Kerala
കൊച്ചി: തൃശൂരിൽ 16 പേരുടെ മരണത്തിനിടയാക്കിയ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്കിയതിന്റെയും നല്കാന് ഉദ്ദേശിക്കുന്നതിന്റെയും വിവരങ്ങള്‍ നല്‍കണമെന്നു ഹൈക്കോടതി. ഏപ്രില്‍ 21ന് വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടു സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണു ചീഫ് ജസ്റ്റീസ് അടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നല്കുന്ന നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങള്‍ മൂന്നാഴ്ചയ്ക്കകം നല്‍കണം. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കുന്ന നടപടികളും അറിയിക്കണം. തുടര്‍ന്ന് ഹർജി വീണ്ടും നാലാഴ്ചയ്ക്കുശേഷം പരിഗണിക്കാനായി മാറ്റി.
Kerala
പൂന: മഹാരാഷ്ട്രയിലെ പൂനയിൽ വ്യാജ മദ്യം കഴിച്ച് 14 പേർ മരിച്ചു. പിംപ്രി ചിഞ്ച്വാഡ് മേഖലയിലും പൂന നഗരത്തിലുമാണു മദ്യദുരന്തമുണ്ടായത്. മദ്യം എത്തിച്ച യോഗേഷ് വാങ്കെഡെ ഉൾപ്പെടെഎട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവം ഗൗരവതരമെന്നു വിശേഷിപ്പിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കൂടുതൽ പേർ അറസ്റ്റിലാകുമെന്ന് പറഞ്ഞു. വ്യാജ മദ്യം കഴിച്ച മൂന്നു പേർ ചികിത്സയിലാണ്. പിംപ്രി ചിഞ്ച്വാഡിലെ ഫുഗേവാഡിയിൽ 10 പേരും പൂന നഗരത്തിലെ ഹദാപ്സറിൽ നാല് പേരുമാണു മരിച്ചത്.
ഹദാപ്സറിലെ വ്യാജ മദ്യ നിർമാണ കേന്ദ്രം എൻസിപി നേതാവ് രോഹിത് പവാറും അനുയായികളും ചേർന്ന് നശിപ്പിച്ചു. വ്യാജ മദ്യം കഴിച്ച് 18 പേർ മരിച്ചെന്ന് രോഹിത് ആരോപിച്ചു.
Kerala
തൃശൂർ: മുണ്ടത്തിക്കോട്ടെ വെടിക്കെട്ടു പുരയിലെ ദുരന്തപശ്ചാത്തലത്തിൽ പൂരം വെടിക്കെട്ട് ഒഴിവാക്കി നടത്താൻ തീരുമാനിച്ചെങ്കിലും, ചുടലപ്പറന്പായി ദുരന്തഭൂമി. കണ്ണീരുണങ്ങാതെ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളും പരിക്കേറ്റവരും. സ്ഫോടനത്തിന്റെയും നാശനഷ്ടങ്ങളുടെയും ഞെട്ടൽ വിട്ടുമാറാതെ പ്രദേശവാസികൾ.
അപകടസ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ മാറി ഇന്നും ശരീരഭാഗങ്ങൾ ലഭിച്ചു. അപകടസ്ഥലത്തും സമീപപ്രദേശങ്ങളിലും ഇന്നും പരിശോധന തുടരുകയാണ്. 11 മൃതദേഹങ്ങളാണ് ഇതുവരെ പോസ്റ്റ്മോർട്ടം ചെയ്തത്. ഇതിൽ ഒരെണ്ണം ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഈ മൃതദേഹങ്ങളുടെയും ചിന്നിച്ചിതറിയ ശരീരഭാഗങ്ങളുടെയും സാന്പിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി നല്‍കിയിട്ടുണ്ട്. ഇതിൽ പത്തു സാന്പിളുകളുടെ ഡിഎൻഎ പരിശോധനാഫലം ഇന്ന് അറിയാനാകുമെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെയും സംഭവസ്ഥലത്തു പോലീസ് നടത്തിയ പരിശോധനയിൽ 103 ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവയും പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇന്നലത്തേതടക്കം ഇതുവരെ 132 ശരീരഭാഗങ്ങളാണ് അപകടസ്ഥലത്തുനിന്ന് ശേഖരിച്ചിട്ടുള്ളത്. 34പേർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായാണു സ്ഥിരീകരണം.
