Kerala
കൊച്ചി: സംസ്ഥാനത്ത് പാമ്പുകടിയേറ്റു മരിച്ചവരുടെ എണ്ണം തിട്ടപ്പെടുത്തുന്നതില്‍ കേന്ദ്രവും സംസ്ഥാനവും രണ്ടു വഴിയില്‍. 2025ല്‍ സംസ്ഥാനത്തു പാമ്പുകടിയേറ്റു മരിച്ചത് 26 പേരെന്നു സംസ്ഥാന വനംവകുപ്പ് പറയുമ്പോള്‍, കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ കണക്കിലുള്ളത് മൂന്നു പേര് മാത്രം. കഴിഞ്ഞ മൂന്നു വര്‍ഷത്തെ മരണസംഖ്യയുടെ കേന്ദ്ര, സംസ്ഥാന കണക്കുകളില്‍ പൊരുത്തക്കേടുണ്ട്. സാമ്പത്തികവര്‍ഷം കണക്കാക്കിയുള്ള എണ്ണത്തിലും വ്യത്യാസം കാണാം.
2024ല്‍ സംസ്ഥാനത്തു പാമ്പുകടിയേറ്റു മരിച്ചത് 30 പേരാണെന്നു വനംവകുപ്പ് കണക്കുകള്‍ നിരത്തുമ്പോള്‍, കേന്ദ്രസര്‍ക്കാര്‍ രേഖപ്പെടുത്തിയതു ഒരു മരണം മാത്രമാണ്.
2023ലാകട്ടെ 34 പേര് സംസ്ഥാനത്തു മരിച്ചപ്പോള്‍ കേന്ദ്രകണക്കില് പൂജ്യമാണ്.
കേന്ദ്ര പരിസ്ഥിതി-വനം മന്ത്രി കീര്‍ത്തിവര്‍ധന്‍ സിംഗ് കഴിഞ്ഞ ദിവസം പാര്‍ലമെന്റിലെ ചോദ്യത്തിനുള്ള മറുപടിയിലും ഈ കണക്കാണ് വെളിപ്പെടുത്തിയത്.സംസ്ഥാന വനംവകുപ്പ് ആസ്ഥാന കാര്യാലയം റേഞ്ച്, ഡിവിഷണല്‍ ഓഫീസുകളിലും ആരോഗ്യവകുപ്പിലും നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ചാണ് പാമ്പുകടിയേറ്റവരുടെയും മരിച്ചവരുടെയും എണ്ണം രേഖപ്പെടുത്തുന്നത്.
ഇതു വകുപ്പിന്റെ വെബ്സൈറ്റിലും സര്‍പ്പ ആപ്പിലും പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഇതുപ്രകാരം പാമ്പുകടിയേറ്റു മരിച്ചവരുടെ കുടുംബത്തിനു നഷ്ടപരിഹാരവും വിതരണം ചെയ്തുവരികയാണെന്നു വനംവകുപ്പ് പറയുന്നു.
സര്‍ക്കാര്‍ ആശുപത്രികളിലേക്ക് എത്താത്തവരുടെയും മതിയായ ശാസ്ത്രീയ ചികിത്സ കിട്ടാതെ മരിച്ചവരുടെയും എണ്ണം വനംവകുപ്പിന്റെ കണക്കില്‍ ഉള്‍പ്പെട്ടിട്ടുമില്ല. വനത്തിനു പുറത്തു പാമ്പുകടിയേറ്റു മരിച്ചാല്‍ നാലു ലക്ഷം രൂപയാണ് നഷ്ടപരിഹാരം. വനത്തിനുള്ളിലെങ്കില് 14 ലക്ഷവും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങള് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗം വിളിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍. മൂന്നുപേര്‍ പാമ്പുകടിയേറ്റ് മരിച്ച പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്.
മൂന്നു മരണങ്ങളിലും പാമ്പുകടി സാധ്യത ആദ്യഘട്ടത്തില്‍ സ്ഥിരീകരിച്ചിരുന്നില്ല. രോഗികള്‍ മരിച്ചശേഷമാണ് പാമ്പുകടിയെന്നു സ്ഥിരീകരിച്ചത്. അതിനാല്‍ അത്യാഹിത വിഭാഗത്തില്‍ എത്തുന്ന കേസുകളില്‍ പാമ്പുകടിക്കുള്ള സാധ്യത കൂടി പരിശോധിക്കുന്നതിന് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ നിര്‍ദേശം നല്കി.
