കൊച്ചി: സംസ്ഥാനത്ത് പാമ്പുകടിയേറ്റു മരിച്ചവരുടെ എണ്ണം തിട്ടപ്പെടുത്തുന്നതില്‍ കേന്ദ്രവും സംസ്ഥാനവും രണ്ടു വഴിയില്‍. 2025ല്‍ സംസ്ഥാനത്തു പാമ്പുകടിയേറ്റു മരിച്ചത് 26 പേരെന്നു സംസ്ഥാന വനംവകുപ്പ് പറയുമ്പോള്‍, കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ കണക്കിലുള്ളത് മൂന്നു പേര് മാത്രം. കഴിഞ്ഞ മൂന്നു വര്‍ഷത്തെ മരണസംഖ്യയുടെ കേന്ദ്ര, സംസ്ഥാന കണക്കുകളില്‍ പൊരുത്തക്കേടുണ്ട്. സാമ്പത്തികവര്‍ഷം കണക്കാക്കിയുള്ള എണ്ണത്തിലും വ്യത്യാസം കാണാം.
2024ല്‍ സംസ്ഥാനത്തു പാമ്പുകടിയേറ്റു മരിച്ചത് 30 പേരാണെന്നു വനംവകുപ്പ് കണക്കുകള്‍ നിരത്തുമ്പോള്‍, കേന്ദ്രസര്‍ക്കാര്‍ രേഖപ്പെടുത്തിയതു ഒരു മരണം മാത്രമാണ്.
2023ലാകട്ടെ 34 പേര് സംസ്ഥാനത്തു മരിച്ചപ്പോള്‍ കേന്ദ്രകണക്കില് പൂജ്യമാണ്.
കേന്ദ്ര പരിസ്ഥിതി-വനം മന്ത്രി കീര്‍ത്തിവര്‍ധന്‍ സിംഗ് കഴിഞ്ഞ ദിവസം പാര്‍ലമെന്റിലെ ചോദ്യത്തിനുള്ള മറുപടിയിലും ഈ കണക്കാണ് വെളിപ്പെടുത്തിയത്.സംസ്ഥാന വനംവകുപ്പ് ആസ്ഥാന കാര്യാലയം റേഞ്ച്, ഡിവിഷണല്‍ ഓഫീസുകളിലും ആരോഗ്യവകുപ്പിലും നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ചാണ് പാമ്പുകടിയേറ്റവരുടെയും മരിച്ചവരുടെയും എണ്ണം രേഖപ്പെടുത്തുന്നത്.
ഇതു വകുപ്പിന്റെ വെബ്സൈറ്റിലും സര്‍പ്പ ആപ്പിലും പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഇതുപ്രകാരം പാമ്പുകടിയേറ്റു മരിച്ചവരുടെ കുടുംബത്തിനു നഷ്ടപരിഹാരവും വിതരണം ചെയ്തുവരികയാണെന്നു വനംവകുപ്പ് പറയുന്നു.
സര്‍ക്കാര്‍ ആശുപത്രികളിലേക്ക് എത്താത്തവരുടെയും മതിയായ ശാസ്ത്രീയ ചികിത്സ കിട്ടാതെ മരിച്ചവരുടെയും എണ്ണം വനംവകുപ്പിന്റെ കണക്കില്‍ ഉള്‍പ്പെട്ടിട്ടുമില്ല. വനത്തിനു പുറത്തു പാമ്പുകടിയേറ്റു മരിച്ചാല്‍ നാലു ലക്ഷം രൂപയാണ് നഷ്ടപരിഹാരം. വനത്തിനുള്ളിലെങ്കില് 14 ലക്ഷവും.
കൊച്ചി: കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പാമ്പുകടിയേറ്റുള്ള മരിച്ചവരുടെ എണ്ണത്തില്‍ വര്‍ധന. കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023-2025ല്‍ പാമ്പുകടിയേറ്റു ജീവന് നഷ്ടമായത് 984 പേര്‍ക്കാണ്.
2023ല്‍ മരിച്ചതിനേക്കാള്‍ ഇരട്ടിയിലധികമാണ് കഴിഞ്ഞ വര്‍ഷത്തെ മരണസംഖ്യ. 2023ല്‍ 183 പേര്‍ക്കാണു പാമ്പുകടിയേറ്റ് ജീവന് നഷ്ടമായതെങ്കില്‍ 2024ല്‍ 370ഉം 2025ലെത്തിയപ്പോള്‍ 41 ഉം ആയി ഉയര്‍ന്നുവെന്ന് കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
കേരളത്തിന്റെ അയല്‍സംസ്ഥാനമായ കര്‍ണാടകയാണ് ഇത്തരത്തില്‍ മരിച്ചവരുടെ എണ്ണത്തില്‍ മുന്നിലുള്ളത്. അവിടെ മൂന്നു വര്‍ഷത്തിനിടെ 277 ജീവനുകളാണു പാമ്പുകടിയേറ്റു പൊലിഞ്ഞത്. കഴിഞ്ഞ വര്‍ഷം മാത്രം മരിച്ചത് 157 പേര്. 2024ല്‍ 101 പേര് മരിച്ചു. പശ്ചിമബംഗാളില്‍ 153 പേര്‍ക്കാണ് മൂന്നു വര്‍ഷത്തിനിടെ ജീവന് നഷ്ടമായത്. 63 പേര് 2025ലും 69 പേര് 2024ലും മരിച്ചു. തമിഴ്നാട്ടില്‍ 95 പേര്‍ക്കാണ് മൂന്നു വര്‍ഷത്തിനിടെ ജീവന് നഷ്ടമായത്.