12 പേരാണ് ആശുപത്രിയിൽ അപ്പോഴും ചികിത്സയിൽ തുടരുന്നത്. ഇതിൽ നാലുപേരുടെ നില അതീവഗുരുതരാവസ്ഥയിൽ തുടരുകയാണ്. എട്ടുപേർ വാർഡുകളിൽ ചികിത്സയിലുണ്ട്. രണ്ടുപേരെ ആശുപത്രിയിൽനിന്ന് വിട്ടയച്ചു. ദുരന്തസ്ഥലത്തുണ്ടായിരുന്ന ഒന്പതുപേർ നേരത്തെ വീടുകളിൽ തിരിച്ചെത്തിയിട്ടുണ്ട്.
Kerala
തൃശൂർ: തിരുവന്പാടി ദേവസ്വത്തിന്റെ തൃശൂർ പൂരം വെടിക്കെട്ടുസാമഗ്രികൾ ഒരുക്കുന്ന മുണ്ടത്തിക്കോട് നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഒന്‍പതുപേരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു കൈമാറി. ഒരു മൃതദേഹം തിരിച്ചറിഞ്ഞില്ലെങ്കിലും പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയിട്ടുണ്ട്. നാലു പേരെ അപകടശേഷം കാണാതായെന്ന് അധികൃതർ അറിയിച്ചു.
തൃശൂർ കോട്ടപ്പുറം കാമത്ത് ലെയ്നിലെ മണികണ്ഠൻ (33), എടപ്പാൾ സ്വദേശി മണികണ്ഠൻ, പെരിന്തൽമണ്ണ കൊളത്തൂർ പൊറ്റമ്മൽ വീട്ടിൽ സുബ്രഹ്മണ്യൻ (50), എടപ്പാൾ തലയ്ക്കൽ ചോങ്ങലത്തിൽ വീട്ടിൽ തുപ്രന്റെ മകൻ വിജയൻ (53), തൃശൂർ ചേർപ്പ് ചിറയ്ക്കൽ ഇഞ്ചമുടി പരേതനായ ബാലന്റെ ബിജീഷ് (40) എന്നിവരുടെ മൃതദേഹം ഇന്നലെ ഉച്ചയ്ക്കു മുന്‍പേ നടപടിക്രമങ്ങൾ പൂർത്തിയാക്കി കൈമാറി.
പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞശേഷം ഇന്നലെ മരണത്തിനു കീഴടങ്ങിയ പാലക്കാട് പട്ടാന്പി മുതുതല കൊഴിക്കോട്ടിരി സ്വദേശി കൂളിക്കുന്ന് വീട്ടിൽ പ്രവീണിന്റെ (45) മൃതദേഹം രാത്രിയോടെയാണു കൈമാറിയത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ പ്രവീണ്‍ മെഡിക്കൽ കോളജ് ബേണ്‍സ് ഐസിയുവിലായിരുന്നു. വാസുദേവൻ, സുവിൻ, സുദർശൻ എന്നിവരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച രാത്രി 12 മണിയോടെ ബന്ധുക്കൾക്കു വിട്ടുനൽകിയിരുന്നു.