ചൂട് കൂടിയതോടെ പാമ്പുകടിയേറ്റുള്ള മരണങ്ങളില്‍ ആശുപത്രികള്‍ക്ക് പ്രത്യേക ജാഗ്രത ഉണ്ടാകണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആന്റിവെനം ലഭ്യത കുറവില്ല, ആവശ്യത്തിന് ആന്റിവെനം സ്റ്റോക്ക് ഉണ്ടെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ പാമ്പുകടിയേറ്റ് മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തൃശൂര്‍ കോടാലിയില്‍ ഉറങ്ങിക്കിടന്ന സഹോദരങ്ങള്‍ക്ക് പാമ്പുകടിയേല്‍ക്കുകയും അതില്‍ ഒരാള്‍ക്ക് ജീവന് നഷ്ടപ്പെടുകയും ചെയ്തിരുന്നു. തിരുവനന്തപുരം ചിറയിന്‍കീഴില്‍ എട്ടു വയസുകാരന് ഉറക്കത്തിനിടയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കായംകുളത്ത് വിവാഹ സല്‍ക്കാരത്തിനിടെ പാമ്പുകടിയേറ്റ യുവതിയും മരണത്തിനു കീഴടങ്ങി.
Kerala
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസുകാരന് ദിക്ഷലിന്റെ വീടിന് സമീപം വീണ്ടും പാമ്പ്. ദിക്ഷലിന്റെ വീട് സന്ദര്‍ശിക്കാനെത്തിയ പാമ്പ് പിടുത്തക്കാരന് രാജേഷ് തിരുവാമനയാണ് പാമ്പിനെ കണ്ടതും പിടികൂടിയതും.
കഴിഞ്ഞ ദിവസമാണ് ദിക്ഷൽ പാമ്പുകടിയേറ്റ് മരിച്ചത്. ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ ചിറയിന്‍കീഴ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. പിന്നാലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പാമ്പുകടിയേറ്റ് എട്ടുവയസുകാരന് ദിക്ഷല്‍ മരിച്ച സംഭവത്തില്‍ താലൂക്ക് ആശുപത്രി അധികൃതര്‍ക്കെതിരേ കുട്ടിയുടെ പിതാവ് ദിലീപ്.
കാലില്‍ മുറിവേറ്റ് കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍ ഗൗരവമായി പരിശോധിച്ചില്ലെന്നും പ്രാഥമിക ചികിത്സ നല്‍കാതെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നുവെന്നും ദിലീപ് ആരോപിച്ചു.
കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ട കാര്യവും ഛര്‍ദിയും കഫവും ഉണ്ടായ കാര്യം പറഞ്ഞിട്ടും ഡോക്ടര്‍ ഗൗരവത്തിലെടുത്തില്ലെന്നും പിതാവ് ആരോപിച്ചു. എന്നാല്‍ ചികിത്സ നല്കുന്നതില് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്കിയ വിശദീകരണ റിപ്പോര്‍ട്ടില്‍ പറയുന്നത്. രക്തപരിശോധനയില്‍ കുട്ടിക്ക് പാമ്പുകടിയേറ്റെന്ന് കണ്ടെത്താനായില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
Kerala
കോടാലി (തൃശൂർ): കഴിഞ്ഞ ദിവസം കുട്ടികൾക്ക് പാമ്പുകടിയേറ്റ കോടാലി കടമ്പോടുള്ള കാവുങ്ങൽ സിൽജോയുടെ വീട്ടിൽ വീടിന്റെ തറ പൊളിച്ച് വിദഗ്ധരുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങി.
വ്യാഴാഴ്ച രാത്രി അഞ്ചാമത്തെ പാമ്പിനെകൂടി കണ്ടെത്തിയതോടെയാണ് ഇന്നുരാവിലെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ വീടിന്റെ കിടപ്പുമുറിയിലെ ടോയ്ലറ്റിന്റെ ചുമരിനോടു ചേർന്ന് തറയുടെ ഒരു ഭാഗവും, ടോയ്ലെറ്റിലെ ടൈലും, ഡ്രൈനേജ് പൈപ്പും പൊളിച്ച് പരിശോധന തുടങ്ങിയത്.
