ലണ്ടൻ: എപ്സ്റ്റീൻ ബന്ധമുള്ള പീറ്റർ മാൻഡൽസണിനെ യുഎസ് അംബസഡറായി നിയമിച്ചതിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറുടെ രാജിക്കായി വീണ്ടും ശബ്ദമുയർത്തി പ്രതിപക്ഷം.
മാൻഡൽസണിന്റെ പശ്ചാത്തലം പരിശോധിക്കാതെയാണ് സ്റ്റാർമർ സർക്കാർ നിയമനം നല്കിയതെന്ന് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണിത്.
ദേശസുരക്ഷയെ വഞ്ചിച്ച സ്റ്റാർമർ രാജിവയ്ക്കണമെന്ന് മുഖ്യ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ് കിമി ബാഡനോക്ക് സോഷ്യൽ മീഡിയയിൽ കുറിച്ചു. പാർലമെന്റിനെയും ബ്രിട്ടീഷ് ജനതയെയും തെറ്റിദ്ധരിപ്പിച്ച പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് ലിബറൽ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവിയും ആവശ്യപ്പെട്ടു.
അതേസമയം, പശ്ചാത്തല പരിശോധനയിലുണ്ടായ വീഴ്ചയെക്കുറിച്ച് സ്റ്റാർമറിനോ വിദേശകാര്യമന്ത്രിക്കോ അറിവുണ്ടായിരുന്നില്ലെന്ന് സർക്കാർ വക്താവ് പ്രതികരിച്ചു.
2024ലാണ് മാൻഡൽസൺ യുഎസ് അംബാസഡറായി നിയമിക്കപ്പെട്ടത്. ജയിലിൽ മരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജഫ്രി എപ്സ്റ്റീനുമായി അടുത്ത ബന്ധമുണ്ടെന്ന കാര്യം പുറത്തുവന്നതോടെ മാൻഡൽസണിനു രാജിവയ്ക്കേണ്ടിവന്നു.
ഫെബ്രുവരിയിൽ ബ്രിട്ടീഷ് പോലീസ് മാൻഡൽസണിനെ അധികാര ദുർവിനിയോഗത്തിന് അറസ്റ്റ് ചെയ്തെങ്കിലും അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.
Tags : Opposition Starmer resignation demands Guardian newspaper Peter Mandelson