തൃശൂർ തെക്കുംകര ചോരത്ത് അയ്യപ്പന്റെ മകൻ സി.എ. സുരേഷ് (50), തൃശൂർ കോട്ടപ്പുറം കമ്മത്ത് ലെയ്നിൽ അരങ്ങത്ത് ബാബുവിന്റെ മകൻ അഭിജിത്ത് (28), തൃശൂർ മനക്കൊടി കോലാട്ടുപുരയ്ക്കൽ വിജയന്റെ മകൻ വിഷ്ണു (35), കോട്ടപ്പുറം ചേലാട്ട് ലെയ്നിൽ പള്ളത്ത് കരുമാലിൽ മോഹനന്റെ മകൻ ഗിരീഷ് (42) എന്നിവരെ കാണാതായതായി രേഖപ്പെടുത്തിയിട്ടുണ്ട്. തിരിച്ചറിഞ്ഞില്ലെങ്കിലും പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹവും കണ്ടെത്തിയ മറ്റു ശരീരഭാഗങ്ങളും ഡിഎൻഎ പരിശോധനയ്ക്കു ശേഷമേ കൈമാറൂ.
മെഡിക്കൽ കോളജിലെത്തിച്ച ശരീരഭാഗങ്ങളിൽ കാണാതായവരുടേത് ഉണ്ടോയെന്ന് അറിയാനുള്ള പ്രത്യേക ഡിഎൻഎ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാന്പിൾ ശേഖരിച്ചു. ഡിഎൻഎ പരിശോധനയ്ക്കു സാധാരണയായി ഒരാഴ്ചയിലേറെ സമയം എടുക്കുമെങ്കിലും മുണ്ടത്തിക്കോട് അപകടം സവിശേഷ സാഹചര്യമായി കണക്കാക്കി രണ്ടുദിവസത്തിനകം ഫലം പുറത്തുവിടുമെന്നാണ് അധികൃതരുടെ ഉറപ്പ്. ഇതിനുശേഷം മൃതദേഹങ്ങളും ശരീരഭാഗങ്ങളും ബന്ധുക്കൾക്കു കൈമാറും.
Kerala
പരവൂര്‍: രാജ്യത്തെ നടുക്കിയ പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തത്തിന് നാളെ പത്ത് വയസ്. പുറ്റിംഗല്‍ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന വെടിക്കെട്ടിനിടെ ഉണ്ടായ സ്ഫോടനമാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചത്.
2016 ഏപ്രില്‍ 10ന് പുലര്‍ച്ചെ 3.11ന് ഉണ്ടായ സ്ഫോടനത്തില്‍ 110 പേര് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 656 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 500- ഓളം പേരുടെ പരിക്ക് ഗുരുതരമായിരുന്നു. ദുരന്തത്തില്‍ 358 വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. റവന്യു അധികൃതര്‍ കണക്കാക്കിയിട്ടുള്ള നഷ്ടം 2.58 കോടി രൂപയാണ്.
ദുരന്തം നടന്ന് 10 വര്‍ഷം കഴിയുമ്പോഴും സ്ഫോടനത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ആദ്യം ലോക്കല്‍ പോലീസ് ആണ് അന്വേഷണം നടത്തിയത്. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ക്രൈ ബ്രാഞ്ച് 1734/2023 എന്ന നമ്പരില്‍ ചാര്‍ജ് ചെയ്ത് അന്വേഷണം നടത്തി പരവൂര്‍ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇത് പിന്നീട് ജില്ലാ സെഷന്‍സ് കോടതിക്ക് കൈമാറുകയായിരുന്നു.
ക്രൈംബ്രാഞ്ച് നല്കിയ കുറ്റപത്രത്തില്‍ 59 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 15 പേര് മരണമടഞ്ഞു.കേസിലെ ഒന്ന്, മൂന്നു മുതല്‍ ഒമ്പത് വരെ, 11 മുതല്‍ 16 വരെ, 18 മുതല്‍ 21 വരെ പ്രതികള്‍ക്ക് എതിരേ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.
