ന്യൂഡൽഹി: രാജിവച്ചതിനു പിന്നാലെ ഹൈക്കമാൻഡിനു മുന്നിൽ ആവശ്യങ്ങൾ നിരത്തി കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ.
കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയവരുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സിദ്ധരാമയ്യ ആവശ്യങ്ങൾ മുന്നോട്ടുവച്ചത്. മകൻ യതീന്ദ്രയ്ക്കൊപ്പമാണ് അദ്ദേഹം നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്.
പുതിയ മന്ത്രിസഭയിൽ മകൻ യതീന്ദ്രയ്ക്കും ഒപ്പമുള്ളവർക്കും പ്രധാന വകുപ്പുകൾ നല്കണമെന്ന ആവശ്യം മുന്നോട്ടു വച്ചതായാണ് സൂചന. മകന് ഉപമുഖ്യമന്ത്രിസ്ഥാനം നൽകണമെന്നതുൾപ്പെടെ സമ്മർദ്ദം ചെലുത്തിയേക്കുമെന്നും വിവരമുണ്ട്.
എന്നാൽ ഇക്കാര്യത്തിൽ ഹൈക്കമാൻഡ് നിലപാട് അറിയിച്ചിട്ടില്ല. ഹൈക്കമാൻഡ് മുന്നോട്ടുവച്ച രാജ്യസഭാ സീറ്റ് സിദ്ധരാമയ്യ നേരത്തേ നിഷേധിച്ചിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽത്തന്നെ തുടരാനാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം നേതാക്കളെ അറിയിച്ചിരുന്നു.
എന്നാൽ രാജ്യസഭയിലേക്ക് തന്റെ ഒപ്പമുള്ളവരെ പരിഗണിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ സിദ്ധരാമയ്യ ഹൈക്കമാൻഡിനു മുന്നിൽ വച്ചിട്ടുണ്ട്.
സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയുമായുള്ള ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ പങ്കെടുത്ത കോണ്ഗ്രസ് ജനറൽ സെക്രട്ടറി രണ്ദീപ് സുർജേവാല ചർച്ച സൗഹാർദപരമായിരുന്നുവെന്നും പല പ്രധാന വിഷയങ്ങളും സംസാരിച്ചുവെന്നും വ്യക്തമാക്കി. കർണാടകയിലെ ഭരണമാറ്റം സുഗമമായി നടക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.
ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറിനെ ഇന്നു തെരഞ്ഞെടുക്കും. ഇന്നു വൈകുന്നേരം നാലിന് കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേർന്ന് ശിവകുമാറിനെ നേതാവായി തെരഞ്ഞെടുക്കും.
രാജിവച്ച സിദ്ധരാമയ്യയ്ക്കു പകരമാണു ശിവകുമാർ മുഖ്യമന്ത്രിയാകുന്നത്. സിദ്ധരാമയ്യയുടെ രാജി സ്വീകരിച്ച ഗവർണർ തവർചന്ദ് ഗെഹ്ലോട്ട് മന്ത്രിസഭ പിരിച്ചുവിട്ടു.
Tags : Siddaramaiah high command resignation Karnataka Rahul gandhi