകയും കൂടാതെ പരാതിക്കാരന്റെ ആവശ്യത്തിനു വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ നിര്‍മാണം നടത്തിയിട്ടുള്ളതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കേസ് പോലീസ് അന്വേഷിച്ചാല്‍ മാത്രമേ നിജസ്ഥിതി ബോധ്യമാവുകയുള്ളൂ എന്നു ജനറല്‍ സെക്രട്ടറിമാര്‍ പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുള്ളതാണ്.
ഈ വിവരം പരാതിക്കാരനെ ധരിപ്പിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരന് പോലീസ് അധികാരികള്‍ക്കു മുമ്പാകെ എഴുതി തയാറാക്കിയ പരാതി ബോധിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്.
പാര്‍ട്ടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മണ്ഡലം ചുമതലയില്‍ ഉണ്ടായിരുന്ന ആരോപണ വിധേയനായ ടി.എസ്. സുനീഷിന്റെ പക്കല്‍നിന്ന് മണ്ഡല അധ്യക്ഷ രാജി എഴുതി വാങ്ങിയിട്ടുണ്ട്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിനു സമഗ്രമായ പോലീസ് അന്വേഷണം വേണമെന്നു ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു.
വ്യക്തിപരമായി തല്പരകക്ഷികള് നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ ചില രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി പാര്‍ട്ടി ഓഫീസിനു മുമ്പില്‍ നടത്തിയ കുത്തിയിരിപ്പ് നാടകം പാര്‍ട്ടിയെ ബഹുജന മധ്യത്തില്‍ മോശമാക്കുന്നതിന് പരാതിക്കാര്‍ ചില ദേശവിരുദ്ധശക്തികളും അവര്‍ക്ക് ഒത്താശ ചെയ്യുന്ന രാഷ്ട്രീയ കക്ഷികളുമായി കൂട്ടുചേര്‍ന്ന നടത്തിയിട്ടുള്ള ഒരു പൊറാട്ട് നാടകം മാത്രമാണെന്ന് ശരിയായ ഒരു പോലീസ് അന്വേഷണത്തില്‍ വെളിവാകും. ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളില്‍ പൊതുജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും വീണുപോകില്ലെന്നു പാര്‍ട്ടിക്ക് ഉത്തമ ബോധ്യമുണ്ട്.
Kerala
കൊച്ചി: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ രാജി ഫെഫ്ക അംഗീകരിച്ചു. നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ദിലീപിനെ തിരികെകൊണ്ടുവരാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണു ഭാഗ്യലക്ഷ്മി രാജിവച്ചത്.
ഫെഫ്കയുടെ രൂപീകരണകാലം മുതല്‍ സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്ന ഭാഗ്യലക്ഷ്മി നിലവില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്.
നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ അതിശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു അവര്‍.
Movies
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ രാജി അംഗീകരിച്ച് ഫെഫ്ക. ദിലീപിനെ ഫെഫ്ക യൂണിയനിൽ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഫെഫ്ക ഡബ്ബിംഗ് ആർടിസ്റ്റ് യൂണിയനിൽ നിന്നും ഭാഗ്യലക്ഷ്മി രാജിവച്ചത്.
വ്യസനത്തോടെ രാജി അംഗീകരിക്കുന്നുവെന്നാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് യൂണിയന് പറഞ്ഞത്. ഭാഗ്യലക്ഷ്മി സംഘടനയുടെ അഭിമാനമാണെന്നും രാജിയിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ അത് അംഗീകരിക്കുന്നുവെന്നും ഫെഫ്ക കത്തിൽ വിശദീകരിച്ചു.
ഫെഫ്കയുടെ രൂപീകരണ കാലം മുതല്‍ സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്ന ഭാഗ്യലക്ഷ്മി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കൂടിയായിരുന്നു. ഡിസംബർ ഒൻപതിനാണ് യൂണിയനിൽനിന്നും രാജി വയ്ക്കുന്നുവെന്ന് അറിയിച്ച് ഭാഗ്യലക്ഷ്മി ഇമെയിൽ ചെയ്തത്.
നാളിതുവരെയും സംഘടനയുടെയും അംഗങ്ങളുടെയും ക്ഷേമത്തിനായി പ്രവർത്തിച്ച ഭാഗ്യലക്ഷ്മിയെപ്പോലൊരാളുടെ രാജിക്കത്ത് ഏവരെയും ഏറെ വിഷമിപ്പിച്ചുവെന്നും സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് കത്തിലൂടെ അറിയിച്ചതിനാൽ മറ്റു നിവർത്തിയില്ലാത്തതുകൊണ്ട് രാജി അംഗീകരിക്കുകയായിരുന്നുവെന്ന് ഫെഫ്ക ഡബ്ബിംഗ് ആർടിസ്റ്റ് യൂണിയൻ പ്രസിഡന്റ് ഷോബി തിലകൻ പറഞ്ഞു.
National
ബംഗളൂരു: കർണാടക പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഉപമുഖ്യമന്ത്രി കൂടിയായ ഡി. കെ. ശിവകുമാർ. താൻ പാർട്ടിയെ ഒരു തരത്തിലും പ്രതിസന്ധിയിലാക്കില്ല എന്നും ശിവകുമാർ പറഞ്ഞു.
പാർട്ടിയ്ക്ക് വേണ്ടി താൻ എല്ലാ കാലത്തും പൊരുതുമെന്നും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ് താൻ എന്നും ശിവകുമാർ പറഞ്ഞു. സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണികൾ ഉണ്ടാകുമെന്നും എന്നാൽ അതെല്ലാം മുഖ്യമന്ത്രി സിദ്ധരാമയ്യയും പാർട്ടി ഹൈക്കമാൻഡും ചേർന്നാണ് തീരുമാനിക്കുന്നതെന്നും ശിവകുമാർ വ്യക്തമാക്കി.
പാർട്ടിയെ സംസ്ഥാനത്ത് വളർത്തിയത് താൻ അടക്കമുള്ളവരാണെന്നും പിന്നെ എങ്ങനെയാണ് പാർട്ടിയെ പ്രതിസന്ധിലാക്കുകയെന്നും ശിവകുമാർ ചോദിച്ചു. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും 2028ൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.