കേസില്‍ ഒന്നു മുതല്‍ 15 വരെയുള്ള പ്രതികള്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളാണ്. 16 മുതല്‍ 20 വരെയുള്ളവര്‍ കമ്പക്കാരാണ്. 21-ാം പ്രതി കമ്പത്തിന് നേതൃത്വം നല്കിയ വ്യക്തിയാണ്. 22 മുതല്‍ 25 വരെയും 28 മുതല്‍ 41 വരെയും 41 മുതല്‍ 55 വരെയുമുള്ള പ്രതികള്‍ കമ്പക്കാരുടെ തൊഴിലാളികളുമാണ്. 57 മുതല്‍ 59 വരെയുള്ള പ്രതികള്‍ കമ്പക്കാര്‍ക്ക് സ്ഫോടക വസ്തുക്കള്‍ വിതരണം ചെയ്തവരുമാണ്. ആയിരത്തിലധികം പേരെയാണ് കുറ്റപത്രത്തില്‍ സാക്ഷികളായി ഉള്‍പ്പെടുത്തിയിട്ടുള്ളത്.
വിചാരണയ്ക്ക് പ്രത്യേക കോടതി
കേസിന്റെ വേഗത്തിലുള്ള വിചാരണയ്ക്കായി സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം ഹൈക്കോടതി കൊല്ലത്ത് പ്രത്യേക കോടതി സ്ഥാപിച്ചു. കൊല്ലം ടി.എം. വര്‍ഗീസ് സ്മാരക ലൈബ്രറി ഹാളിലാണ് കോടതി പ്രവര്‍ത്തിക്കുന്നത്. കേസിന്റെ പ്രാരംഭ വിചാരണ നടപടികള്‍ ശനിയാഴ്ചകളില്‍ ഇവിടെയാണ് നടക്കുന്നത്. പ്രത്യേക കോടതി സ്ഥാപിച്ചെങ്കിലും സ്ഥിരം ജഡ്ജിയെ ഇതുവരെ നിയമിക്കാത്തത് വലിയ പോരായ്മയായി അവശേഷിക്കുന്നു.
കൊല്ലം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എം. സി. ആന്റണിക്കാണ് പ്രത്യേക കോടതിയുടെ താത്കാലിക ചുമതല നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന് മുമ്പാകെയാണ് ഇപ്പോള്‍ വിചാരണ നടപടികള്‍ നടന്നു വരുന്നത്.
അന്വേഷണ റിപ്പോര്‍ട്ടുകള്‍ ചുവപ്പുനാടയില്‍
ദുരന്ത കാരണം അന്വേഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തസ്ഥലം സന്ദര്‍ശിച്ചശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ജുഡീഷല്‍ അന്വേഷണമാണ് നടത്തിയത്. ഇരു കമ്മിറ്റികളും അന്വേഷണ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരുകള്‍ക്ക് കൈമാറിയെങ്കിലും തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല.
സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന് റവന്യു- പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ റിപ്പോര്‍ട്ടില്‍ എടുത്തു കാട്ടിയിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന അച്ചടക്ക നടപടികളും ശിപാര്‍ശ ചെയ്തിരുന്നു.
ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഇല്ലാതെയാണ് വെടിക്കെട്ട് നടന്നത്. അപകടം നടക്കുന്നതുവരെയും പോലീസ്, റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നു. വെടിക്കെട്ട് നിര്ത്തിവയ്പിക്കാന് ഇവര്‍ ചെറുവിരല്‍ പോലും അനക്കിയില്ലെന്നും ജുഡീഷല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് എതിരേയാണ് നടപടി വേണമെന്ന് കമ്മീഷന് ശിപാര്‍ശ ചെയ്തത്.
കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് സംഘവും പോലീസിന്റെയും റവന്യു അധികൃതരുടെയും വീഴ്ച അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയതുമില്ല.
National
മോത്തിഹാരി: ബിഹാറിലെ ഈസ്റ്റ് ചന്പാരൻ ജില്ലയിൽ വ്യാജ മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പതായി. ഇന്നവെ മൂന്നു പേരാണ് മരിച്ചത്.