ടൈലുകളുടെ വിള്ളലിനുള്ളിൽ കൂടുതൽ പാമ്പുകൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന നിഗമനത്തിലാണ് പരിശോധന. വെള്ളിക്കുളങ്ങര ഡെപ്യൂട്ടി റേഞ്ച് ഓഫിസർ രഞ്ജിത്രാജ് സർപ്പ ടീം ലീഡർ ജോജു എന്നിവരുടെ നേതൃത്വത്തിലാണ് പാമ്പുകൾക്കായി തിരച്ചിൽ നടക്കുന്നത്.
എന്നാൽ ഇതുവരെയും പാമ്പിനെ കണ്ടെത്തിയിട്ടില്ല. വ്യാഴാഴ്ച വൈകിട്ടും രാത്രിയിലുമായി രണ്ട് പാമ്പുകളെ വീടിനുള്ളിൽ കണ്ടെത്തിയിരുന്നു. ഇതുവരെ ആകെ അഞ്ച് പാമ്പുകളാണ് വീടിനകത്ത് കാണപ്പെട്ടത്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ സിൽജോയുടെ മക്കളായ ആൽജോ (എട്ട് വയസ്) അനോഷ് (10) എന്നിവർക്ക് പാമ്പിന്റെ കടിയേറ്റിരുന്നു. ഇവരിൽ ആൽജോ അന്നു തന്നെ മരിച്ചിരുന്നു. ചികിൽസയിലുള്ള അനോഷ് സുഖം പ്രാപിച്ചു വരുന്നു.
Kerala
തിരുവനന്തപുരം: ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് എട്ട് വയസുകാരൻ മരിച്ച സംഭവത്തിൽ ഡിഎംഒ റിപ്പോർട്ട് തേടി. ഉടൻ റിപ്പോർട്ട് നൽകണമെന്ന് ആശുപത്രി സൂപ്രണ്ടിനോട് നിർദേശിച്ചു.
സംഭവത്തിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ വേണ്ട പരിഗണന ലഭിച്ചില്ലെന്ന പിതാവിന്റെ പരാതിയിലാണ് ഡിഎംഒ റിപ്പോർട്ട് തേടിയത്. മൂലയിൽ വീട്ടിൽ ദിലീപ് അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്.
കുട്ടി ബുദ്ധിമുട്ടുകൾ പറഞ്ഞപ്പോഴും നിസാരമായാണ് ഡോക്ടർമാർ കണ്ടത്. പുലർച്ചെ രണ്ടരയോടെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. ഉടൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നത് വരെ കുട്ടി സംസാരിച്ചിരുന്നുവെന്നും പിതാവ് ദിലീപ് പറഞ്ഞിരുന്നു.
അതേസമയം ആരോപണങ്ങൾ നിഷേധിച്ച് ചിറയിൻകീഴ് താലൂക്ക് ആശുപത്രി രംഗത്തെത്തിയിരുന്നു. ചികിത്സ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രിയുടെ ഭാഗത്ത് നിന്നും വിശദീകരിച്ചത്.
കുട്ടി ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിച്ചത്. ഇന്ന് പുലർച്ചെ നാലോടെയാണ് കുട്ടിയെ പാമ്പ് കടിച്ച വിവരം അറിഞ്ഞത്. ഉടൻ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ വീട്ടിൽ നിന്ന് ഒരു മൂർഖൻ പാമ്പിനെ പിടികൂടിയിട്ടുണ്ട്.
Kerala
തൃശൂർ: പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ നിർണായക വിവരങ്ങൾ പുറത്ത്. ശംഖുവരയന്റെ കടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോലീസ് റിപ്പോർട്ട് തള്ളിയാണ് ഫോറൻസിക് സർജന്റെ റിപ്പോർട്ട്.
ഭക്ഷ്യവിഷബാധയാണ് കുട്ടിക്ക് ഏറ്റതെന്നായിരുന്നു പോലീസ് റിപ്പോർട്ട്. അതേസമയം, ആൽജോയുടെ സംസ്കാരം ഇന്നു വൈകുന്നേരം മൂന്നിനു നടക്കും. ആൽജോയുടെ മൂത്ത സഹോദരൻ അനോജിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഞായറാഴ്ച പുലർച്ചെയാണ് അബോധാവസ്ഥയിൽ സഹോദരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിൽ കുട്ടികളുടെ തലയണയുടെ അടിയിൽനിന്നു പാമ്പിനെ കണ്ടെത്തിയിരുന്നു.