വ്യാഴാഴ്ചയാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. തുർകൗലിയ, രഘുനാഥ്പുർ മേഖലകളിലാണ് മരണമുണ്ടായത്. 15 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഏഴു പേർ ആശുപത്രി വിട്ടു.
National
ന്യൂഡൽഹി: കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷനും നടനുമായ വിജയ്യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. രാവിലെ പത്തരയോടെ ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ ഏഴ് മണിക്കൂർ നീണ്ടു. മൂന്നാം തവണയാണ് വിജയ്യെ സിബിഐ ചോദ്യം ചെയ്തത്.
മുൻപ് ജനുവരി 12നും 19നും വിജയ് ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. അന്ന് നൽകിയ മൊഴിയിൽ കൂടുതൽ വ്യക്തത തേടിയാണ് സിബിഐ വീണ്ടും വിജയ്യെ ചോദ്യം ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 27നാണ് കരൂരിൽ വിജയ്യുടെ പാർട്ടിയായ ടിവികെ സംഘടിപ്പിച്ച പൊതുയോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ കൊല്ലപ്പെട്ടത്. പിന്നാലെ ഒരു മാസത്തിന് ശേഷം സുപ്രീം കോടതിയുടെ നിർദേശപ്രകാരം കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു.
Kerala
കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി തകർന്നുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ നാലായി. തിരുവങ്ങൂർ സ്വദേശി വിനോദ് ആണ് മരിച്ച നാലാമൻ.
അപകടത്തിൽ നട്ടെല്ലിനും തലയ്ക്കും ഗുരുതര പരിക്കേറ്റ വിനോദ്, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരിച്ചത്. ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ച മറ്റ് മൂന്നുപേർ.
അതേസമയം, സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കോഴിക്കോട് ടൗൺ പോലീസ് കേസെടുത്തിരുന്നു. വർഷങ്ങൾ പഴക്കമുളള പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണാണ് അപകടമുണ്ടായത്. നിലവിൽ ഒരാൾ കൂടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
District News
ഇടമൺ: കൊല്ലം-തിരുമംഗലം ദേശീയപാതയിലെ വാളക്കോട് മേൽപ്പാലത്തിലൂടെയുള്ള യാത്ര ദുരിതപൂർണമായി തുടരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് പണികഴിപ്പിച്ച ഇടുങ്ങിയ മേൽപ്പാലത്തിന് സമാന്തരമായി പാതയും കാൽനടയാത്രക്കാർക്കായി പ്രത്യേക നടപ്പാതയും നിർമിക്കുമെന്ന അധികൃതരുടെ ഉറപ്പുകൾ ഇന്നും ജലരേഖയായി അവശേഷിക്കുകയാണ്.
കഴിഞ്ഞ വർഷം പി.എസ്. സുപാൽ എംഎൽഎ, എൻ.കെ. പ്രേമചന്ദ്രൻ എംപി എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ പാലത്തിന്റെ ഇരുഭാഗങ്ങളിലും സമാന്തര പാത നിർമിക്കാൻ തീരുമാനമെടുത്തിരുന്നു.
ഇതിനായി റെയിൽവേ രണ്ടു കോടി രൂപ ചെലവഴിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയെങ്കിലും തുടർനടപടികൾ ചുവപ്പുനാടയിൽ കുടുങ്ങിയിരിക്കുകയാണ്.എട്ടുവർഷം മുൻപ് കൊല്ലം-ചെങ്കോട്ട റെയിൽവേ ഗേജ് മാറ്റ സമയത്ത് പാലം പുനർനിർമിക്കാൻ ശ്രമം നടന്നിരുന്നെങ്കിലും റെയിൽവേയും ദേശീയപാത വിഭാഗവും തമ്മിലുള്ള തർക്കം മൂലം അത് ഉപേക്ഷിക്കുകയായിരുന്നു.
ഗതാഗതക്കുരുക്ക്
നിലവിൽ ഒരു സമയം ഒരു വാഹനത്തിനു മാത്രം കടന്നുപോകാൻ കഴിയുന്ന വീതിയാണ് പാലത്തിനുള്ളത്. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിനു ചരക്ക് ലോറികളും അന്തർസംസ്ഥാന ബസുകളും നിത്യേന കടന്നുപോകുന്ന ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
വാഹനങ്ങൾ നിയന്ത്രിക്കാനായി കഴിഞ്ഞ വർഷം മുതൽ രണ്ടു സെക്യൂരിറ്റി ജീവനക്കാരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ശബരിമല സീസണിൽ അയ്യപ്പഭക്തർ മണിക്കൂറുകളോളം ഈ പാലത്തിൽ കുരുങ്ങി വലിയ ദുരിതമാണ് അനുഭവിച്ചത്.ടിബി ജംഗ്ഷനിൽ നിന്നും ആരംഭിച്ച് വട്ടപ്പട, പാപ്പന്നൂർ വഴി ഇടമൺ സത്രം ജംഗ്ഷനിൽ എത്തിച്ചേരുന്ന സമാന്തര പാത പ്രയോജനപ്പെടുത്തിയാൽ വാളക്കോട്ടെ കുരുക്കിനു പരിഹാരമാകും.
ഈ വഴിയിലൂടെ വാഹനങ്ങൾ വൺവേയായി തിരിച്ചുവിട്ടാൽ മേൽപ്പാലത്തിലെ തിരക്ക് ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.എന്നാൽ അധികൃതർ ഈ നിർദേശത്തോട് അനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നത്
National
ചെന്നൈ: കരൂർ ദുരന്തത്തിൽ വീണ്ടും ചോദ്യംചെയ്യലിനു സിബിഐ മുന്പാകെയെത്താൻ ഒരാഴ്ച സമയം അനുവദിക്കണമെന്ന് തമിഴകവെട്രി കഴകം (ടിവികെ) നേതാവായ സൂപ്പർതാരം വിജയ്. ദുരന്തവുമായി ബന്ധപ്പെട്ടുള്ള കേസിൽ ഒട്ടേറെ വീഴ്ചകളുണ്ടെന്നു ചൂണ്ടിക്കാട്ടിയ ടിവികെ നേതൃത്വം മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാൽ ചോദ്യംചെയ്യലിനു ഹാജരാകാൻ വിജയിന് ഒരാഴ്ചകൂടി സമയം നൽകണമെന്നും ആവശ്യപ്പെട്ടു.
പുതിയ ചിത്രം ജനനായകന്റെ റിലീസിംഗ്, പൊങ്കൽ തുടങ്ങിയവയാണു പരിപാടികളിൽ ചിലതെന്ന് ടിവികെ ജനറൽ സെക്രട്ടറി സിടിആർ നിർമൽ കുമാർ വ്യക്തമാക്കി. തിങ്കളാഴ്ച സിബിഐ മുന്‍പാകെ വിജയ് ഹാജരായിരുന്നു. കേസിൽ നിർമൽ കുമാറിനെ സിബിഐ ആറുമണിക്കൂറിലേറെ ചോദ്യംചെയ്തിരുന്നു. കഴിഞ്ഞവർഷം അവസാനം ടിവികെ നടത്തിയ റാലിക്കിടെ തിക്കിലും തിരക്കിലും 41 പേരാണ് മരണമടഞ്ഞത്.
National
ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്ത കേസിൽ ടിവികെ അധ്യക്ഷനും തമിഴ് സൂപ്പർതാരവുമായ വിജയ് തിങ്കളാഴ്ച സിബിഐയ്ക്ക് മുന്നിൽ ഹാജരാകും. ഡൽഹി സിബിഐ ഓഫീസാണ് വിജയ് ഹാജരാകുക.
നേരത്തെ ടിവികെ ഭാരവാഹികൾ ആയ ബുസി ആനന്ദ്, ആധവ് അർജുന, സിടിആർ നിർമൽകുമാർ, മതിയഴകൻ എന്നിവരെ സിബിഐ ചോദ്യം ചെയ്തിരുന്നു. ശനിയാഴ്ച ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള സംഘം വിജയ്യുടെ കാരവാനിൽ അടക്കം ഫോറൻസിക് പരിശോധന നടത്തിയിരുന്നു.
41 പേർ മരിച്ച ദുരന്തത്തിൽ, ടിവികെ അവശ്യപ്രകാരമാണ് സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. വിജയ് നായകനായ ജനനായകൻ സിനിമയ്ക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകണം എന്നാവശ്യപ്പെട്ടുള്ള അപ്പീലും തിങ്കളാഴ്ച സുപ്രീം കോടതിക്ക് മുന്നിൽ എത്തിയേക്കും.
National
ചണ്ഡിഗഡ്: സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതിനെത്തുടർന്ന് പഞ്ചാബിലെ ഫിറോസ്പുരിൽ യുവാവിന് ദാരുണാന്ത്യം. ധനി സുച്ച സ്വദേശിയായ ഹർപിന്ദർ സിംഗ് (30) ആണ് മരിച്ചത്.
വിദേശത്തെ ജോലി കഴിഞ്ഞ് അടുത്തിടെ നാട്ടിലെത്തിയ ഹർപിന്ദർ, വീട്ടിലെ സോഫയിൽ ബന്ധുവിനോടൊപ്പം സംസാരിച്ചിരിക്കുമ്പോഴാണ് അപകടം നടന്നത്. സോഫയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ അരയിൽ തിരുകിയിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാർ ഉടൻ തന്നെ ഹർപിന്ദറിനെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. രണ്ട് വയസുള്ള പെൺകുഞ്ഞിന്റെ പിതാവായ ഹർപിന്ദറിന്റെ ശവസംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ചയാണ് നടന്നത്. സംഭവത്തിന് പിന്നാലെ യുവാവിന്റെ കുടുംബാംഗങ്ങളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു.
National
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ സ്ലീപ്പർ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ ഭീകരമായ അപകടത്തിൽ 17 പേർ മരിച്ചതായി സംശയിക്കുന്നു.
വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഹിരിയൂരിന് സമീപം ദേശീയപാത 48ലാണ് നാടിനെ നടുക്കിയ ഈ ദുരന്തമുണ്ടായത്. ബെംഗളൂരുവിൽ നിന്ന് ഗോകർണത്തേക്ക് 29 യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി സെൻട്രൽ ഡിവൈഡർ മറികടന്ന് എതിർദിശയിൽ വരികയായിരുന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബസിന് ഉടൻ തന്നെ തീപിടിക്കുകയും നിമിഷങ്ങൾക്കുള്ളിൽ വാഹനം പൂർണമായും അഗ്നിക്കിരയാവുകയും ചെയ്തു. ബസിനുള്ളിൽ കുടുങ്ങിപ്പോയ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.
എന്നാൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഏഴു യാത്രക്കാർ അത്ഭുതകരമായി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ഇവർക്ക് ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂട്ടിയിടിയെത്തുടർന്നുണ്ടായ വൻ തീപിടുത്തമാണ് മരണസംഖ്യ ഉയരാൻ കാരണമായത്.
സ്ലീപ്പർ കോച്ചിനുള്ളിൽ പലരും ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു ദുരന്തം. ചിത്രദുർഗ പോലീസ് സൂപ്രണ്ട് രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.
നിലവിൽ ഹിരിയൂർ റൂറൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധനകൾ പൂർത്തിയാക്കിയ ശേഷമേ ഔദ്യോഗികമായ മരണസംഖ്യ സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് അധികൃതർ അറിയിച്ചു.